ആർ.എസ്.എസിൽ നിർണായക മാറ്റം; കേരളം രണ്ട് സംഘടനാ പ്രാന്തങ്ങൾ
തിരുവനന്തപുരം, കൊല്ലം, ശബരിഗിരി, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ആറ് വിഭാഗുകൾ പുതിയതായി രൂപീകരിച്ച ദക്ഷിണകേരളത്തിന്റെയും തൃശ്ശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ വിഭാഗുകൾ ഉത്തരകേരളത്തിന്റെയും ഭാഗമാകും.
നാഗ്പൂർ: പ്രവർത്തനം വികേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ ആർ.എസ്.എസ് ഇനി രണ്ട് സംഘടനാ പ്രാന്തങ്ങളായി പ്രവർത്തിക്കും. തിരുവനന്തപുരം മുതൽ എറണാകുളം ഉൾപ്പെടുന്ന മേഖല ദക്ഷിണ കേരളാ പ്രാന്തമെന്നും തൃശൂർ മുതൽ കാസർകോട് ഉൾപ്പെടുന്ന മേഖല ഉത്തര കേരള പ്രാന്തമെന്നുമായി പ്രവർത്തിക്കാൻ നാഗ്പൂർ രേശിംഭാഗിലെ അഖില ഭാരതീയ പ്രതിനിധിസഭയിൽ തീരുമാനിച്ചു. ഇതുവരെ 38 സംഘ ജില്ലകളും 11 വിഭാഗുകളുമായാണ് കേരളത്തിൽ ആർ.എസ്.എസ് പ്രവർത്തനം നടന്നിരുന്നത്.
തിരുവനന്തപുരം, കൊല്ലം, ശബരിഗിരി, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ആറ് വിഭാഗുകൾ പുതിയതായി രൂപീകരിച്ച ദക്ഷിണകേരളത്തിന്റെയും തൃശ്ശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ വിഭാഗുകൾ ഉത്തരകേരളത്തിന്റെയും ഭാഗമാകും. 20 സംഘജില്ലകൾ ദക്ഷിണപ്രാന്തത്തിലും 17 സംഘജില്ലകൾ ഉത്തര പ്രാന്തത്തിലും പെടും. ആർ.എസ്.എസ് പ്രവർത്തനത്തിന്റെ തുടക്കം മുതൽ കേരളം മദിരാശി പ്രാന്തത്തിന്റെ ഭാഗമായിരുന്നു. 1964ലാണ് കേരള പ്രാന്തം രൂപീകരിക്കുന്നത്. കാസർകോട് ജില്ലയിലെ ചന്ദ്രഗിരിപ്പുഴക്ക് തെക്കോട്ട് തിരുവനന്തപുരം റവന്യൂജില്ല വരെയാണ് കേരളപ്രാന്തത്തിന്റെ ഭാഗമായിരുന്നത്. കഴിഞ്ഞ വർഷമാണ് കാസർകോട് ജില്ല പൂർണമായും കേരള പ്രാന്തത്തിന്റെ ഭാഗമായത്.
പുതിയ ചുമതലക്കാരെയും പ്രതിനിധിസഭയിൽ സർകാര്യവാഹ് ദത്താത്രേയ ഹൊസ ബാളെ പ്രഖ്യാപിച്ചു. ദക്ഷിണ കേരള പ്രാന്ത സംഘചാലക് പ്രൊഫ. എം. എസ്. രമേശൻ, പ്രാന്ത പ്രചാരക് എസ്.സുദർശനൻ, സഹ പ്രാന്തപ്രചാരക് കെ. പ്രശാന്ത്, പ്രാന്ത കാര്യവാഹ് ടി.വി പ്രസാദ് ബാബു, പ്രാന്തസഹകാര്യവാഹ് കെ.ബി. ശ്രീകുമാർ എന്നിവരായിരിക്കും.
അഡ്വ. കെ.കെ ബാലറാമാണ് ഉത്തരകേരള പ്രാന്ത സംഘചാലക്, പ്രാന്തപ്രചാരക് എ. വിനോദ്, സഹ പ്രാന്തപ്രചാരക്. വി. അനീഷ്, പ്രാന്തകാര്യവാഹ് പി.എൻ. ഈശ്വരൻ , പ്രാന്ത സഹകാര്യവാഹ് പി.പി. സുരേഷ് ബാബു എന്നിവരാണ് മറ്റു ചുമതലക്കാർ. കേരള പ്രാന്തത്തിന്റെ സഹകാര്യഹായിരുന്ന കെ.പി. രാധാകൃഷ്ണൻ ഉത്തര, ദക്ഷിണ പ്രാന്തങ്ങളുടെ ബൗദ്ധിക് പ്രമുഖായി പ്രവർത്തിക്കും.
കേരളത്തിൽനിന്നുള്ള ഒ.കെ. മോഹനൻ അഖിലഭാരതീയ സഹ ശാരീരിക് പ്രമുഖ് എന്ന ചുമതലയിൽ നിയോഗിക്കപ്പെട്ടു. നിലവിൽ ദക്ഷിണക്ഷേത്ര പ്രചാരക് പ്രമുഖായി പ്രവർത്തിക്കുകയായിരുന്നു. തമിഴ്നാടും കേരളവുമടങ്ങുന്ന ദക്ഷിണക്ഷേത്രത്തിന്റെ പ്രചാരകായി പി.എൻ. ഹരികൃഷ്ണകുമാറും കാര്യവാഹായി എം. രാധാകൃഷ്ണനും പ്രവർത്തിക്കും. ഹരികൃഷ്ണകുമാർ നിലവിൽ ക്ഷേത്ര സഹസമ്പർക്ക പ്രമുഖും രാധാകൃഷ്ണൻ സഹകാര്യവാഹുമായിരുന്നു. നിലവിൽ ക്ഷേത്രപ്രചാരകായിരുന്ന എ. സെന്തിൽകുമാർ അഖിലഭാരതീയ സഹസേവാപ്രമുഖായി. ക്ഷേത്രകാര്യവാഹായിരുന്ന എസ്. രാജേന്ദ്രൻ ക്ഷേത്രീയ സദസ്യനാകും. അസമിൽ തേജ്പൂർ വിഭാഗ് പ്രചാരകായിരുന്ന മലയാളിയായ ജി.കണ്ണൻ ത്രിപുര പ്രാന്തസഹപ്രചാരകായി പ്രവർത്തിക്കും.