'സമരക്കാരോട് സർക്കാറിന് അലർജി, ധാർഷ്ട്യം അവസാനിപ്പിക്കണം': രമേശ് ചെന്നിത്തല
''കേരളത്തിൻ്റെ പൊതുസമൂഹം ആവശ്യപ്പെട്ടിട്ടും ധിക്കാരത്തിൻ്റെ പാതയിൽ തന്നെയാണ് സർക്കാർ. അവര്‍ ചെയ്യുന്നത് കൊലച്ചതിയാണ്''


തൃശൂര്‍: സര്‍ക്കാര്‍ ധാര്‍ഷ്‌ട്യം അവസാനിപ്പിച്ച് ആശാവര്‍ക്കര്‍മാരുടെ സമരം അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സമരം ചെയ്യുന്നവരോട് സർക്കാരിന് അലർജിയാണെന്നും അദ്ദേഹം. തൃശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ചെന്നിത്തലയുടെ പ്രതികരണം.
'' കേരളത്തിൻ്റെ പൊതുസമൂഹം ആവശ്യപ്പെട്ടിട്ടും ധിക്കാരത്തിൻ്റെ പാതയിൽ തന്നെയാണ് സർക്കാർ. അവര്‍ ചെയ്യുന്നത് കൊലച്ചതിയാണ്. ആശാവർക്കർമാർ നമുക്കെല്ലാവർക്കും സേവനം നൽകുന്നവരാണ്. ഇത്രയും ദിവസം സമരം ചെയ്‌തിട്ടും ഒരു രൂപ കൂട്ടിക്കൊടുക്കുമെന്ന് പറയാതെ സമരം പിൻവലിച്ച് പോകൂയെന്ന് പറയുന്നത് സര്‍ക്കാരിന്‍റെ ധാർഷ്‌ട്യമാണ്''- ചെന്നിത്തല പറഞ്ഞു.
''ഈ സർക്കാരിന് സമരം ചെയ്യുന്നവരോട് അലർജിയാണ്. ഇതിനെതിരെയുള്ള ബഹുജന പ്രക്ഷോഭമാണ് നാട്ടിൽ വളർന്ന് വരേണ്ടത്. സമരം ചെയ്‌ത് കാര്യങ്ങൾ നേടേണ്ട എന്ന സമീപനമാണ് സർക്കാരിൻ്റേത്. ഞങ്ങൾ എറിഞ്ഞുതരുന്ന കാശ് എടുത്താൽ മതിയെന്നുള്ളതാണ്. ഇത് കമ്മ്യൂണിസ്റ്റ് സർക്കാരിനും മുഖ്യമന്ത്രിക്കും ചേർന്നതാണോയെന്നും''- അദ്ദേഹം ചോദിച്ചു.
Watch Video Report