സർക്കാർ ഭാഗത്തുനിന്ന് യാതൊരു സഹായവും ലഭിക്കുന്നില്ലെന്ന് ഇലന്തൂരിൽ നരബലിക്കിരയായ പത്മത്തിന്റെ മകൻ
വലിയ തുക നൽകി വക്കീലിനെവച്ച് കേസ് നടത്താനുള്ള സാമ്പത്തികശേഷിയില്ല. ജന്മം നൽകിയ അമ്മയുടെ അന്ത്യ സംസ്‌കാരം നടത്താൻ പോലും സാധിക്കുന്നില്ലെന്നും സെൽവരാജ് പറഞ്ഞു.
കൊച്ചി: സർക്കാർ ഭാഗത്തുനിന്ന് യാതൊരു സഹായവും ലഭിക്കുന്നില്ലെന്ന് ഇലന്തൂരിൽ കൊല്ലപ്പെട്ട പത്മത്തിന്റെ മകൻ. തമിഴ്‌നാട്ടിൽനിന്ന് വന്ന് കേരളത്തിൽ കഷ്ടപ്പെടുകയാണ്. അമ്മ മരിച്ചതിനു ശേഷം സർക്കാരിൽ നിന്ന് യാതൊരു സഹായവും ലഭിച്ചില്ലെന്നും പ്ത്മത്തിന്റെ മകൻ സെൽവരാജ് പറഞ്ഞു.
അമ്മയുടെ ഘാതകർ വീണ്ടും പുറത്തുവന്ന ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ചെയ്യുമെന്ന് ഉറപ്പാണ്. വലിയ തുക നൽകി വക്കീലിനെവച്ച് കേസ് നടത്താനുള്ള സാമ്പത്തികശേഷിയില്ല. ജന്മം നൽകിയ അമ്മയുടെ അന്ത്യ സംസ്‌കാരം നടത്താൻ പോലും സാധിക്കുന്നില്ല. ഇതിനകം തന്നെ 60,000 രൂപയിൽ അധികം ഇവിടെ നിൽക്കുന്നതുകൊണ്ട് ചെലവായി. കേസിന് പുറകെ നടക്കുന്നതുകൊണ്ട് ഉണ്ടായിരുന്ന ജോലി കൂടി നഷ്ടമായി. മുഖ്യമന്ത്രിയെ രണ്ടു തവണ നേരിൽ ചെന്ന് കണ്ടു. മുഖ്യമന്ത്രി കേസ് ഗൗരവമായി എടുക്കുന്നില്ല. പരാതി നൽകിയിട്ട് ഉദ്യോഗസ്ഥരും തിരിഞ്ഞു നോക്കുന്നില്ല. ഡിഎൻഎ ടെസ്റ്റ് നടത്തി മൃതദേഹം വേഗം തന്നെ വിട്ടു തരണം. 450 കിലോമീറ്റർ യാത്ര ചെയ്ത് തമിഴ്‌നാട്ടിലെത്തി സംസ്‌കരിക്കാനുള്ള കാശ് പോലും കയ്യിലില്ലെന്നും ഇനിയെങ്ങനെ മുന്നോട്ടുപോകണമെന്ന് അറിയില്ലെന്നും സെൽവരാജ് പറഞ്ഞു.