'നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ എനിക്ക് സാധിക്കില്ല'; ഒഴിഞ്ഞുമാറി മോഹൻലാൽ

'റിപ്പോർട്ടിൽ ഇപ്പോൾ പെട്ടെന്നൊരു തീരുമാനമെടുക്കാൻ സാധിക്കില്ല. പൊലീസിന്റെയോ കോടതിയുടേയോ കൈയിലിരിക്കുന്ന കാര്യത്തിൽ എനിക്കൊരു അഭിപ്രായം പറയാൻ പറ്റില്ല'.

Update: 2024-08-31 10:49 GMT
Advertising

തിരുവനന്തപുരം: മലയാള സിനിമാമേഖലയെ പിടിച്ചുകുലുക്കിയ ഹേമ കമ്മിറ്റി റിപ്പോർട്ടും നടൻമാർക്കെതിരായ ലൈം​ഗികാരോപണങ്ങളും സംബന്ധിച്ച വിവിധ ചോദ്യങ്ങളോട് ഒഴിഞ്ഞുമാറി അമ്മ പ്രസി‍ഡന്റ് സ്ഥാനത്തുനിന്ന് രാജിവച്ച നടൻ മോഹൻലാൽ. നിങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയാൻ തനിക്ക് സാധിക്കില്ലെന്നും ഉത്തരങ്ങളില്ലെന്നും നടൻ പ്രതികരിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന് 12ാം ദിവസമായിരുന്നു വിഷയത്തിൽ മൗനം വെടിഞ്ഞ് മോഹൻലാൽ രം​ഗത്തെത്തിയത്.

റിപ്പോർട്ട് പുറത്തുവരികയും അമ്മ ഭാരവാഹികൾക്കെതിരെയുൾപ്പെടെ ലൈം​ഗികാരോപണങ്ങൾ ഉയരുകയും ചെയ്ത പശ്ചാത്തലത്തിൽ പ്രസിഡന്റ് ചുമതലയിൽ നിന്ന് രാജിവയ്ക്കുകയും നിലവിലെ ഭരണസമിതി പിരിച്ചുവിടുകയും ചെയ്തെങ്കിലും വിഷയത്തിൽ ഇതുവരെ പ്രതികരിക്കാൻ മോഹൻലാൽ തയാറാവാത്തത് വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് തിരുവനന്തപുരത്ത് അദ്ദേഹം മാധ്യമങ്ങളെ കണാൻ തയാറായത്.

പവർ​ഗ്രൂപ്പ് ഉണ്ടെന്ന ഹേമ കമ്മിറ്റിയുടെ സുപ്രധാന കണ്ടെത്തൽ നിഷേധിച്ച മോഹൻലാൽ, മാധ്യമപ്രവർത്തകർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് തനിക്ക് മറുപടി പറയാൻ സാധിക്കില്ലെന്നും കേരളാ പൊലീസിന്റെ കാര്യം അവരല്ലേ നോക്കേണ്ടത്, താനാണോ എന്നും ചോദിച്ചു. നിങ്ങൾ ചോദ്യങ്ങൾ ചോദിക്കാൻ തയാറായിട്ടാണ് വന്നത്. പക്ഷേ എനിക്ക് ഉത്തരങ്ങളില്ല. എന്റെ കൈയിൽ നിൽക്കുന്ന കാര്യമല്ല. നിങ്ങളുടെ കൈയിലാണ് ഈ കാര്യങ്ങൾ നിൽക്കുന്നത്- എന്നും നടൻ പറഞ്ഞു.

'ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണം വേണോ' എന്ന ചോദ്യത്തിന് തീർച്ചയായും വേണമെന്നും അത് കോടതിയിൽ ഇരിക്കുന്ന കാര്യമല്ലേയെന്നും മോഹൻലാൽ പ്രതികരിച്ചു. ഇതിനു മുമ്പും ഇതിലും വലിയ കാര്യങ്ങൾ നടന്നിട്ടുണ്ട്. അതൊക്കെ സിനിമയിൽ മാത്രമല്ല. റിപ്പോർട്ടിൽ ഇപ്പോൾ പെട്ടെന്നൊരു തീരുമാനമെടുക്കാൻ സാധിക്കില്ല. പൊലീസിന്റെയോ കോടതിയുടേയോ കൈയിലിരിക്കുന്ന കാര്യത്തിൽ തനിക്കൊരു അഭിപ്രായം പറയാൻ പറ്റില്ല' എന്നും മോഹൻലാൽ അഭിപ്രായപ്പെട്ടു.

ഒരു സംഭവം നടന്നാൽ അതിന് ഉത്തരം പറയേണ്ടത് അമ്മ സംഘടനാ മാത്രമല്ലെന്നും അഭിഭാഷകരുമായി സംസാരിച്ചതിനു ശേഷമാണ് മാറിനിൽക്കാമെന്ന് തീരുമാനിച്ചതെന്നും മോഹൻലാൽ പറഞ്ഞു. അമ്മയിൽ നിന്ന് പൂർണമായി ഒഴിഞ്ഞുമാറിയിട്ടില്ല. എല്ലാവരുടെയും അനുവാദം വാങ്ങിയാണ് അമ്മയിൽ നിന്ന് മാറിയത്. ഞങ്ങൾ എന്താണ് ചെയ്യേണ്ടത്. തനിക്ക് പറ്റാത്ത ചോദ്യങ്ങൾ ചോദിച്ചാൽ ഉത്തരം പറയാൻ പറ്റില്ലെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

‘അമ്മ’ മെമ്പർഷിപ്പുമായി ബന്ധപ്പെട്ട ആരോണങ്ങൾ, സംഘടനയുടെ ജനറൽ സെക്രട്ടറിയായിരുന്ന സിദ്ദിഖിനെതിരെ ഉയർന്ന ലൈംഗിക ആരോപണവും തുടർന്നുള്ള രാജിയും, സമീപകാലത്ത് ഉയർന്നുവന്ന മറ്റു വെളിപ്പെടുത്തലുകൾ തുടങ്ങിയയോടും അദ്ദേഹം മൗനം പാലിച്ചു. 

Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News