അനുപമയുടെ കുഞ്ഞിന്റെ ആദ്യ പേര് മലാല, പിന്നെ പെലെ, അവസാനം സിദ്ധാര്‍ഥ്; ആസൂത്രണം ചെയ്തത് സിനിമയെ വെല്ലുന്ന തിരക്കഥ
ലിംഗ നിർണയവും ഡി.എൻ.എയും അട്ടിമറിച്ചാണ് കുട്ടിയെ ആന്ധ്ര സ്വദേശികൾക്ക് കൈമാറിയത്
എസ്.എഫ്.ഐ മുൻ നേതാവ് അനുപമയുടെ കുഞ്ഞിനെ നാടുകടത്താന്‍ ആസൂത്രണം ചെയ്തത് സിനിമയെ വെല്ലുന്ന തിരക്കഥ. കുഞ്ഞിന്റെ ലിംഗ നിർണയവും ഡി.എൻ.എയും അട്ടിമറിച്ചാണ് കുട്ടിയെ ആന്ധ്ര സ്വദേശികൾക്ക് കൈമാറിയതെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡി.വൈ.എഫ്.ഐ നേതാവായ അജിത്തുമായുള്ള പ്രണയത്തെ തുടർന്ന് കഴിഞ്ഞവർഷം ഒക്ടോബർ 19നാണ് അനുപമ ആൺകുഞ്ഞിന് ജന്മം നൽകിയത്. അജിത് വേറെ വിവാഹിതനായിരുന്നതിനാൽ അന്നു മുതൽ കുട്ടിയെ ഒഴിവാക്കാനുള്ള ശ്രമം നടന്നു. അനുപമയുടെ മാതാപിതാക്കൾ സി.പി.എം സംസ്ഥാന, ജില്ല നേതാക്കളുമായും സർക്കാർ പ്ലീഡർമാരുമായും കൂടിയാലോചന നടത്തിയെന്ന ആക്ഷേപവും ശക്തമാണ്. ഇവരുടെയെല്ലാം നിർദേശപ്രകാരമാണ് ശിശുക്ഷേമസമിതിയിൽ ഏല്‍പ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആണ്‍കുഞ്ഞിനെ പെണ്ണായി രേഖപ്പെടുത്തിയ നാടകം
2020 ഒക്ടോബർ 22ന് രാത്രി 12.30നാണ് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാന്റെ നിർദേശപ്രകാരം ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ കുട്ടിയെ അനുപമയുടെ മാതാപിതാക്കളില്‍ നിന്ന് ഏറ്റുവാങ്ങിയത്. രാത്രി 12.45ന് തൈക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിൽ നിയമപരമായ ശാരീരിക പരിശോധനക്കെത്തിച്ചപ്പോള്‍ ഡോക്ടർമാരുടെയും ആശുപത്രി ജീവനക്കാരുടെയും സ്വാധീനമുപയോഗിച്ച് ആണ്‍കുട്ടിയെ പെണ്ണായി രേഖപ്പെടുത്തി. എന്നെങ്കിലും കുട്ടിയെ തേടി അനുപമ എത്തിയാൽ സത്യം മറച്ചുവെക്കാനുള്ള നാടകമായിരുന്നു ഇത്.
തിരുവനന്തപുരം ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് നൽകിയ റിപ്പോർട്ടിൽ പുതുതായി ലഭിച്ച കുഞ്ഞിന് 'മലാല' എന്ന് പേരിട്ടതായാണ് ജനറൽ സെക്രട്ടറി അറിയിച്ചത്. പെൺകുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന സന്ദേശം ഉയർത്തിപ്പിടിക്കുന്നതിെൻറ ഭാഗമായാണ് മലാല യൂസഫ് സായിയോടുള്ള ബഹുമാനാർഥം ഈ പേര് നൽകിയതെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
തിരുവനന്തപുരം ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് നൽകിയ റിപ്പോർട്ടിൽ പുതുതായി ലഭിച്ച കുഞ്ഞിന് 'മലാല' എന്ന് പേരിട്ടതായാണ് ജനറൽ സെക്രട്ടറി അറിയിച്ചത്. പെൺകുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന സന്ദേശം ഉയർത്തിപ്പിടിക്കുന്നതിന്റെ ഭാഗമായാണ് മലാല യൂസഫ് സായിയോടുള്ള ബഹുമാനാർഥം ഈ പേര് നൽകിയതെന്നും പത്രക്കുറിപ്പില്‍ പറയുന്നു.എന്നാല്‍, ആശുപത്രിയിൽ നടന്ന തിരിമറി ഒരു വിഭാഗം ജീവനക്കാർ പുറത്തുവിട്ടതോടെ അബദ്ധം പറ്റിയതായി കാണിച്ച്, കുട്ടിക്ക് 'എഡ്സൺ പെലെ' എന്ന് പേരിട്ടതായി പത്രക്കുറിപ്പിറക്കി. യാഥാര്‍ത്ഥത്തില്‍ ഒക്ടോബർ 23ന് വൈകീട്ട് അമ്മത്തൊട്ടിലിൽ ലഭിച്ച ആൺകുട്ടിക്കാണ് പെലെ എന്ന പേര് നല്‍കിയിരുന്നത്. അനുപമയുടെ മകന് സിദ്ധാർഥ് എന്ന് പുനർനാമകരണം ചെയ്തത് ചൈൽഡ് വെൽഫെയർ കമ്മിറ്റിയാണ്. ഈ വിവരം രഹസ്യമാക്കിവെച്ചു.
കുഞ്ഞിനെ കൈമാറിയത് ആന്ധ്ര സ്വദേശികൾക്ക്
ആഗസ്റ്റ് ഏഴിനാണ് സിദ്ധാർഥിനെ ആന്ധ്ര സ്വദേശികളായ ഗൊല്ല രാമൻ-ഭൂമ അനുപമ ദമ്പതികൾക്ക് ദത്ത് നല്‍കിയത്. ശിശുക്ഷേമ സമിതിയിലെ നഴ്സാണ് കുട്ടിയെ കൈമാറിയത്. ദത്ത് നൽകൽ നടപടിയുടെ ഭാഗമായി ജില്ല ശിശുസംരക്ഷണ യൂനിറ്റ് നിയമപരമായി അവകാശികൾക്ക് ബന്ധപ്പെടാൻ പത്രപ്പരസ്യം നൽകിയെങ്കിലും സിദ്ധാർഥിന്റെ കഥകൾ അറിയാമായിരുന്ന ജനറൽ സെക്രട്ടറി സത്യം മൂടിവെച്ചു.
കുട്ടിയെ ആവശ്യപ്പെട്ട് അനുപമയും അജിത്തും ശിശുക്ഷേമ സമിതിക്കും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും നല്കിയ പരാതി നിലനില്‍ക്കെയാണ് കുട്ടിയെ കൈമറിയത്. കുഞ്ഞിനെ അന്വേഷിച്ച് സമിതിയിലെത്തിയ അനുപമയ്ക്ക് കുഞ്ഞില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഡി.എൻ.എ ഫലം ആവശ്യപ്പെട്ട് അപേക്ഷ നൽകിയപ്പോൾ പെലെയുടെ ഡി.എൻ.എ പരിശോധനാ ഫലം കാണിച്ച് തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.
മാതാപിതാക്കളുടെ പ്രശ്നം അജിത്തിന്റെ ജാതി
അജിത്ത് ദലിതനായതാണ് മാതാപിതാക്കളുടെ പ്രശ്നമെന്ന് അനുപമ പറയുന്നു. മാതാപിതാക്കള്‍ വ്യത്യസ്ത മതത്തില്‍ പെട്ടവരും സ്നേഹിച്ച് വിവാഹം കഴിച്ചവരുമാണ്. അടിയുറച്ച പാർട്ടി കുടുംബമായതുകൊണ്ടുതന്നെ മത- ജാതി മേൽക്കോയ്മകളിൽ വിശ്വസിക്കാത്തവരെന്നാണ് ഇത്രകാലം കരുതിയിരുന്നതെന്നും അനുപമ വ്യക്തമാക്കുന്നു.
പാർട്ടി പ്രവർത്തനത്തിനിടയിലാണ് അനുപമയും അജിത്തും പരിചയപ്പെട്ടതും ഇഷ്ടത്തിലായതും. വിവാഹിതനായിരുന്ന അജിത്ത് അക്കാലയളവില്‍ വിവാഹ മോചനത്തിന്റെ വക്കിലായിരുന്നു. അനുപമ ഗര്‍ഭിണിയായി എട്ടാം മാസത്തിലാണ് അവരുടെ ബന്ധം വീട്ടുകാര്‍ അറിയുന്നത്. അതോടെ ഭീഷണിയും മർദനവുമായി. അവർക്ക് എങ്ങനെയെങ്കിലും ഗർഭം ഇല്ലാതാക്കിയാൽ മതിയായിരുന്നുവെന്നും അനുപമ കൂട്ടിച്ചേര്‍ത്തു.
2020 ഒക്ടോബർ 19നാണ് അനുപമ ആണ്‍കുഞ്ഞിന് ജന്മ നല്‍കുന്നത്. 22ന് വീട്ടിലേക്ക് മടങ്ങവേ മാതാപിതാക്കൾ കുഞ്ഞുമായി പോവുകയും അനുപമ ബഹളം വെട്ടപ്പോള് മൂത്ത സഹോദരിയുടെ വിവാഹം കഴിയുന്നതുവരെ സംഭവം ആരുമറിയേണ്ടെന്നും അതിനുശേഷം കുഞ്ഞിനെ കൊണ്ടുവരാമെന്നും ആശ്വസിപ്പിച്ചു. തുടർന്ന് പുറത്തിറങ്ങാൻപോലും അനുവാദമില്ലാത്ത വിധം വീട്ടുതടങ്കലിലാക്കുകയാരുന്നു അനുപമയെ.
അതിനിടെ, സഹോദരിയുടെ വിവാഹ ആവശ്യത്തിന് സ്ഥലം വിൽക്കാനാണെന്നു പറഞ്ഞ് ഒന്നും എഴുതാത്ത മുദ്രപ്പത്രത്തിൽ തന്നെക്കൊണ്ട് ഒപ്പുവെപ്പിച്ചെന്നും അനുപമ പറയുന്നു. കുഞ്ഞിനെ വളർത്താൻ കഴിയാത്തതിനാൽ ശിശുക്ഷേമ സമിതിക്ക് കൈമാറാൻ അനുപമയ്ക്ക് സമ്മതമാണെന്ന് അതില്‍ എഴുതിച്ചേര്‍ക്കുകയായിരുന്നു പിന്നീട്.
പാർട്ടി ആദ്യം കൈയൊഴിഞ്ഞു, പിന്നെ പുറത്താക്കി
ഡി.വൈ.എഫ്.ഐ പേരൂർക്കട മേഖല സെക്രട്ടറിയായിരുന്ന അജിത്തിനെ, അനുപമയുമായുള്ള ബന്ധം അറിഞ്ഞതോടെ വിശദീകരണംപോലും ചോദിക്കാതെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് കഴിഞ്ഞമാസമാണ് അനുപമയെ പുറത്താക്കുന്നത്. ബ്രാഞ്ച് സമ്മേളനം നടക്കുമ്പോള്‍ അനുപമയെ അറിയിച്ചിരുന്നില്ല. എന്നാല്‍, അതിൽ പങ്കെടുത്തില്ലെന്നും അംഗത്വം പുതുക്കിയില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പുറത്താക്കല്‍ നടപടി.
അജിത്തിന്റെ വിവാഹ മോചനത്തിലും പാര്‍ട്ടി ഇടപെടലുണ്ടായിരുന്നെന്നാണ് ദമ്പതികളുടെ വെളിപ്പെടുത്തല്‍. അജിത്തിന്റെ മുന്‍ ഭാര്യയ്ക്ക് ജോലി വാഗ്ദാനം ചെയ്യുകയും ചെയ്തു. കുഞ്ഞിനെക്കുറിച്ച് അന്വേഷിക്കുമ്പോഴൊക്കെ അനുപമയുടെ അച്ഛന് ആവശ്യപ്പെട്ടതനുസരിച്ച് അജിത്തിനെ അഞ്ചാറുതവണ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ അജിത്തിന് ജോലി പോലും ഉപേക്ഷിക്കേണ്ടി വരികയായിരുന്നു.