'ലൗ ജിഹാദ് ഇല്ലെന്ന് പൊലീസും എൻഐഎയും വ്യക്തമാക്കിയതാണ്, അവർക്കറിയാത്തത് മെത്രാന്മാർ എങ്ങനെയറിഞ്ഞു?'; പി.സി ജോർജിനെ പിന്തുണച്ച സഭയെ തള്ളി ഫാ. പോൾ തേലക്കാട്ട്

'മുസ്‌ലിം വൈരം സൃഷ്ടിക്കുന്ന കാസ പോലുള്ള സംഘടനകളെ ഗൗരവത്തോടെ കാണാനും നിയന്ത്രിക്കാനും ശ്രമിക്കണം. ക്രിസ്ത്യൻ പെൺകുട്ടികളുടെ വിവാഹപ്രായം തീരുമാനിക്കാൻ പിസി ജോർജിന് എന്താണ് ഉത്തരവാദിത്തം?'

Update: 2025-03-17 06:35 GMT
Fr. Paul Thelakat Against Syro Malabar Church over Support to  PC George on Love Jihad Statement
AddThis Website Tools
Advertising

തിരുവനന്തപുരം: ബിജെപി നേതാവ് പി.സി ജോർജിന്റെ ലൗജിഹാദ് കുപ്രചാരണത്തെയും അതിനെ പിന്തുണച്ച സിറോ മലബാർ സഭയെയും തള്ളി മുൻ വക്താവ് ഫാദർ പോൾ തേലക്കാട്ട്. ലൗജിഹാദ് ഇല്ലെന്ന് പൊലീസും എൻഐഎയും തന്നെ കോടതികളിൽ സത്യവാങ്മൂലം നൽകിയതാണ്. അവർക്കറിയാത്ത ലൗ ജിഹാദ് ഉണ്ടെന്ന് മെത്രാന്മാർ എങ്ങനെയറിഞ്ഞെന്നും പി.സി ജോർജിന്റെ നിലപാടിനെ പിന്താങ്ങിയ സിറോ മലബാർ സഭാ നിലപാടിൽ ആശ്ചര്യവും സങ്കടവുമുണ്ടെന്നും ഫാ. പോൾ തേലക്കാട്ട് പറഞ്ഞു. സുസ്ഥിരത തകർത്ത് സാമൂഹികവും മതപരവുമായി വെറുപ്പും വിദ്വേഷവും ഉണ്ടാക്കാൻ ശ്രമിക്കുന്നത് കുറ്റകരവും ഉത്തരവാദിത്തരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ക്രിസ്ത്യാനികൾ ആരുമായും വെറുപ്പിനും വൈരത്തിനും പോവരുത്. പിതാക്കന്മാരും അച്ചന്മാരും കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ പെരുമാറണം. വൈരത്തിന്റെ ഭാഷയല്ല, സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റേയും ഭാഷ പറയണം. അതല്ലാത്തത് മാർപ്പാപ്പ പറയുന്നതിന് വിരുദ്ധമാണ്. മതത്തിന്റെ ആളുകളായി സംസാരിക്കുന്നവർ സമൂഹത്തിലെ സ്പന്ദനങ്ങൾ മനസിലാക്കാനും സമാധാനമുണ്ടാക്കാനും വൈരമുണ്ടാക്കാതിരിക്കാനും ബോധപൂർവം ശ്രമിക്കേണ്ടതാണ്. പക്ഷേ അങ്ങനെ ശ്രമിക്കുന്നില്ല എന്നത് കുറ്റകരമാണെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യൻ പെൺകുട്ടികളുടെ വിവാഹപ്രായം തീരുമാനിക്കാനുള്ള എന്ത് ഉത്തരവാദിത്തമാണ് പിസി ജോർജിനുള്ളതെന്നും ക്രൈസ്തവ കുടുംബങ്ങളിലെ അന്തരീക്ഷം വഷളാക്കാൻ എന്തിനാണ് ജോർജ് ശ്രമിക്കുന്നതെന്നും ഫാദർ പോൾ തേലക്കാട്ട് ചോദിച്ചു. ന്യൂസ് 18 ക്യൂ-18ലായിരുന്നു ഫാ. പോൾ തേലക്കാട്ടിന്റെ പ്രതികരണം.

മുസ്‌ലിം വൈരം സൃഷ്ടിക്കുന്ന കാസ പോലുള്ള സംഘടനകളെ ഗൗരവത്തോടെ കാണാനും നിയന്ത്രിക്കാനും ശ്രമിക്കണം. വൈരത്തിന്റെയും വെറുപ്പിന്റെയും അന്തരീക്ഷമുണ്ടാക്കാൻ ശ്രമിക്കുന്ന വർഗീയശക്തികളെ നിരുത്സാഹപ്പെടുത്തണം. തീവ്രവാദ വികാരമുയർത്തുന്ന സംഘടനകൾക്ക് സഭയുടെ അകത്തുനിന്ന് പിന്തുണ കിട്ടുന്നുണ്ടോ എന്ന ചോദ്യത്തിന്, അങ്ങനെ പിന്തുണ കിട്ടുന്നുണ്ടെന്ന് സംശയിക്കാവുന്ന സാഹചര്യമാണ് ഉള്ളതന്നെ് അദ്ദേഹം മറുപടി നൽകി. അതല്ലെങ്കിൽ ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും അതാവർത്തിക്കുകയും ചെയ്യുന്നത് കുറ്റകരമാണെന്ന് തിരിച്ചറിയാനാവാത്തത് എന്തുകൊണ്ടാണെന്നും ഫാ. പോൾ തേലക്കാട്ട് ചോദിച്ചു. ബിജെപി മുസ്‌ലിംകളെ എതിർക്കുകയും വെറുക്കുകയും ചെയ്യുന്ന പാർട്ടിയാണെന്നും അവർക്ക് കേരളത്തിൽ അധികാരം പിടിക്കാൻ സുറിയാനി ക്രിസ്ത്യാനികളെ വശീകരിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫാ. പോൾ തേലക്കാട്ടിന്റെ വാക്കുകൾ:

'ലൗ ജിഹാദ് കേരളത്തിൽ ഇല്ലെന്ന് ജേക്കബ് പുന്നൂസ് സംസ്ഥാന ഡിജിപിയായിരുന്നപ്പോൾ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുള്ളതാണ്. ഹാദിയ കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സുപ്രിംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞത് അങ്ങനൊരു വ്യവസ്ഥാപിതമായ പരിപാടിയില്ലെന്നാണ്. അത്തരം സംഘടിതമായുള്ള ഗൂഢപ്രവർത്തനമോ സംഘമോ മതത്തിൽ ഇല്ലെന്ന് പൊലീസും അന്വേഷണ സംഘങ്ങളും വ്യക്തമാക്കിയതാണ്. ഇതിനപ്പുറത്തേക്ക് ഇങ്ങനെയുണ്ടെന്ന് പറയാൻ ഇവിടുത്തെ ക്രിസ്ത്യാനികൾക്ക് എന്തെങ്കിലും കാരണമമുണ്ടെങ്കിൽ അത് പൊലീസിനോട് പറയണം. അല്ലാതെ സമൂഹത്തിൽ പറഞ്ഞ് സുസ്ഥിരത തകർത്ത് സാമൂഹികവും മതപരവുമായി വെറുപ്പും വിദ്വേഷവും ഉണ്ടാക്കാൻ ശ്രമിക്കുന്നത് കുറ്റകരമാണ്. ഉത്തരവാദിത്തരഹിതമാണ്'.

'2020 ജനുവരിയിൽ സിറോ മലബാർ സഭ സിനഡ് തന്നെ ഇതുസംബന്ധിച്ച് ഒരു പ്രസ്താവനയിറക്കിയിട്ടുണ്ട്. അതൊക്കെ ഉത്തരവാദിത്തരാഹിത്യമാണ്. അങ്ങനെ പരസ്പരം അകറ്റാനും മതവൈരമുണ്ടാക്കാനും ശ്രമിക്കുന്നത് അപകടകരമാണെന്ന് തിരിച്ചറിയണം. മതങ്ങളും സമുദായങ്ങളും തമ്മിൽ പരസ്പരം വൈരമുണ്ടാകരുത്, കലഹമുണ്ടാകരുത്, അത് സമൂഹത്തിന്റെയും ലോകത്തിന്റേയും സമാധാനത്തിന് ഹാനികരമാണെന്ന് മനസിലാക്കിയ മാർപ്പാപ്പ മുസ്‌ലിം സമുദായവുമായി നല്ല ബന്ധമുണ്ടാക്കാൻ ശ്രമിക്കുകയാണ്. അതിനുള്ള ഉടമ്പടികളും പ്രവർത്തനങ്ങളും നടത്തുന്നു. അങ്ങനെയുള്ള പശ്ചാത്തലത്തിൽ മെത്രാൻമാരും നേതാക്കളും കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ ഈ വിഷയം കൈകാര്യം ചെയ്യണം'.

'പി.സി ജോർജിന്റെ നിലപാടിനെ പിന്താങ്ങിയ സിറോ മലബാർ സഭാ നിലപാടിൽ ആശ്ചര്യവും സങ്കടവുമുണ്ട്. ലൗ ജിഹാദ് ഉണ്ടെന്നു പറഞ്ഞ് 2020 ജനുവരി 14ന് ഒരു പ്രസ്താവനയിറക്കി. പൊലീസിനും എൻഐഎയ്ക്കും അറിയാത്ത ലൗ ജിഹാദ് ഉണ്ടെന്ന് ഈ മെത്രാന്മാർ എങ്ങനെയാണ് അറിഞ്ഞത്? മതത്തിന്റെ ആളുകളായി സംസാരിക്കുന്നവർ സമൂഹത്തിലെ സ്പന്ദനങ്ങൾ മനസിലാക്കാനും സമാധാനമുണ്ടാക്കാനും വൈരമുണ്ടാക്കാതിരിക്കാനും ബോധപൂർവം ശ്രമിക്കേണ്ടതാണ്. പക്ഷേ അങ്ങനെ ശ്രമിക്കുന്നില്ല എന്നത് കുറ്റകരമാണ്'.

'ക്രിസ്ത്യാനികൾ ആരുമായും വെറുപ്പിനും വൈരത്തിനും പോവരുത്. ഇസ്‌ലാം മതവിശ്വാസികളും ഹിന്ദുക്കളുമായുമെല്ലാം സൗഹാർദത്തിൽ ജീവിക്കുകയാണ് വേണ്ടത്. അതിന് വിരുദ്ധമാവാതെ പിതാക്കന്മാരും അച്ചന്മാരും കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ പെരുമാറണം. വൈരത്തിന്റെ ഭാഷയല്ല, സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റേയും ഭാഷ പറയണം. അതല്ലാത്തത് മാർപ്പാപ്പ പറയുന്നതിന് വിരുദ്ധമാണ്'.

'പി.സി ജോർജ് ഇതിനു മുമ്പും പല പ്രസ്താവനകളും നടത്തിയിട്ടുണ്ട്. സ്ത്രീ പുരുഷന്മാർ സമത്വമുള്ളവരായി ഈ സമൂഹത്തിൽ ജീവിക്കുന്നവരാണ്. അവർക്ക് അവരുടെ അവകാശങ്ങളുണ്ട്. പഠിക്കാനും വളരാനുമുള്ള എല്ലാ സാഹചര്യങ്ങളുമുണ്ട്. അവരുടെ കല്യാണക്കാര്യം അവരും കുടുംബവുമാണ് തീരുമാനിക്കേണ്ടത്. അത് കെട്ടിയേൽപ്പിക്കേണ്ട കാര്യമല്ല. ഇത്ര പ്രായത്തിൽ കല്യാണം കഴിക്കണമെന്നുള്ള കൽപനയിറക്കാൻ പി.സി ജോർജിന് എന്താണ് ഉത്തരവാദിത്തം? ക്രൈസ്തവ കുടുംബങ്ങളിലെ അന്തരീക്ഷം വഷളാക്കാൻ എന്തിനാണ് പി.സി ജോർജ് ശ്രമിക്കുന്നത്?'

'കാസ പോലുള്ള മുസ്‌ലിം വൈരം സൃഷ്ടിക്കുന്ന സംഘടനകൾ ഇവിടെ വളരുന്നുണ്ട്. അത് ഗൗരവത്തോടെ കാണാനും നിയന്ത്രിക്കാനും ശ്രമിക്കണം. വൈരത്തിന്റെയും വെറുപ്പിന്റെയും അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയപാർട്ടികളുടെ ചട്ടുകമാവാതെ വിവേകപൂർവം വർത്തിക്കാനും നേർവഴിക്ക് നടത്താനും ശ്രമിക്കേണ്ടവർ തന്നെ വഴിതെറ്റുന്ന അന്തരീക്ഷമുണ്ടാകുന്നത് നിർഭാഗ്യകരമാണ്. ഇത്തരം നീക്കങ്ങളെ ക്രൈസ്തവ സമൂഹം തിരിച്ചറിയണം. എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറാൻ ശ്രമിക്കണം. വൈരത്തിന്റെയും വെറുപ്പിന്റെയും അന്തരീക്ഷമുണ്ടാക്കാൻ ശ്രമിക്കുന്ന വർഗീയശക്തികളെ നിരുത്സാഹപ്പെടുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്'.

'ബിജെപി മുസ്‌ലിംകളെ എതിർക്കുകയും വെറുക്കുകയും ചെയ്യുന്നൊരു പാർട്ടിയാണ്. ബിജെപിയെ പോലൊരു ഹിന്ദുത്വ പാർട്ടിക്ക് കേരളത്തിൽ അധികാരത്തിൽ വരണമെങ്കിൽ, ഒരു ന്യൂനപക്ഷത്തിന്റെ സഹകരണം വേണമെന്നാണ് അവർ മനസിലാക്കിയിട്ടുള്ളത്. അതിനായി സുറിയാനി ക്രിസ്ത്യാനികളെ വശീകരിക്കാനുള്ള ശ്രമം ഉണ്ടോയെന്ന് ഗൗരവമായി ആശങ്കപ്പെടുന്ന മനുഷ്യനാണ് താൻ. അത് സംഭവിക്കാൻ സാധ്യതയില്ലെന്ന് പറയാനാവില്ല. അതിന്റെ ലക്ഷണങ്ങൾ കാണുന്നുണ്ട്. ആ വഴിയിൽ ചെന്ന് വീഴാതിരിക്കാനുള്ള വിവേകം സഭാ നേതാക്കൾക്കുണ്ടാവണം. അത് അപകടത്തിന്റെ വഴിയാണെന്ന് തിരിച്ചറിയണം'.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News