'കേന്ദ്രമന്ത്രി ജോർജ് കുര്യൻ മാപ്പ് പറയണം, ഡിവൈഎഫ്‌ഐ വ്യാപക പ്രതിഷേധം സംഘടിപ്പിക്കും': എ.എ റഹീം എംപി
ആത്മാഭിമാനമുള്ള മലയാളിക്ക് ബിജെപിക്കാരനായി തുടരാനാകില്ലെന്നും എ.എ റഹീം എംപി


ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിനെ ന്യായീകരിച്ച കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ പ്രസ്താവന അങ്ങേയറ്റം ലജ്ജാകരമെന്ന് എ.എ റഹീം എംപി. ജോർജ് കുര്യൻ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും എ.എ റഹീം പറഞ്ഞു.
'കേരളത്തിൽ ജോർജ് കുര്യനെതിരെ ഡിവൈഎഫ്ഐ വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. ആത്മാഭിമാനമുള്ള മലയാളിക്ക് ബിജെപിക്കാരനായി തുടരാനാകില്ല. എന്താണ് കേരളത്തിനുള്ള അയോഗ്യതയെന്ന് ബിജെപി വ്യക്തമാക്കണം.
രാഷ്ട്രീമായി എന്ത് എതിർപ്പാണ് ബിജെപിക്ക് കേരളത്തോട് ഉള്ളത്'- എഎ റഹീം ചോദിച്ചു. പ്രൗഡ് കേരള എന്ന ക്യാമ്പിനുമായി ഡിവൈഎഫ്‌ഐ രംഗത്തുണ്ടാകുമെന്നും റഹീം കൂട്ടിച്ചേർത്തു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാൽ കൂടുതൽ സഹായം നൽകാമെന്നായിരുന്നു കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ വിവാദ പരാമര്‍ശം. പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്കാണ് സഹായം ആദ്യം നൽകുന്നത്. കേന്ദ്രബജറ്റിൽ വയനാടിനു സഹായം പ്രഖ്യാപിക്കാത്തതിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മന്ത്രി ജോർജ് കുര്യന്റെ മറുപടി.
‘‘കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിക്കൂ. കേരളം മറ്റു സംസ്ഥാനങ്ങളേക്കാൾ വിദ്യാഭ്യാസപരമായി പിന്നാക്കമാണ്, സാമൂഹികമായി പിന്നാക്കമാണ്, അടിസ്ഥാന സൗകര്യമേഖലയിൽ പിന്നാക്കമാണ് എന്നു പറഞ്ഞു കഴിഞ്ഞാൽ അതു കമ്മിഷൻ പരിശോധിക്കും. പരിശോധിച്ചു കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകും.’’ –ഇങ്ങനെയായിരുന്നു ജോര്‍ജ് കുര്യന്റെ പ്രസ്താവന.
Watch Video