മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിലുള്ളവർക്ക് പെൻഷൻ നൽകേണ്ടെന്ന നിലപാട് ആവർത്തിച്ച് ഗവർണർ

'എല്ലാ സർക്കാർ ജീവനക്കാരും പെൻഷനിലേക്ക് വിഹിതം അടയ്ക്കുന്നുണ്ട്. പേഴ്‌സണൽ സ്റ്റാഫിലെത്തുന്നവർ രണ്ട് വർഷം കഴിഞ്ഞാൽ പാർട്ടിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്'

Update: 2022-02-20 14:16 GMT
Advertising

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിലുള്ളവർക്ക് പെൻഷൻ നൽകേണ്ടെന്ന നിലപാട് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാഷ്ട്രീയപാർട്ടികളുടെ കേഡർമാരെ വളർത്താനുള്ള സംവിധാനമല്ല പെൻഷൻ സമ്പ്രദായമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സർക്കാർ ജീവനക്കാരും പെൻഷനിലേക്ക് വിഹിതം അടയ്ക്കുന്നുണ്ട്. പേഴ്‌സണൽ സ്റ്റാഫിലെത്തുന്നവർ രണ്ട് വർഷം കഴിഞ്ഞാൽ പാർട്ടിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. എന്നിട്ടും ഇവർക്ക് പെൻഷൻ നൽകുന്നത് ഖജനാവിൽ നിന്നാണെന്നും അതിനാലാണ് ഈ രീതിയെ എതിർക്കുന്നതെന്നും ഗവർണർ പറഞ്ഞു.

താൻ കുടുംബ നാഥനെ പോലെയാണെന്നും വി.ഡി സതീശനോട് ഉമ്മൻ ചാണ്ടിയെയും ചെന്നിത്തലയെയും കണ്ട് പഠിക്കാൻ പറഞ്ഞത് എന്താണ് പ്രതിപക്ഷ നേതാവിന്റെ ചുമതല എന്ന് മനസ്സിലാക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി. നല്ല പ്രതിപക്ഷ നേതാവാകണമെങ്കിൽ ഉമ്മൻ ചാണ്ടിയെയും ചെന്നിത്തലയെയും കണ്ട് പഠിക്കണമെന്നും മുതിർന്നവരെ ബഹുമാനിക്കണമെന്നാണ് സതീശനോട് താൻ പറഞ്ഞതെന്നും അദ്ദേഹത്തിന് വേണമെങ്കില്‍ മാത്രം ആ ഉപദേശം സ്വീകരിച്ചാല്‍ മതിയെന്നും ഗവർണർ പറഞ്ഞു. ഇസ്‌ലാമിക സംഘടനകൾക്ക് തന്നെ വിമർശിക്കാൻ താൽപര്യം കാണുമെന്നും നിരീക്ഷണം പറയാൻ അവർക്കും അവകാശമുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. 1986 മുതൽ ഇവർ തനിക്ക് എതിരെ ഫത്‌വ പുറപ്പെടുവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഷാബാനു കേസ് മുതൽ ഇവർ തനിക്ക് എതിരെ ഫത്‌വ പുറപ്പെടുവിക്കുകയാണെന്നും ഇപ്പോഴത്തെ പ്രതിഷേധങ്ങളെ മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

ആരിഫ് മുഹമ്മദ് ഖാൻ ഉത്തമ വിശ്വാസിയല്ലെന്നും ഇതര മതസ്ഥരുടെ ആചാരമോ വേഷമോ സ്വീകരിച്ചവർ ഇസ്‍ലാമിന് പുറത്താണെന്നും എസ്.വൈ.എസ് പറഞ്ഞിരുന്നു. ആരിഫ് മുഹമ്മദ് ഖാന്‍റെ ശബരിമല ദർശനം ചൂണ്ടിക്കാട്ടിയായിരുന്നു സുന്നി യുവജനസംഘത്തിന്‍റെ വിമര്‍ശനം. ഹിജാബ് വിഷയത്തിൽ ആരിഫ് മുഹമ്മദ് ഖാൻ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്നും ശരീഅത്ത് വിവാദത്തിലും അദ്ദേഹം നിന്നത് ഇസ്‍ലാമിക വിരുദ്ധർക്കൊപ്പമാണെന്നും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു. ചരിത്രം പരിശോധിച്ചാൽ മുസ്‌ലിം സ്ത്രീകൾ ഹിജാബിന് എതിരായിരുന്നെന്ന് മനസിലാക്കാമെന്നായിരുന്നു ഹിജാബ് വിഷയത്തില്‍ ഗവർണറുടെ പ്രതികരണം. മുസ്‍ലിം വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് കർണാടയില്‍ നടക്കുന്ന വിവാദങ്ങളിലായിരുന്നു ഗവർണറുടെ പ്രതികരണം.

Full View


Governor Arif Mohammed Khan has said that Islamic groups are interested in criticizing him and have the right to observe.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News