വർക്കലയിൽ വീടിന് പുറത്താക്കിയ മാതാപിതാക്കളുടെ സംരക്ഷണം ഏറ്റെടുക്കണമെന്ന് മക്കൾക്ക് ഉത്തരവ്
സബ് കലക്ടർ ഓ.വി ആൽഫ്രഡ് ആണ് ഉത്തരവിട്ടത്


തിരുവനന്തപുരം: വർക്കലയിൽ മാതാപിതാക്കളെ വീടിന് പുറത്താക്കിയ സംഭവത്തിൽ മാതാപിതാക്കളുടെ സംരക്ഷണം ഏറ്റെടുക്കണമെന്ന് മക്കൾക്ക് ഉത്തരവ്. ഇറക്കി വിട്ട അയിരൂരിലെ വീട്ടിൽ താമസം ഉറപ്പാക്കണമെന്ന് സബ് കലക്ടർ ഓ.വി ആൽഫ്രഡ് ഉത്തരവിട്ടു.
മാതാപിതാക്കളുടെ ഭക്ഷണം വസ്ത്രം ചികിത്സ എന്നിവ മക്കളെല്ലാവരും കൂടെ തുല്യമായി ലഭ്യമാക്കണം. ഇറക്കിവിട്ട ഐരൂരിലെ വീട്ടിൽ തന്നെ താമസം ഉറപ്പാക്കണം. ചിലവിനായി പ്രതിമാസം നൽകിയ വരുന്ന 10000 രൂപ തുടരണമെന്നും ഉത്തരവിൽ പറയുന്നു. മാതാപിതാക്കളെ ശാരീരികമായോ മാനസികമായോ ഉപദ്രവിക്കാൻ പാടുള്ളതല്ല എന്നും ഉത്തരവ്. ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ അയിരൂർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറെയും ചുമതലപ്പെടുത്തി. സംഭവത്തിൽ സാമൂഹ്യനീതി വകുപ്പ് നടത്തിയ അന്വേഷണത്തെ തുടർന്നാണ് ഇടപെടൽ. മാതാപിതാക്കളെ പുറത്താക്കിയതിന് മകൾ സിജയ്ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു വർക്കലയിൽ മാതാപിതാക്കളെ പുറത്താക്കി മകൾ ഗേറ്റ് അടച്ചത്. അയിരൂർ സ്വദേശികളായ സദാശിവൻ (79), ഭാര്യ സുഷമ (73) എന്നിവരെയാണ് മകൾ സിജി (39) വീടിന് പുറത്താക്കിയത്.