ബാലുശ്ശേരിയിൽ മരം കടപുഴകി; വാർഡ് മെമ്പർ രക്ഷപ്പെട്ടത് തലനാരിഴക്ക്
പനങ്ങാട് പഞ്ചായത്തംഗം ലാലി രാജുവാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്.
കോഴിക്കോട്: ബാലുശ്ശേരി തലയാട്-കക്കയം റോഡിലേക്ക് മരം കടപുഴകി വീണു. മരം വീഴുന്നതിനിടെ സ്‌കൂട്ടറിൽ വരികയായിരുന്ന വാർഡ് മെമ്പർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. പനങ്ങാട് പഞ്ചായത്തംഗം ലാലി രാജുവാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. ശക്തമായ കാറ്റിലും മഴയിലും റോഡരികിലെ മരം പൊടുന്നനെ വീഴുകയായിരുന്നു.
കാറ്റത്ത് ചാഞ്ഞ മരം പ്രദേശവാസികൾ നോക്കിനിൽക്കുമ്പോഴായിരുന്നു റോഡിലേക്ക് വീണത്. ഈ സമയം മറുവശത്ത് നിന്ന് സ്‌കൂട്ടറിൽ വരികയായിരുന്ന ലാലി രാജുവിനെ ആളുകൾ ശബ്ദമുണ്ടാക്കി നിർത്തിക്കുകയായിരുന്നു. സ്‌കൂട്ടർ നിർത്തിയതും മരം വീണു.
കനത്ത മഴ തുടരുന്നതിനാൽ ദുരിതബാധിതരെക്കുറിച്ച് അന്വേഷിക്കാനിറങ്ങിയതായിരുന്നു ലാലി. സ്‌കൂട്ടറിൽ വരുമ്പോൾ ആളുകൾ ബഹളമുണ്ടാക്കുന്നത് കേട്ടാണ് വണ്ടി നിർത്തിയതെന്ന് ലാലി പറഞ്ഞു. ഇന്നലെ വൈകിട്ട് മുതൽ തലയാട്, കക്കയം ഭാഗത്ത് കനത്ത മഴ തുടരുകയാണ്.