സിനിമാ ലൊക്കേഷനുകളിലെ പരാതി പരിഹാര സമിതികൾക്ക് മാർഗനിർദ്ദേശമായി
മാർഗനിർദ്ദേശവും ലോഗോയും ഫിലിം ചേംബറിനു കൈമാറി
തിരുവനന്തപുരം: സിനിമാ ലൊക്കേഷനുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതികൾക്ക് മാർഗനിർദ്ദേശമായി. മാർഗനിർദ്ദേശവും ലോഗോയും നിർമാതാക്കളുടെ സംഘടനയായ ഫിലിം ചേംബറിനു കൈമാറി. മാർഗനിർദ്ദേശം ഉൾപ്പെടുന്ന നോട്ടീസ് ലൊക്കേഷനുകളിൽ പതിക്കും.
ലൊക്കേഷനുകളിൽ പരാതി പരിഹാര സെൽ ജൂണിൽ തന്നെ നിലവിൽ വന്നിരുന്നു. ഇപ്പോൾ പുറത്തിറങ്ങിയ മാർഗനിർദ്ദേശങ്ങൾ അടങ്ങിയ നോട്ടീസ് ലോഗോ പതിച്ച് ലൊക്കേഷനുകളിൽ പതിപ്പിക്കണമെന്നാണ് നിർദ്ദേശം. നോട്ടീസിൽ അഞ്ച് കമ്മറ്റി അംഗങ്ങളുടെ പേരുകളും പദവിയും ഫോൺ നമ്പറും ഉൾപ്പെടുത്തും. ലൊക്കേഷന് പുറത്തുള്ള നിക്ഷ്പക്ഷനായ അംഗവും കമ്മറ്റിയിലുണ്ടാകും.
ഫിലിം ചേംബറിന്റെ പ്രസിഡന്റായ ജി സുരേഷ് കുമാറാണ് ഈ ആഭ്യന്തര പരിഹാര സെല്ലിന്റെ മേൽനോട്ട സമിതിയുടെ അധ്യക്ഷൻ. ആകെ ഒൻപത് അംഗങ്ങളാണ് സമിതിയിലുള്ളത്. ഈ സമിതിയുടെ മേൽനോട്ടത്തിലാകും ഓരോ ലൊക്കേഷനിലെയും പരാതി പരിഹാര സെല്ലുകളുടെ പ്രവർത്തനം.