'യു.എ.പി.എ ചുമത്തുന്ന കാര്യം ഇപ്പോൾ പറയാൻ കഴിയില്ല, ഒരു സാധ്യതയും തള്ളുന്നില്ല'; ഡി.ജി.പി അനിൽകാന്ത്
'പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കുന്നു'
ന്യൂഡൽഹി: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ഷാരൂഖ് സെയ്ഫിക്കെതിരെ യു.എ.പി.എ ചുമത്തുന്ന കാര്യം ഇപ്പോൾ പറയാൻ കഴിയില്ലെന്ന് ഡി.ജി.പി അനിൽകാന്ത്.എല്ലാ വശങ്ങളും പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.ഏതൊക്കെ വകുപ്പുകൾ ചുമത്തുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ല.ഒരു സാധ്യതയു ഈ ഘട്ടത്തിൽ തള്ളുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കുന്നുണ്ടെന്നും ഡി.ജി.പി പറഞ്ഞു. അതേസമയം, ഷാരൂഖ് സെയ്ഫിയുടെ വൈദ്യപരിശോധന കോഴിക്കോട് മെഡിക്കൽ കോളജിൽ നടക്കുകയാണ്. സി.ടി.സ്‌കാൻ, എക്‌സറേ തുടങ്ങിയവ പരിശോധനകൾക്ക് സെയ്ഫിയെ വിധേയനാക്കി.
മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ നിന്ന് മാലൂർക്കുന്ന് എആർ ക്യാമ്പിലെത്തിച്ച ഷാരൂഖ് സെയ്ഫിയെ എഡിജിപി എം.ആർ അജിത് കുമാറിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. സെയ്ഫിയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി ഇന്ന് തന്നെ കസ്റ്റഡിയിൽ വാങ്ങും. ഇതിന് ശേഷമാകും തെളിവെടുപ്പ് നടത്തുക. അതേസമയം, അക്രമം നടത്തിയത് തന്റെ കുബുദ്ധി കൊണ്ടെന്നാണ് ഷാരൂഖ് മൊഴിനൽകിയെന്നാണ് പൊലീസ് പറയുന്നത്.എന്നാൽ ഇക്കാര്യം പൊലീസ് മുഖവിലക്കെടുത്തിട്ടില്ല.
കേരളത്തിലെത്തിയത് ആദ്യമായാണെന്നും ഷാരൂഖ് സെയ്ഫി മൊഴി നൽകി. തീ കൊളുത്തിയ ശേഷം അതേ ട്രെയിനിൽ തന്നെ കണ്ണൂരിലെത്തി. റെയിൽവെ സ്റ്റേഷനിൽ പൊലീസിന്റെ പരിശോധന നടക്കുമ്പോൾ ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ ഒളിച്ചിരുന്നു. അന്ന് പുലർച്ചയോടെ ജനറൽ കമ്പാർട്ട്‌മെന്റിൽ ടിക്കറ്റ് എടുക്കാതെ രത്‌നഗിരിയിലേക്ക് യാത്ര ചെയ്‌തെന്നും ഷാരൂഖ് സെയ്ഫി മൊഴി നൽകിയെന്ന് പൊലീസ് പറയുന്നു.
ഞായറാഴ്ച രാത്രി 9.30 ഓടെയായിരുന്നു ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവിൽ അക്രമി പെട്രോളൊഴിച്ച് യാത്രക്കാരെ തീ കൊളുത്തിയത്. ട്രെയിൻ എലത്തൂർ പിന്നിട്ടപ്പോഴായിരുന്നു സംഭവം. ഡി 1 കമ്പാർട്ടുമെന്റിലാണ് അക്രമണം നടന്നത്. തീ പടരുന്ന് കണ്ട് ട്രാക്കിലേക്ക് എടുത്തു ചാടിയെന്ന് കരുതുന്ന മൂന്നു പേരുടെ മൃതദേഹം പിന്നീട് കണ്ടെത്തിയിരുന്നു. കണ്ണൂർ മട്ടന്നൂർ സ്വദേശി റഹ്മത്ത്,സഹോദരിയുടെ മകൾ രണ്ടരവയസുകാരി സഹ്‌റ, കണ്ണൂർ സ്വദേശി നൗഫിക്ക് എന്നിവരാണ് മരിച്ചത്.