അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത്; അവയവദാതാവ് ഷെമീർ പിടിയിൽ

പാലക്കാട് സ്വദേശിയായ ഷെമീറിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്

Update: 2024-06-08 13:10 GMT
Editor : banuisahak | By : Web Desk
Advertising

കൊച്ചി: അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസിൽ അവയവദാതാവ് ഷെമീർ പൊലീസ് കസ്റ്റഡിയിൽ. പാലക്കാട് സ്വദേശിയായ ഷെമീറിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. ഇയാൾക്കായി പൊലീസ് തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. 

കേസിന്റെ തുടക്കത്തിൽ പാലക്കാടെത്തി പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഷെമീർ വീട്ടിൽ നിന്ന് പോയിട്ട് ഏറെ നാളുകളായെന്നായിരുന്നു വിവരം. തുടർന്നാണ് അന്വേഷണസംഘം തമിഴ്‌നാട്ടിലേക്ക് കടന്നത്. കോയമ്പത്തൂരിൽ നിന്നാണ് ഷെമീറിനെ പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം കേസിൽ നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.

20 പേരെയാണ് അവയവ കച്ചവടത്തിനായി വിദേശത്തേക്ക് കടത്തിയിരുന്നത്. ഈ സംഘത്തിലെ ഏക മലയാളിയാണ് പാലക്കാട് സ്വദേശിയായ ഷമീർ. ഇയാൾ വിദേശത്താണെന്നുള്ള നിഗമനത്തിലായിരുന്നെങ്കിലും, പൊലീസ് തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇതിനിടയിലാണ് ഷമീർ പിടിയിലാകുന്നത്. വൃക്ക നൽകിയതിന് 6 ലക്ഷം രൂപ ഷമീറിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

ശസ്ത്രക്രിയയെ തുടർന്ന് മതിയായ ചികിത്സ ലഭിക്കാത്തതിനാൽ ഷമീറിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ട്. അവയവ കച്ചവടത്തിനായി ഷമീർ കേരളത്തിൽ ഇടനിലക്കാരനായി പ്രവർത്തിച്ചുവന്ന സംശയവും പോലീസിനുണ്ട്. നേരത്തെ ഹൈദരാബാദിൽ നിന്ന് കേസിലെ മുഖ്യ കണ്ണിയായ വിജയവാഡ സ്വദേശിയെ പോലീസ് പിടികൂടിയിരുന്നു. ഇയാൾ നിലവിൽ പത്ത് ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ്. ഷമീർ കൂടി പിടിയിലാകുന്നതോടെ കൂടുതൽ പേരെ കേരളത്തിൽ നിന്നുൾപ്പെടെ കടത്തിയിട്ടുണ്ടോ എന്നതടക്കമുള്ള നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.

കേസില്‍ മുഖ്യകണ്ണിയെ ഒരാഴ്ച മുൻപാണ് പൊലീസ് പിടികൂടിയത്. ഹൈദരാബാദ് റാക്കറ്റിലെ മുഖ്യകണ്ണിയായ പ്രതാപൻ എന്ന പേരില്‍ അറിയപ്പെടുന്ന ബല്ലംകൊണ്ട രാമപ്രസാദ് ആണ് പിടിയിലായത്. ഓണ്‍ലൈനില്‍ ആളുകളെ കണ്ടെത്തി അവയവ ദാതാവ് ആകാൻ പ്രേരിപ്പിക്കുന്നതാണ് ഇയാളുടെ രീതി.

കേരളത്തില്‍ നിന്ന് ഷെമീർ മാത്രമാണ് ഇതിന് ഇരയായതെന്നാണ് വിവരം. കൂടുതല്‍ പേരും ഹൈദരാബാദ്, തമിഴ്നാട് സ്വദേശികളാണെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ക്കാണ് ഇറാൻ സംഘവുമായി ബന്ധമെന്നും പൊലീസ് കണ്ടെത്തിയിരുന്നു. 

കേസിലെ നാലാം പ്രതി ആലുവ സ്വദേശി മധു ഇറാനിലാണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ അന്വേഷണസംഘം തുടങ്ങിക്കഴിഞ്ഞു. നേരത്തെ ഷെമീറിനെ കുറിച്ച് വിവരം ലഭിച്ചെങ്കിലും ഇയാളെ  കണ്ടെത്താൻ പൊലീസിനായില്ല. ഇയാളുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയുണ്ടെന്നായിരുന്നു വിവരം. എന്നാൽ, പോലീസ് തമിഴ്‌നാട്ടിൽ എത്തിയപ്പോഴേക്കും ഷെമീർ താമസസ്ഥലം മാറ്റി. ഒടുവിൽ നടത്തിയ തെരച്ചിലൊടുവിലാണ് കോയമ്പത്തൂരിൽ നിന്ന് ഇയാൾ പിടിയിലാകുന്നത്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News