ഹണിട്രാപ്പ് കേസ്; മൊഴി നല്‍കാതെ പരാതിക്കാരനായ പോലീസുകാരന്‍

അഞ്ചല്‍ സ്വദേശിയായ യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കൊല്ലം റൂറലിലെ എസ്ഐയുടെ പരാതിയായിരുന്നു ഹണിട്രാപ്പ് കേസിന് ആധാരം

Update: 2021-09-15 04:00 GMT
Editor : Roshin | By : Web Desk
Advertising

ഹണിട്രാപ്പ് കേസില്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കാതെ പരാതിക്കാരനായ പോലീസുകാരന്‍. പോലീസുകാരനെതിരെ ഗുരുതര ആരോപണവുമായി യുവതി രംഗത്തെത്തിയിരുന്നു. രണ്ട് തവണ നോട്ടീസ് നല്‍കിയിട്ടും പരാതിക്കാരന്‍ ഹാജരാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണസംഘം എസ് പിക്ക് റിപ്പോര്‍ട്ട് കൈമാറും.

അഞ്ചല്‍ സ്വദേശിയായ യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കൊല്ലം റൂറലിലെ എസ്ഐയുടെ പരാതിയായിരുന്നു ഹണിട്രാപ്പ് കേസിന് ആധാരം. ശബ്ദരേഖ പ്രചരിച്ചത് പോലീസിന് നാണക്കേടാവുകയും കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഹണിട്രാപ്പില്‍ കുടുങ്ങിയെന്ന സംശയം ഉയരുകയും ചെയ്തതതോടെ കേസ് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറി. വ്യക്തതയില്ലാതെയുള്ള പരാതിയായതിനാല്‍ പോലീസുകാരന്‍റെ വിശദമായ മൊഴിയെടുക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ഒളിച്ചുകളി തുടരുകയാണ് പരാതിക്കാരന്‍.

മൊഴി നല്‍കാനായി ഹാജരാകാന്‍ രണ്ട് തവണ നോട്ടീസ് നല്‍കിയിട്ടും പോലീസുകാരന്‍ ഹാജരായില്ല. ആദ്യം ഡ്യൂട്ടി സമയം ചൂണ്ടിക്കാട്ടി ബുദ്ധിമുട്ടറിയിച്ചതിനെ തുടര്‍ന്നാണ് മൊഴിയെടുപ്പ് മാറ്റിയത്. രണ്ടാമത്തെ തവണയും ഹാജരാകാതിരുന്നതോടെ റൂറല്‍ എസ്പിക്ക് റിപ്പോര്‍ട്ട് കൈമാറാനാണ് നെയ്യാറ്റിന്‍കര ഡിവൈഎസ്പി അനില്‍കുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന്‍റെ തീരുമാനം. തുടര്‍നടപടി എസ്.പി തീരുമാനിക്കും. കേസിലെ പരാതിക്ക് പിന്നാലെ യുവതി പോലീസുകാരനെതിരെയും രംഗത്തെത്തിയിരുന്നു. ഉദ്യോഗസ്ഥരെ കുടുക്കാന്‍ പോലീസുകാരന്‍ തന്നെ നിര്‍ദ്ദേശിച്ചെന്നായിരുന്നു വെളിപ്പെടുത്തല്‍. ഇതിന് ശേഷം പരാതിക്കാരന്‍ മൊഴി നല്‍കാതെ മാറി നില്‍ക്കുന്നതാണ് പ്രത്യേക സംഘത്തിനും സംശയമുണ്ടാക്കുന്നത്. 


Full View


Tags:    

Writer - Roshin

contributor

Editor - Roshin

contributor

By - Web Desk

contributor

Similar News