Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
വയനാട്: ഡിസിസി ട്രഷററർ എൻ.എം വിജയന്റെ ആത്മഹത്യാക്കുറിപ്പിൽ ഐ.സി ബാലകൃഷ്ണൻ എംഎൽഎയെക്കുറിച്ച് പരാമർശം. ഐ.സി ബാലകൃഷ്ണൻ നിയമനത്തിന്റെ പേരിൽ കോഴ വാങ്ങി എന്നാണ് ആത്മഹത്യാക്കുറിപ്പിൽ പരാമർശിക്കുന്നത്. വലിയ ബാധ്യതകൾ ഉണ്ടായിട്ടും തന്നെ ആരും തിരിഞ്ഞു നോക്കിയില്ലെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ഏഴ് പേജിലധികമുള്ള ആത്മഹത്യകുറിപ്പാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്.
ജീവിതകാലം മുഴുവൻ കോൺഗ്രസിന് വേണ്ടി ജീവിച്ച നേതാവാണ് എൻ.എം വിജയനെന്നും ഐ.സി ബാലകൃഷ്ണൻ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നും വയനാട് സിപിഎം ജില്ലാ സെക്രട്ടറി കെ.റഫീഖ് ആവശ്യപ്പെട്ടു. കോടികളുടെ അഴിമതിയാണ് കെപിസിസിയുടെ ഒത്താശയോടെ കോൺഗ്രസ് ഭരിക്കുന്ന പല സഹകരണ ബാങ്കിലും നടക്കുന്നതെന്നും കെ.റഫീഖ് ചൂണ്ടിക്കാട്ടി.
നേതാക്കളുടെ നിർദേശത്തെ തുടർന്ന് ഇടനിലക്കാരനായി നിന്നുകൊണ്ടാണ് എൻ.എം വിജയൻ ഉദ്യോഗാർഥികളിൽ നിന്ന് ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയത്. എന്നാൽ ജോലി കൊടുക്കാൻ കഴിയാതെ വന്നപ്പോൾ പണം തിരികെ നൽകാൻ വേണ്ടി ഉദ്യോഗാർഥികൾ ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് എംഎൽഎ ഉൾപ്പടെയുളളവരോട് കാര്യം അവതരിപ്പിക്കുകയും വേണ്ട നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് എൻ.എം വിജയൻ ആത്മഹത്യ ചെയ്തത് -കെ. റഫീഖ് പറഞ്ഞു.