തൃക്കാക്കരയില്‍ അങ്കം മുറുകുന്നു; ട്വന്‍റി-ട്വന്‍റി ഇന്ന് നിലപാട് പ്രഖ്യാപിക്കും
പ്രധാന നേതാക്കൾ ക്യാമ്പ് ചെയ്താണ് മുന്നണികളുടെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്
കൊച്ചി: വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് ആവേശം മുറുകുന്നു. പ്രധാന നേതാക്കൾ ക്യാമ്പ് ചെയ്താണ് മുന്നണികളുടെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. സർക്കാരിന്‍റെ നേട്ടങ്ങളും കോട്ടങ്ങളും എണ്ണിപ്പറഞ്ഞാണ് പ്രചാരണം.
വോട്ടെടുപ്പിന് 9 ദിവസം മാത്രം ശേഷിക്കെ തൃക്കാക്കരയയിൽ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് മുന്നണികൾ. കനത്ത മഴ വെല്ലുവിളി ആവുന്നുണ്ടെങ്കിലും അത് അവഗണിച്ചാണ് പ്രചാരണം പുരോഗമിക്കുന്നത്. തൃക്കാക്കരയിലൂടെ സെഞ്ച്വറി ലക്ഷ്യംവച്ച് എല്‍.ഡി.എഫിനായി മന്ത്രിമാരുടെ ഒരു വലിയ നിര തന്നെ മണ്ഡലത്തിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജനും ഉടൻ മണ്ഡലത്തിൽ തിരിച്ചെത്തും.
യു.ഡി.എഫിനായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അടക്കമുള്ള മുതിർന്ന നേതാക്കളും യുവ നേതാക്കളും ഒരേ പോലെ പ്രചാരണത്തിൽ സജീവമാണ്. കെ റെയിലിനും പൊലീസ് ഭീകരതക്കുമെതിരെ ലഘുലേഖകൾ അടക്കം വിതരണം ചെയ്താണ് വോട്ടുതേടൽ. ഇടത് വലത് മുന്നണികളെ രൂക്ഷമായി വിമര്‍ശിച്ചും കേന്ദ്ര സർക്കാരിന്‍റെ നേട്ടങ്ങൾ എണ്ണി പറഞ്ഞുമാണ് എന്‍.ഡി.എ പ്രചാരണം പുരോഗമിക്കുന്നത്. വീടുകളിലും സ്ഥാപനങ്ങളിലും എത്തി പരമാവധി ആളുകളെ നേരിൽ കണ്ടായിരിക്കും ഇന്ന് മൂന്ന് മുന്നണികളുടെയും പ്രചാരണം.