ഹിന്ദു പത്രത്തിലെ മുഖ്യമന്ത്രിയുടെ പരാമർശം ആയുധമാക്കി ഗവർണർ വീണ്ടും രംഗത്ത്

മലപ്പുറത്തെ സ്വർണ്ണക്കടത്തും ഹവാല ഇടപാടുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പണം രാജ്യവിരുദ്ധ ഇടപെടലിന് ഉപയോഗിക്കുന്നു എന്ന് ദ് ഹിന്ദുവിലെ മുഖ്യമന്ത്രിയുടെ പ്രത്യേക അഭിമുഖത്തിൽ വന്നത് ഗവർണർ ആയുധമാക്കുകയായിരുന്നു.

Update: 2024-10-10 01:23 GMT
Editor : rishad | By : Web Desk
Advertising

തിരുവനന്തപുരം: ഗവർണർ -സർക്കാർ പോര് വീണ്ടും രൂക്ഷമാകുന്നു. രാജ്യവിരുദ്ധ പ്രവർത്തനം സംസ്ഥാനത്ത് നടക്കുന്നുണ്ടെന്ന ഹിന്ദു പത്രത്തിലെ മുഖ്യമന്ത്രിയുടെ പരാമർശം ആയുധമാക്കിയാണ് ഗവർണർ രംഗത്ത് വന്നിട്ടുള്ളത്. താൻ അത്തരമൊരു പരാമർശം നടത്തിയിട്ടില്ലെന്ന് ഹിന്ദു പത്രം തന്നെ പറഞ്ഞിട്ടും ഗവർണർ ഈ വിഷയം ഉയർത്തുന്നതിനുള്ള നീരസം പ്രകടിപ്പിച്ച മുഖ്യമന്ത്രി ഇന്നലെ രാജ് ഭവന് കത്തയക്കുകയും ചെയ്തു. 

ഗവർണർ-സർക്കാർ പോരിൻ്റെ ചരിത്രമെടുത്താൽ അതിന് കാലങ്ങളുടെ പഴക്കമുണ്ട്. സാധാരണഗതിയിൽ അഞ്ച് വർഷമാണ് ഗവർണറുടെ കാലാവധി. എന്നാൽ ഭരണഘടനയിൽ നിശ്ചിത കാലയളവ് ഗവർണർക്ക് പറഞ്ഞിട്ടില്ല. പുതിയ ഗവർണർ ചുമതല ഏൽക്കുന്നതുവരെ പഴയ ഗവർണർക്ക് തുടരാം എന്നതാണ് ഭരണഘടന വ്യക്തമാക്കുന്നത്. രാജ്യത്തെ ഏക ഇടതുപക്ഷ സർക്കാരിനെ നിരന്തരമായി പ്രതിസന്ധിയിലാക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്, കേന്ദ്രസർക്കാർ കാലാവധി നീട്ടി നൽകി. ഇതിനിടയിലാണ് ഗവർണർക്ക് അടിക്കാനുള്ള വടി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നൽകിയത്.

മലപ്പുറത്തെ സ്വർണ്ണക്കടത്തും  ഹവാല ഇടപാടുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പണം രാജ്യവിരുദ്ധ ഇടപെടലിന് ഉപയോഗിക്കുന്നു എന്ന് ദ് ഹിന്ദുവിലെ മുഖ്യമന്ത്രിയുടെ പ്രത്യേക അഭിമുഖത്തിൽ വന്നത് ഗവർണർ ആയുധമാക്കുകയായിരുന്നു.

താൻ പറയാത്ത കാര്യങ്ങളാണ് അഭിമുഖത്തിൽ ഉൾപ്പെടുത്തിയത് എന്ന് പറഞ്ഞ് മുഖ്യമന്ത്രി തടിയൂരാൻ ശ്രമിച്ചു. അപ്പോഴും പറയാത്ത കാര്യങ്ങൾ ഉൾപ്പെടുത്തിയ പത്രത്തിനെതിരെയും, ഉൾപ്പെടുത്താൻ നിർദ്ദേശം നൽകിയ പി ആർ ഏജൻസിക്കെതിരേയും കേസെടുക്കാൻ സർക്കാർ തയ്യാറായില്ല.ഇതോടെ ഗവർണർ തനിക്ക് കിട്ടിയ പിടിവള്ളി മുറുക്കിപ്പിടിച്ചു. തന്നെ ഇരുട്ടിൽ നിർത്തുകയാണെന്നും രാജ്യവിരുദ്ധ പ്രവർത്തനം സംസ്ഥാനത്ത് നടക്കുന്നുണ്ടെങ്കിൽ തന്നെ എന്തുകൊണ്ട് അറിയിച്ചില്ല എന്നുമുള്ള ചോദ്യശരമാണ് ഗവർണർ ഉയർത്തിയത്.

താൻ പറയാത്ത കാര്യങ്ങളാണ് പ്രസിദ്ധീകരിച്ചതെന്ന് ഹിന്ദു ദിനപത്രം പരസ്യമായി പറഞ്ഞിട്ടും ഗവർണർ അത് ആയുധമാക്കുന്നതിലുള്ള നീരസമാണ് മുഖ്യമന്ത്രി പ്രകടിപ്പിക്കുന്നത്. കണക്കുകളുടെ അടിസ്ഥാനത്തിലാണ് സ്വർണം പിടിച്ചെടുത്തത് പറഞ്ഞത്. എയർപോർട്ട് വഴിയുള്ള സ്വർണക്കടത്ത് തടയേണ്ടത് കേന്ദ്രസർക്കാരിന് കീഴിലുള്ള കസ്റ്റംസ് ആണ്, അവരത് ചെയ്യുന്നില്ല. വസ്തുതകൾ വളച്ചൊടിക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി ഇന്നലെ നൽകിയ കത്തിൽ ഉണ്ട്.

അധികാര സ്ഥാനത്തു തുടരാനാണ് ഗവർണർ രാഷ്ട്രീയ നീക്കം നടത്തുന്നത് എന്ന്  വിലയിരുത്തുന്ന സിപിഎം, ഒരു വിട്ടുവീഴ്ചക്കും തയ്യാറാകാതെ അദ്ദേഹത്തെ നേരിടാനാണ് തീരുമാനിച്ചിട്ടുള്ളത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News