അഡ്മിനിസ്ട്രേറ്ററുടെ ജനദ്രോഹ നടപടിക്കെതിരെ ലക്ഷദ്വീപിൽ നിരാഹാര സമരം; മത്സ്യബന്ധന ബോട്ടുകള്‍ കടലിലിറക്കില്ല
വാഹനങ്ങൾ നിരത്തിലിറക്കാതെയും പ്രതിഷേധം. മെഡിക്കൽ ജീവനക്കാർ ജാഗ്രത പാലിക്കണമെന്ന് അഡ്മിനിസ്ട്രേഷന്‍റെ നിർദേശം
ലക്ഷദ്വീപിൽ 12 മണിക്കൂർ നീളുന്ന നിരാഹാര സമരം ആരംഭിച്ചു. ചരിത്രത്തിലാദ്യമായി ദ്വീപിൽ ഹർത്താൽ പ്രതീതിയാണ്. കച്ചവട സ്ഥാപനങ്ങൾ അടക്കും. മത്സ്യബന്ധന ബോട്ടുകൾ കടലിലിറക്കില്ല. വാഹനങ്ങൾ നിരത്തിലിറക്കാതെയും പ്രതിഷേധം. മെഡിക്കൽ ജീവനക്കാർ ജാഗ്രത പാലിക്കണമെന്ന് അഡ്മിനിസ്ട്രേഷന്‍റെ നിർദേശം. രോഗികളുള്‍പ്പെടെയുള്ളവര്‍ നിരാഹാരം നടത്തുന്ന സാഹചര്യത്തിലാണ് നിര്‍ദ്ദേശം.
കഴിഞ്ഞ ദിവസം തേങ്ങയും ഓലയും പറമ്പിലിടരുതെന്ന വിചിത്ര ഉത്തരവ് അഡ്മിനിസ്ട്രേറ്റര്‍ പുറത്തിറക്കിയിരുന്നു. പറമ്പില്‍ ഓലയോ തേങ്ങയോ കണ്ടാല്‍ പിഴയും ശിക്ഷയുമുണ്ടാവും. ഖരമാലിന്യങ്ങള്‍ കത്തിക്കരുത്. പ്രത്യേക വാഹനമില്ലാതെ ഖരമാലിന്യങ്ങള്‍ കൊണ്ടുപോവാനും പാടില്ല. ദ്വീപ് മാലിന്യമുക്തമാക്കാനാണ് പുതിയ തീരുമാനമെന്നാണ് ന്യായീകരണം. അതേസമയം ദ്വീപ് നിവാസികള്‍ക്കെതിരെ കേസെടുക്കാനുള്ള നീക്കമാണ് പുതിയ ഉത്തരവിന്‍റെ ലക്ഷ്യമെന്ന് വിമര്‍ശനമുണ്ട്.