ശബരിമലയിൽ ഹലാൽ ശർക്കര; ഹൈക്കോടതി ദേവസ്വം ബോർഡിനോട് വിശദീകരണം തേടി

ശബരിമല കർമ്മസമിതി ജനറൽ കൺവീനർ എസ.ജെ.ആർ കുമാറിന്റെ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ

Update: 2021-11-17 12:46 GMT
Editor : abs | By : Web Desk
Advertising

ശബരിമലയിൽ ഹലാൽ ശർക്കര ഉപയോഗിക്കുന്നതിനെതിരെ സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതി ദേവസ്വം ബോർഡിനോടും സർക്കാരിനോടും വിശദീകരണം തേടി. ശബരിമല കർമ്മസമിതി ജനറൽ കൺവീനർ എസ്.ജെ.ആർ കുമാറിന്റെ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. മറ്റ് മതസ്ഥരുടെ മുദ്ര വച്ച ആഹാര സാധനം ശബരിമലയിൽ ഉപയോഗിക്കാൻ പാടില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഹരജി.

ശബരിമലയിൽ നിവേദ്യത്തിനും പ്രസാദത്തിനും ഉപയോഗിക്കുന്ന സാധനങ്ങൾ പരിശുദ്ധവും പവിത്രവുമായിരിക്കണമെന്ന വ്യവസ്ഥ ലംഘിക്കുന്ന നടപടിയാണെന്നും ഭക്ഷ്യയോഗ്യമല്ലാത്ത ശർക്കര പ്രസാദ നിർമ്മാണത്തിന് ഉപയോഗിച്ചുവെന്നും ഹരജിയിൽ ചൂണ്ടിക്കാണിക്കുന്നു. ജസ്റ്റിസ് അനിൽ. കെ. നരേന്ദ്രൻ, ജസ്റ്റിസ് പി. ജി അജിത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചാണ് ഹരജി പരിഗണിച്ചത്. ശബരിമല സ്പെഷ്യൽ കമീഷണറുടെ റിപ്പോർട്ട് കോടതി തേടി. വ്യാഴാഴ്ച ഹരജി വീണ്ടും പരിഗണിക്കും.

ശബരിമലയിലെ അപ്പം, അരവണ നിർമാണത്തിനുള്ള ശർക്കര അടക്കമുള്ള വസ്തുക്കളുടെ ഗുണമേന്മ പല ഘട്ടങ്ങളിലായി പരിശോധിച്ച് ഉറപ്പു വരുത്തുന്നുണ്ടെന്ന് ഹരജി പരിഗണിക്കവേ സർക്കാറും ദേവസ്വം ബോർഡും വ്യക്തമാക്കി. ഭക്ഷ്യ സുരക്ഷാ വിഭാഗത്തിെൻറ നേതൃത്വത്തിൽ പമ്പയിൽ പ്രവർത്തിക്കുന്ന ലാബിൽ പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കിയ ശേഷമാണ് ശർക്കര സന്നിധാനത്തേക്ക് കടത്തി വിടുന്നത്. സന്നിധാനത്ത് തയാറാക്കുന്ന അപ്പവും അരവണയും ഇതേപോലെ ഗുണമേൻമ ഉറപ്പു വരുത്തിയാണ് വിതരണം ചെയ്യുന്നതെന്നും സർക്കാർ വ്യക്തമാക്കി. വിദേശത്തേക്ക് കയറ്റി അയക്കുന്ന ശർക്കരയാണ് ഉപയോഗിക്കുന്നതെന്നാണ് ദേവസ്വം ബോർഡിന്റെ വാദം. അറബ് രാജ്യങ്ങളിലേക്കുൾപ്പെടെ കയറ്റുമതി ചെയ്യുന്ന ശർക്കരയായതിനാലാണ് ഹലാൽ സ്റ്റിക്കറെന്നും ബോർഡ് വാക്കാൽ അറിയിച്ചു.

ശബരിമലയിൽ അരവണ പ്രസാദത്തിന് ഉപയോഗിക്കുന്നതിനായി എത്തിച്ചിരിക്കുന്നത് ഹലാൽ മുദ്ര പതിപ്പിച്ച ശർക്കര പാക്കറ്റുകൾ ആണെന്ന് ചൂണ്ടിക്കാട്ടി സംഘ് പരിവാർ സംഘടനകളും രംഗത്ത് വന്നിരുന്നു. ദേവസ്വം ബോർഡ് ശബരിമലയിലേക്ക് ശർക്കര വാങ്ങുന്നത് സ്വകാര്യ കമ്പനികളിൽ നിന്നാണ്. ഹലാൽ മുദ്ര പതിപ്പിച്ച ശർക്കര പാക്കറ്റുകളാണ് പമ്പയിലും സന്നിധാനത്തുമുള്ള ഗോഡൗണുകളിൽ സൂക്ഷിച്ചിരിക്കുന്നത്. അരവണ പ്രസാദത്തിന് പുറമെ ഉണ്ണിയപ്പം ഉണ്ടാക്കാനും ഇതേ ശർക്കരയാണ് ഉപയോഗിക്കുന്നത്. സ്വകാര്യ കമ്പനിക്കാണ് ശർക്കര എത്തിക്കുന്നതിനുള്ള ടെൻഡർ നൽകിയിരിക്കുന്നത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News