ബിഷപ്പുമായി നല്ല ബന്ധം; വന്യജീവി ആക്രമണത്തിൽ കേന്ദ്രനിയമത്തിന് വിധേയമായേ പ്രവർത്തിക്കാനാവൂ: മന്ത്രി
നിയമഭേദഗതിക്കായി കേന്ദ്രത്തെ സമീപിക്കും.
തിരുവനന്തപുരം: വന്യജീവി ആക്രമണങ്ങളിൽ കേന്ദ്ര നിയമത്തിന് വിധേയമായി മാത്രമേ സംസ്ഥാനത്തിന് പ്രവർത്തിക്കാനാകൂയെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. നിയമഭേദഗതിക്കായി കേന്ദ്രത്തെ സമീപിക്കും.
വനംവകുപ്പും സഭയും തമ്മിൽ പ്രശ്നമുണ്ടെന്ന് ചിലർ വരുത്തി തീർക്കാൻ ശ്രമിക്കുകയാണ്. ബിഷപ്പുമായി നല്ല ബന്ധമാണുള്ളതെന്നും ശശീന്ദ്രൻ പറഞ്ഞു.
വന്യജീവി ആക്രമണത്തെ പ്രതിരോധിക്കാനുള്ള പദ്ധതികൾക്ക് വനംവകുപ്പ് ഉന്നതതല യോഗം രൂപം നൽകിയിട്ടുണ്ട്. ഒമ്പത് സുപ്രധാന തീരുമാനങ്ങളാണ് ഇന്നത്തെ യോഗത്തിൽ ഉണ്ടായത്. വന്യജീവി ആക്രമണം അറിയിക്കാൻ 1800 4254 733 എന്ന ടോൾഫ്രീ നമ്പർ ഏർപ്പെടുത്തി.
24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുമായി ബന്ധപ്പെടുത്തിയായിരിക്കും ഈ ടോൾ ഫ്രീ നമ്പരുണ്ടാവുക. ഇതിലേക്ക് കർഷകർ അടക്കമുള്ളവർക്ക് വിവരം നൽകാവുന്നതാണെന്നും യോഗത്തിന് ശേഷം വനംമന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.