ഗാന്ധിവധം; കെ.ആർ മീര പറഞ്ഞത് ശുദ്ധ അസംബന്ധമെന്ന് ബെന്യാമിൻ; അപ്പക്കഷ്ണങ്ങൾ മോഹിച്ചു പ്രസ്താവന നടത്തിയിട്ടില്ലെന്ന് മീര

ഏത് രീതിയിൽ വിമർശിക്കണമെന്നുമുള്ള വിവരമില്ലായ്മ ആണ് പോസ്റ്റെന്നും അത് ഗുണം ചെയ്യുന്നത് സംഘപരിവാറിന് ആണെന്ന ബെന്യാമിന്റെ വിമർശനത്തിന് മറുപടിയുമായി മീര രംഗത്തെത്തി

Update: 2025-02-01 04:07 GMT
ഗാന്ധിവധം; കെ.ആർ മീര പറഞ്ഞത് ശുദ്ധ അസംബന്ധമെന്ന് ബെന്യാമിൻ;  അപ്പക്കഷ്ണങ്ങൾ മോഹിച്ചു പ്രസ്താവന നടത്തിയിട്ടില്ലെന്ന് മീര
AddThis Website Tools
Advertising

തിരുവനന്തപുരം: ഗാന്ധിവധത്തിൽ ഹിന്ദുമഹാസഭയ്ക്കൊപ്പം കോൺഗ്രസിനെതിരെയും വിമർശനമുന്നയിച്ച ​സാഹിത്യകാരി കെ.ആർ മീരക്കെതിരെ രൂക്ഷവിമർശനവുമായി സാഹിത്യകാരൻ ബെന്യാമിൻ.

‘ഗോഡ്സെയെ ആദരിച്ച് ഹിന്ദു മഹാസഭ’ എന്ന വാർത്തയുടെ ചിത്രം ‘തുടച്ചുനീക്കാൻ കോൺഗ്രസുകാർ പത്തെഴുപത്തിയഞ്ചുകൊല്ലമായി ശ്രമിക്കുന്നു. കഴിഞ്ഞിട്ടില്ല. പിന്നെയാണു ഹിന്ദുസഭ’ എന്ന കുറിപ്പോടെയാണ് മീര പങ്കുവെച്ചത്. ഇതിനെതിരെ രൂക്ഷവിമർശനവുമായി ബെന്യാമിൻ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ബെന്യാമിന്റെ വിമർശനങ്ങളോട് രൂക്ഷമായ രീതിയിൽ പ്രതികരിച്ച് കെ.ആർ മീര വീണ്ടും രംഗത്തെത്തി.

 

കെ.ആർ മീര പറഞ്ഞത് ശുദ്ധ അസംബന്ധമാണെന്നും വിവരമില്ലായ്മ ആണ് പോസ്റ്റെന്നും വിമർശിച്ചാണ് ബെന്യാമിൻ രംഗത്തെിയത്. മീരയുടെ പോസ്റ്റ് ഗുണം ചെയ്യുന്നത് സംഘപരിവാറിന് ആണെന്നും അതറിയാഞ്ഞിട്ടല്ല​ അറിഞ്ഞു കൊണ്ടാണ് മീര എഴുതുന്നതെന്നും അത് അപകടമാണെന്നും ബെന്യാമിൻ വിശദീകരിച്ചു. 

ബെന്യാമിന്റെ പോസ്റ്റിന്റെ പൂർണരൂപം: ‘കെ.ആർ മീര പറഞ്ഞത് ശുദ്ധ അസംബന്ധം. ഏത് എതിനോട് താരതമ്യം ചെയ്യണമെന്നും ആരെ ഏത് രീതിയിൽ വിമർശിക്കണം എന്നുമുള്ള വിവരമില്ലായ്മ ആണ് പോസ്റ്റ്‌. അത് ഗുണം ചെയ്യുന്നത് സംഘപരിവാറിന് ആണെന്ന് അറിയാതെ അല്ല. അറിഞ്ഞു കൊണ്ട് എഴുതുന്നതാണ് അപകടം.’

 

ബെന്യാമിന്റെ പോസ്റ്റിന് മറുപടിയായി മീര സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിങ്ങനെയാണ്:

‘ഗാന്ധിനിന്ദയ്ക്ക് എതിരേ ശക്തമായി പ്രതിഷേധിക്കാൻ പോലും ചങ്കുറപ്പില്ലാതെ എന്റെ പോസ്റ്റിനെ ശുദ്ധ അസംബന്ധം എന്നു പറയുന്ന ബെന്യാമിന്റെ വിവരമില്ലായ്മയെക്കുറിച്ച് എനിക്കും ധാരാളം പറയാനുണ്ട്. എന്നെ സംഘപരിവാറായി അവതരിപ്പിക്കാനുള്ള ബെന്യാമിന്റെ ശ്രമം സംഘപരിവാറിനെ സഹായിക്കാനുള്ള പദ്ധതി മാത്രമാണ്. അന്നും ഇന്നും എന്റെ നിലപാടുകളിൽനിന്നു ഞാൻ അണുവിട മാറിയിട്ടില്ല.

ഞാൻ ഒരു രാഷ്ട്രീയപാർട്ടിയുടെയും അപ്പക്കഷ്ണങ്ങൾ മോഹിച്ചു പ്രസ്താവന നടത്തിയിട്ടുമില്ല. എന്നെ വിമർശിക്കുന്നതുവഴി കോൺഗ്രസുകാരെയും സംഘപരിവാറുകാരെയും സുഖിപ്പിച്ച് അവരിൽനിന്നു കിട്ടാനുള്ള അപ്പക്കഷ്ണങ്ങൾകൂടി പോരട്ടെ എന്നാണു ബെന്യാമിന്റെ നിലപാട് എന്നു തോന്നുന്നു. ഞാനാണു മഹാ പണ്ഡിതൻ, ഞാനാണു മഹാമാന്യൻ, ഞാനാണു സദാചാരത്തിന്റെ കാവലാൾ എന്നൊക്കെ മേനി നടിക്കുന്നതുകൊള്ളാം. കൂടുതൽ എഴുതുന്നില്ല.’

 

കെ.ആർ മീരയുടെ പോസ്റ്റിനെതിരെ കോൺഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു.

‘ഫിക്ഷൻ എഴുതാൻ നിങ്ങൾക്ക് നല്ല കഴിവുണ്ട്, ഈ പോസ്റ്റിലും അത് കാണാൻ കഴിയുന്നു’ എന്നായിരുന്നു ടി.സിദ്ദീഖ് എംഎൽഎ ​മീരയുടെ പോസ്റ്റിനിട്ട കമന്റ്.

കെപിസിസി വൈസ് പ്രസിഡന്റ് വി.ടി ബൽറാമും പ്രതികരണവുമായി രംഗത്തെത്തി.

‘അക്ഷരം തെറ്റാതെയും വാക്കുകൾ വിഴുങ്ങാതെയും കൃത്യമായിത്തന്നെ പറയട്ടെ,ഗാന്ധിയേയും അദ്ദേഹത്തിന്റെ ആശയങ്ങളേയും തുടച്ചുനീക്കാൻ പത്തെഴുപത്തിയഞ്ചല്ല, കൃത്യം നൂറ് കൊല്ലമായി ശ്രമിക്കുന്ന സംഘടനയുടെ പേര് ആർഎസ്എസ് എന്നാണ്. രാഷ്ട്രീയ സ്വയംസേവക സംഘം എന്നാണ്.

ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്സേ ഇതേ ആർഎസ്എസിലൂടെ വളർന്ന് ഹിന്ദുമഹാസഭയിലെത്തിയ ഹിന്ദുത്വവാദിയാണ്. വീണ്ടും അക്ഷരപ്പിശക് ഉണ്ടാവരുത്: ഹിന്ദുസഭയല്ല, ഹിന്ദു മഹാസഭ എന്നാണ് ആ സംഘടനയുടെ പേര്. നിർമ്മൽ ചന്ദ്ര ചാറ്റർജി എന്നയാളൊക്കെയായിരുന്നു അന്ന് ആ സംഘടനയുടെ അഖിലേന്ത്യാ നേതൃത്വത്തിലുണ്ടായിരുന്നത്. ഗാന്ധി വധത്തിന് ശേഷവും ഹിന്ദു മഹാസഭയുടെ പേരിൽ 1952ൽ പാർലമെന്റംഗമായ ഇദ്ദേഹത്തിന് ശേഷം 1971ൽ ആ സീറ്റിൽ മകൻ സോമനാഥ് ചാറ്റർജി ലോക്‌സഭയിലേക്ക് ജയിച്ചു.

സംഘികളോ അവർക്ക് വേണ്ടി കുഴലൂത്ത് നടത്തുന്ന മലയാളത്തിലെ പിണറായിസ്റ്റ് എഴുത്തുജീവികളോ എന്തുതന്നെ അധിക്ഷേപിച്ചാലും എത്രതന്നെ ആക്രമിച്ചാലും മഹാത്മാഗാന്ധി പ്രസിഡണ്ടായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസ്ഥാനം ഇവിടെത്തന്നെയുണ്ടാവും, ഇന്ത്യയിലെ 142 കോടി മനുഷ്യർക്കൊപ്പം.’

പോസ്റ്റിനെതിരെ രൂക്ഷവിമർശനമുയർന്നതോടെ മീര മറ്റൊരു​കുറിപ്പും സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. അതിന്റെ പൂർണരൂപം ‘1857 മേയ് പത്തിന് ഇന്ത്യയിലെ ഒന്നാം സ്വാതന്ത്ര്യസമരം ആരംഭിച്ച മീററ്റിൽവച്ച് , ഗാന്ധിജിയുടെ രക്തസാക്ഷിദിനത്തിൽ, ഗാന്ധിസത്തെയും ഗാന്ധിജിയുടെ ആത്മാവിനെയും ഇന്ത്യയിൽനിന്നു തുടച്ചു നീക്കണമെന്ന് പരസ്യമായി ആഹ്വാനം ചെയ്തതിനെതിരേ ഞാൻ എഴുതിയ പോസ്റ്റിനു താഴെ അശ്ലീല കമന്റുകൾ എഴുതാനല്ലാതെ, ആ സംഘടനയ്ക്കെതിരേ ഒരക്ഷരംമിണ്ടാൻ ധൈര്യമില്ലാത്തവരോടു മഹാത്മാവേ, പൊറുക്കണേ.

 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News