ബിജെപി നേതാക്കൾക്കൊപ്പമിരുന്ന് വിഷു സദ്യയുണ്ട് ഗീവർഗീസ് മാർ യൂലിയോസ്
നേരത്തെ ഇദ്ദേഹം നടത്തിയ ബിജെപി-ആർഎസ്എസ് അനുകൂല പ്രസ്താവനകൾ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു
തൃശൂർ: ബി.ജെ.പി നേതാവ് എൻ ഹരിയുടെ വീട്ടിലെത്തി വിഷുസദ്യയുണ്ട് കുന്നംകുളം മെത്രാപോലീത്ത ഗീവർഗീസ് മാർ യൂലിയോസ്. സന്ദർശനത്തിൽ രാഷ്ട്രീയമില്ലെന്നും ഒരു രാഷ്ട്രീയപ്പാർട്ടിയുമായും കൂടുതൽ അകലമോ അടുപ്പമോ ഇല്ലെന്നും മെത്രാപോലീത്ത പറഞ്ഞു. നേരത്തെ ഇദ്ദേഹം നടത്തിയ ബിജെപി-ആർഎസ്എസ് അനുകൂല പ്രസ്താവനകൾ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് മെത്രാപോലീത്ത ബിജെപി നേതാവിന്റെ വീട്ടിലെത്തിയത്.
'ക്ഷണിച്ചതിന്റെ ഭാഗമായാണ് എത്തിയത്. റബർ ബോർഡിന്റെ ചെയർമാനും ഇവിടെ എത്തിയിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം വിഷുവിന്റെ നാടൻ ഭക്ഷണം കഴിക്കാൻ കഴിഞ്ഞു. കാർഷികോത്സവമാണ് വിഷു.
ഈസ്റ്റർ കഴിഞ്ഞു പോയി. ഇപ്പോൾ വിഷു. ഇനി നോമ്പു കഴിഞ്ഞ് പെരുന്നാൾ വരുന്നു. എല്ലാവരെയും ആദരിക്കാനും ബഹുമാനിക്കാനും ആകണം. സത്യം ഒന്നേയുള്ളൂ. അത് പണ്ഡിതന്മാർ വിവിധങ്ങളായി വ്യാഖ്യാനിക്കുന്നു. ആ ഏക നന്മയിലേക്ക് ഒന്നിച്ചുവരുവാൻ ഇങ്ങനെയുള്ള ഉത്സവങ്ങൾ കാരണമായിത്തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.' - മെത്രാപോലീത്ത പറഞ്ഞു. ഏതെങ്കിലും മതവിഭാഗത്തോടോ പ്രത്യേക രാഷ്ട്രീയപ്പാർട്ടിയോടോ ശത്രുതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിക്ക് മാത്രം അയിത്തം കാണുന്നില്ലെന്നും ആർഎസ്എസിന് കുറേ നല്ല കാര്യങ്ങളുണ്ട് എന്നുമായിരുന്നു നേരത്തെ മെത്രാപോലീത്ത നടത്തിയ പ്രസ്താവന.