വിദ്യാർഥിയെ കാന്റീൻ ജീവനക്കാരൻ മർദിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
ക്യാന്റീനിൽ നിന്ന് മിഠായി മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദനം.
കോഴിക്കോട്: കോക്കല്ലൂർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥിയെ സ്കൂൾ കാന്റീൻ ജീവനക്കാരൻ മർദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസ് എടുത്തു. കോഴിക്കോട് ജില്ലാ പൊലീസ് മേധാവിയോട് 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ചു.
ബാലുശേരി പൊലീസിൽ പരാതി നൽകിയിരുനെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് വിദ്യാർഥിയുടെ രക്ഷിതാക്കൾ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. പരാതിയില്‍ ആദ്യം കേസെടുക്കാതിരുന്ന ബാലുശേരി പൊലീസ് പിന്നീട് ഐ.പി.സി 341, 323 വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു.
സെപ്തംബർ 26നാണ് കോക്കല്ലൂർ ഗവണ്മെന്റ് സ്കൂളിലെ കാന്റീൻ ജീവനക്കാരനായ സജി വിദ്യാർഥിയെ മർദിച്ചത്. ക്യാന്റീനിൽ നിന്ന് മിഠായി മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദനം.
ഇന്റര്‍വെല്‍ സമയത്ത് രണ്ട് രൂപയുടെ മിഠായി വാങ്ങാനാണ് വിദ്യാര്‍ഥി കാന്റീനില്‍ എത്തിയത്. നല്ല തിരക്കായതിനാൽ കുട്ടി കാന്റീനിലെ റാക്കിന്റേയും ചുമരിന്റേയും ഇടയില്‍ കുടുങ്ങി. അതിനുള്ളില്‍ നിന്ന് തിരിച്ച് ഇറങ്ങിയപ്പോള്‍ കള്ളന്‍ കള്ളന്‍ എന്ന് പറഞ്ഞ് കാന്റീന്‍ ജീവനക്കാരന്‍ കയ്യില്‍ കയറി പിടിക്കുകയായിരുന്നു.
പിന്നീട് ഷര്‍ട്ടിന്റെ കോളറിന് പിടിച്ച് തള്ളി പുറത്തിറക്കിയെന്നും പരാതിയില്‍ പറയുന്നു. അതുകഴിഞ്ഞ് കഴുത്തിന് കുത്തിപ്പിടിച്ച് വലിച്ച് രണ്ടാം നിലയിലെ പ്രധാനാധ്യപകന്റെ മുറിക്ക് മുന്നില്‍ എത്തിക്കുകയും മറ്റൊരു അധ്യാപകനെ ഏല്‍പ്പിക്കുകയും ചെയ്തുവെന്നും കുട്ടി പറഞ്ഞിരുന്നു. മറ്റ് കുട്ടികളുടെ മുന്നില്‍ വച്ച് കള്ളനായി ചിത്രീകരിച്ചതില്‍ വിഷമമുണ്ടെന്നും താന്‍ ചെയ്തിട്ടില്ലെന്നും കുട്ടി പറഞ്ഞിരുന്നു.