നയപ്രഖ്യാപന പ്രസംഗത്തിലെ ആരിഫ് മുഹമ്മദ്ഖാന്റെ 77 സെക്കന്റ്

ഗവർണറുടെ പുതിയ നീക്കങ്ങൾ പ്രതീക്ഷിച്ച് തന്നെയാണ് ഇന്ന് ഭരണപക്ഷവും പ്രതിപക്ഷവും സഭയിലെത്തിയത്

Update: 2024-01-25 07:23 GMT
Advertising

തിരുവനന്തപുരം: ചരിത്രത്തിൽ തന്നെ ഏറെ അപൂർവതയുള്ള നടപടികളോടെയാണ് പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം തുടങ്ങിയത്. ഒരു മിനിറ്റും 17 സെക്കന്റുമുള്ള നയപ്രഖ്യാപന പ്രസംഗം അവസാനിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ,  കുഞ്ഞാലിക്കുട്ടി പറഞ്ഞത് പോലെ വാണംവിട്ട വേഗത്തിൽ സഭയിൽ നിന്ന് മടങ്ങിയത് ചില്ലറ അമ്പരപ്പല്ല ഉണ്ടാക്കിയത്.

പിണറായി വിജയൻ സർക്കാരുമായി തെരുവിലിറങ്ങിയും ഇടഞ്ഞ ഗവർണറുടെ പിണക്കം ഇനിയും മാറിയിട്ടില്ലെന്ന് ഉറപ്പിക്കുന്നതായിരുന്നു ഇന്നത്തെ പ്രകടനം. ആഴ്ചകൾക്ക് മുമ്പ് നടന്ന പുതിയ മന്ത്രിമാരുടെ സതൃപ്രതിജ്ഞ വേദിയിലും മുഖ്യമന്ത്രിക്ക് നേരെ മുഖം കൊടുക്കാതെ നിന്ന ഗവർണറുടെ പുതിയ നീക്കങ്ങൾ പ്രതീക്ഷിച്ച് തന്നെയാണ് ഇന്ന് ഭരണപക്ഷവും പ്രതിപക്ഷവും സഭയിലെത്തിയത്.

നയപ്രഖ്യാപനപ്രസംഗത്തിൽ കേന്ദ്രത്തിനെതിരായ വിമർശനങ്ങള്‍ ഉള്ളതു​കൊണ്ട് അത് വായിക്കു​മോ എന്ന സംശയമൊക്കെയുണ്ടായിരുന്നു അന്തരീക്ഷത്തിൽ. അത്തരം സംശയങ്ങൾക്കെല്ലാം അപ്പുറമായിരുന്നു ഇന്നത്തെ ഗവർണറുടെ പ്രകടനം.

നയപ്രഖ്യാപനം ഒരു മിനിറ്റ് 17 സെക്കന്‍ഡില്‍ അവസാനിപ്പിച്ച് സഭ വിട്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സഭയെ മാത്രമല്ല രാഷ്ട്രിയ കേരളത്തെയും ഞെട്ടിച്ചു. കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായിട്ടാണ് ഇത്തരമൊരു സംഭവം. പ്രസംഗം മുഴുവന്‍ വായിക്കാതെ അവസാന പാരഗ്രാഫ് മാത്രം വായിച്ചാണ് ഗവര്‍ണര്‍ നയപ്രഖ്യാപനം അവസാനിപ്പിച്ചത്. തുടര്‍ന്ന് ഇക്കാര്യത്തില്‍ ഒരു വിശദീകരണം പോലും നല്‍കാതെ ഗവര്‍ണര്‍ സഭ വിട്ടിറങ്ങി.

നയപ്രഖ്യാപനത്തിനായി സഭയിലെത്തിയപ്പോഴും ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് മുഖം കൊടുക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. ഇരുവരും കൈ കൊടുത്തില്ല. പൂച്ചെണ്ട് മാത്രം കൈമാറുകയാണ് ഉണ്ടായത്. മാധ്യമങ്ങളോട് പ്രതികരിക്കാനും ഗവര്‍ണര്‍ തയ്യാറായില്ല.

നയപ്രഖ്യാപനപ്രസംഗം 63 പേജുകളിലായി 136 ഖണ്ഡികകളിലായിരുന്നു തയ്യാറാക്കിയിരുന്നത്.അതിൽ 136 ാമത് ഖണ്ഡിക മാത്രമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ വായിച്ചത്.

‘നമ്മുടെ മഹത്തായ പൈതൃകം കെട്ടിടങ്ങളിലോ, സ്മാരകങ്ങളിലോ അല്ലെന്നും, മറിച്ച്, ജനാധിപത്യം, മതനിരപേക്ഷത, ഫെഡറലിസം, സാമ്യൂഹ്യനീതി എന്നീ വിലമതിക്കാനാകാത്ത പൈതൃകത്തോട് നാം കാണിക്കുന്ന ബഹുമാനത്തിലും പരിഗണനയി​ലുമാണെന്നും നമുക്ക് ഓർക്കാം. ഇക്കാലമത്രയും നമ്മുടെ രാഷ്ട്രത്തെ സംഘടിതവും ശക്തവുമായി നിലനിർത്തിയത് സഹകരണ ഫെഡറലിസത്തിന്റ അന്ത:സത്തയാണ്. ഈ അന്ത:സത്തയ്ക്ക് ശോഷണം സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. വൈിദ്ധ്യവും വർണ്ണാഭവുമായ ഈ രാഷ്ട്രത്തിന്റെ ഭാഗമെന്ന നിലയിൽ നാം ഒത്തൊരുമിച്ച് നമ്മുടെ പന്ഥാവിലുള്ള എല്ലാ വെല്ലുവിളികളേയും അതിജീവിച്ചുകൊണ്ട് സമഗ്രമായ വളർച്ചയുടേയും ഉത്തരവാദിത്വമുള്ള പ്രതിരോധശേഷിയുടെയും വർണ്ണകമ്പളം നെയ്തെടുക്കും- ജയ്ഹിന്ദ്. എന്നതായിരുന്നു ഗവർണർ നടത്തിയ പ്രസംഗത്തിന്റെ പൂർണരൂപം ’’ അത് പറഞ്ഞവസാനിപ്പിച്ച് അദ്ദേഹം സഭ വിട്ടിറിങ്ങി. പ്രതിപക്ഷത്തിന് പോലും മുഖം കൊടുത്തില്ല. 

ഗവർണറുടെ നടപടി നിയമസഭയോടുള്ള പൂർണമായ അവഹേളനമെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി. നിയമസഭാ നടപടിക്രമങ്ങളോടും ഭരണഘടനാ നിർദേശങ്ങളോടും പൂർണമായ അവഗണനയും അവഹേളനവുമാണ് ഗവർണർ നടത്തിയതെന്ന് വിഡി സതീശൻ പറഞ്ഞു. "സർക്കാരും ഗവർണറും തമ്മിൽ കുറേ നാളുകളായി നടക്കുന്ന രാഷ്ട്രീയ നാടകത്തിന്റെ പരിതാപകരമായ അന്ത്യമാണ് ഇന്ന് നിയമസഭയിൽ നടന്നത്. യഥാർത്ഥത്തിൽ സർക്കാർ തയ്യാറാക്കി കൊടുത്ത നയപ്രഖ്യാപന പ്രസംഗത്തിൽ ഒരു കാര്യവുമില്ല. ഗവണ്മെന്റിന്റെ സ്ഥിതി മുഴുവൻ പ്രതിഫലിക്കുന്ന ഒരു നയപ്രഖ്യാപന പ്രസംഗമാണ് എഴുതി തയ്യാറാക്കി കൊടുത്തത്. അതിൽ കാര്യാമായൊരു കേന്ദ്ര വിമർശനവുമില്ല. കേന്ദ്രത്തിനെതിരെ ഡൽഹിയിൽ സമരം ചെയ്യാൻ പോയ മുഖ്യമന്ത്രി കേന്ദ്ര ഏജൻസികളെ പേടിച്ച്‌ പ്രക്ഷോഭം സമ്മേളനമാക്കി മാറ്റിയ ദയനീയമായ കാഴ്ചയാണ് കണ്ടത്": അദ്ദേഹം പറയുന്നു.

നിയമസഭയിൽ എല്ലാം ചടങ്ങായി മാത്രം നടക്കുന്ന അവസ്ഥയാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഗവർണർ വരുന്നതും കണ്ടു, അതേപോലെ തിരിച്ചു പോകുന്നതും കണ്ടു. ഗവർണർ നിയമസഭയെ കൊഞ്ഞനം കുത്തികാണിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. "ഗവർണർ വരുന്നത് കണ്ടു, വാണംവിട്ട പോലെ പോകുന്നതും കണ്ടു. വണങ്ങാൻ കാത്തുനിന്ന ഞങ്ങളെ തിരിഞ്ഞുപോലും നോക്കിയില്ല. നിയമസഭാ ഒരു ചടങ്ങായി മാത്രം അവസാനിപ്പിച്ചു. നിയമസഭയെ തന്നെ അപമാനിക്കുന്ന നടപടിയാണ് ഉണ്ടായത്. ദേശീയതലത്തിലോ കേരളത്തിലോ ഗവർണർമാരുടെ ഇത്തരം പ്രവർത്തികൾ ഞങ്ങൾ അനുകൂലിക്കില്ല. രണ്ടുമിനിറ്റ് കൊണ്ട് കാര്യങ്ങൾ അവസാനിപ്പിച്ച് പോകുന്നതാണ് കണ്ടത്": കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News