അഗത്തി ദ്വീപിൽ നിന്ന് രോഗികളെ ആകാശമാർഗം കൊച്ചിയിൽ എത്തിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ്
രണ്ടുപേരെയും എറണാകുളം കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Update: 2024-06-28 07:37 GMT
എറണാകുളം: അഗത്തി ദ്വീപിൽ നിന്ന് അത്യാസന നിലയിലുള്ള രണ്ട് രോഗികളെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് ആകാശമാർഗം കൊച്ചിയിൽ എത്തിച്ചു. വെന്റിലേറ്ററിൽ ഉള്ള മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെയും തലയ്ക്ക് പരിക്കും കടുത്ത വിളർച്ചയുമുള്ള 53 കാരിയായ സ്ത്രീയെയും ആണ് വിദഗ്ധ ചികിത്സയ്ക്കായി അടിയന്തരമായി കൊച്ചിയിൽ എത്തിച്ചത്. രണ്ടുപേരെയും എറണാകുളം കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏകദേശം 950 കിലോമീറ്റർ താണ്ടിയാണ്, ഐസിജി ഡോർണിയർ വിമാനം രക്ഷാദൗത്യത്തിൽ പങ്കാളിയായത്. ഏത് മോശം കാലാവസ്ഥയിലും വിദൂര ദ്വീപുകളിലുൾപ്പെടെയുള്ള പൗരന്മാരുടെ സുരക്ഷയ്ക്കായുള്ള ഇന്ത്യൻ കോസ്റ്റ് ഗാർഡിൻറെ പ്രതിബദ്ധതയാണ് ഈ മെഡിക്കൽ ഇവാക്കുവേഷൻ ഓപ്പറേഷൻ സൂചിപ്പിക്കുന്നതെന്ന് കോസ്റ്റ് ഗാർഡ് അധികൃതർ പറഞ്ഞു.