ഹീമോഫീലിയ ചികിത്സാ കേന്ദ്രത്തിന് അന്തര്‍ദേശീയ അംഗീകാരം

ആലുവ ജില്ലാ ആശുപത്രിയിലെ ഹീമോഫീലിയ ചികിത്സാ കേന്ദ്രത്തിനാണ് വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ഹീമോഫീലിയയുടെ അംഗീകാരം ലഭിച്ചത്

Update: 2024-03-20 11:19 GMT
Editor : ദിവ്യ വി | By : Web Desk
Advertising

തിരുവനന്തപുരം: സംസ്ഥാനത്തെ ഹീമോഫീലിയ ചികിത്സാ കേന്ദ്രത്തിന് അന്തര്‍ദേശീയ അംഗീകാരം. ആലുവ ജില്ലാ ആശുപത്രിയിലെ ഹീമോഫീലിയ ചികിത്സാ കേന്ദ്രത്തിനാണ് വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ഹീമോഫീലിയയുടെ അംഗീകാരം ലഭിച്ചത്. വേള്‍ഡ് ബ്ലഡ് ഡിസോര്‍ഡര്‍ രജിസ്ട്രിയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഗുണമേന്മയുള്ള വിവരശേഖരണം നടത്തിയതിനും ഏകോപനത്തിനുമാണ് ആഗോള തലത്തിലുള്ള അംഗീകാരം ലഭിച്ചത്.

ഹീമോഫീലിയ രോഗികളുടെ ചികിത്സയ്ക്കായി സംസ്ഥാനം നടത്തി വരുന്ന പ്രവര്‍ത്തനങ്ങളുടെ അംഗീകാരമാണിതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഹീമോഫീലിയ രോഗികളുടെ കൃത്യമായ വിവരങ്ങള്‍ നിരീക്ഷിക്കുകയും അതനുസരിച്ച് ചികിത്സയും പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ച് വരികയും ചെയ്യുന്നു. ഹീമോഫീലിയ രോഗികളുടെ രോഗാവസ്ഥ വ്യത്യസ്തമാണ്. അതിനാല്‍ തന്നെ വ്യക്തികള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചികിത്സാ പദ്ധതിയ്ക്കാണ് സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി ജില്ല തിരിച്ച് രോഗികളുടെ പട്ടിക ഉള്‍ക്കൊള്ളുന്ന ഹീമോഫീലിയ ഡയറക്ടറി തയ്യാറാക്കി. ഇതുകൂടാതെ ഹീമോഫീലിയ, തലസീമിയ, സിക്കിള്‍ സെല്‍ അനീമിയ എന്നീ രോഗങ്ങളുടെ ചികിത്സയ്ക്കും ഏകോപനത്തിനുമായി ആശാധാര വെബ് പോര്‍ട്ടലും മൊബൈല്‍ ആപ്പും സജ്ജമാക്കി. ഈ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിന് അടുത്തിടെ ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ അവാര്‍ഡ് ലഭിച്ചതായും മന്ത്രി വ്യക്തമാക്കി.

രണ്ടായിരം പേര്‍ നിലവില്‍ ആശാധാര പദ്ധതി വഴി രജിസ്റ്റര്‍ ചെയ്ത് ചികിത്സ തേടുന്നുണ്ട്. ഇവരുടെ ചികിത്സ സംബന്ധിച്ച വിവരങ്ങള്‍ ആശുപത്രികള്‍ക്ക് രേഖപ്പെടുത്തി സൂക്ഷിക്കുന്നതിനും ഇത് ജില്ലാ, സംസ്ഥാന തലങ്ങളില്‍ പരിശോധിച്ച് മരുന്നുകള്‍ സംഭരിക്കുന്നതിനും, ഭരണപരമായ തീരുമാനങ്ങള്‍ക്കും ആശാധാര പോര്‍ട്ടല്‍ സഹായിക്കുന്നു. കേരളത്തില്‍ ആശാധാര പദ്ധതി വഴി 96 കേന്ദ്രങ്ങളിലാണ് ഹീമോഫീലിയ ചികിത്സ നല്‍കി വരുന്നത്. താലൂക്ക് ആശുപത്രികള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള കേന്ദ്രങ്ങളിലാണ് നിലവില്‍ ചികിത്സാ സൗകര്യങ്ങളുള്ളത്. എല്ലാ ജില്ലകളിലും പ്രത്യേക ആശാധാര ചികിത്സാ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നു.

രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ കുറവുള്ളവര്‍ക്ക് ഫാക്ടര്‍ നല്‍കുന്നതിന് പുറമെ, ശരീരത്തില്‍ ഇന്‍ഹിബിറ്റര്‍ (ഫാക്ടറിനോട് പ്രതിപ്രവര്‍ത്തനമുണ്ടായി ഫാക്ടര്‍ ചികിത്സ ഫലിക്കാത്ത സാഹചര്യം) അളവ് പരിശോധിക്കാനും തുടര്‍ന്ന് വേണ്ട ആളുകള്‍ക്ക് എപിസിസി, മോണോക്ലോണല്‍ ആന്റിബോഡി ചികിത്സകളും നിലവില്‍ നല്‍കി വരുന്നുണ്ട്. ഇതുകൂടാതെ പ്രത്യേക ഫിസിയോതെറാപ്പി സൗകര്യവും ജില്ലാതലത്തില്‍ നിലവിലുണ്ട്.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News