ഒന്നിന് 2500 രൂപ; കിഴക്കമ്പലത്ത് സ്ട്രീറ്റ് ലൈറ്റിന് പണം പിരിച്ച് ട്വന്‍റി 20
കിറ്റെക്സ് കമ്പനിയുടെ ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ പണപ്പിരിവ്. ഒരു സ്ട്രീറ്റ് ലൈറ്റിന് 2500 രൂപ വീതമാണ് ട്വന്റി 20 പിരിച്ചെടുക്കുന്നത്. തെരുവ് വിളക്കുകളുടെ പേരില്‍ അനുവാദമില്ലാതെ പൊതുജനങ്ങളില്‍ നിന്ന് പണം പിരിക്കുന്നതിനെതിരെ കെ.എസ്.ഇ.ബി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
ട്വന്റി 20 ഭരിക്കുന്ന കിഴക്കമ്പലം അടക്കമുള്ള 5 പഞ്ചായത്തുകളില്‍ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കാനാണ് പൊതു ജനങ്ങളില്‍ നിന്ന് പിരിവ് നടത്തുന്നത്. സ്ട്രീറ്റ് ലൈറ്റ് ചലഞ്ച് എന്ന പേരിലാണ് പണപ്പിരിവ്. ഫെബ്രുവരി 3 വരെയുള്ള കണക്ക് പ്രകാരം 14 ലക്ഷത്തി 27000 രൂപ പിരിച്ചെടുത്തു. 571 സ്ട്രീറ്റ് ലൈറ്റുകള്‍ക്കുള്ള തുക ലഭിച്ചതായി ട്വന്റി 20 അറിയിച്ചു. ഉന്നത നിലവാരമുള്ള ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കാനാണ് പണപ്പിരിവ് നടത്തുന്നതെന്നാണ് ട്വന്റി 20 പറയുന്നത്.
സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ നടത്തുന്ന അനധികൃത പണപ്പിരിവിനെതിരെ കെ.എസ്.ഇ.ബി കിഴക്കമ്പലം സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ പൊലീസില്‍ പരാതി നല്‍കി. വൈദ്യുതി പോസ്റ്റുകളില്‍ വഴി വിളക്കുകള്‍ സ്ഥാപിക്കുന്നതിനോ പണപിരിവ് നടത്തുന്നതിനോ കെ.എസ്.ഇ.ബി യുടെ അനുമതിയില്ലെന്ന് പരാതിയില്‍ ചൂണ്ടികാണിക്കുന്നു.
കിറ്റെക്സ് ചെയര്‍മാന്‍ സാബു എം ജേക്കബ് പൊതുജനങ്ങളുടെ പണം തട്ടിയെടുക്കാനാണ് ലക്ഷ്യമിടുന്നതെന്നും പരാതിയില്‍ ആക്ഷേപമുണ്ട്. ട്വന്റി 20 കിഴക്കമ്പലം അസോസിയേഷന്റെ ബാങ്ക് അക്കൌണ്ടിലേക്കാണ് പിരിച്ചെടുത്ത പണം നിക്ഷേപിക്കുന്നത്. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷവും പഞ്ചായത്തിന്റെ ഫണ്ടില്‍ 13 കോടി രൂപ ബാക്കിയുണ്ടെന്ന് തെരഞ്ഞെടുപ്പ് വേളയില്‍ കിറ്റെക്സ് ചെയര്‍മാന്‍ അവകാശപ്പെട്ട കിഴക്കമ്പലം പഞ്ചായത്തിലും സ്ട്രീറ്റ് ലൈറ്റിനായി പണപ്പിരിവ് നടക്കുന്നുണ്ട്.
News Summary :Fundraising for installation of street lights in Twenty20 governing panchayats