'ഇത് മോദിയുടെ സഭയാണോ?; അഴിമതിയെക്കുറിച്ച് പറയുമ്പോൾ ഇത്ര അസഹിഷ്ണുത എന്തിന്?'; സ്പീക്കറോട് കെ.കെ രമ
നിയമസഭയിൽ സഹകരണ ഭേദഗതി ബില്ലിൽ ചർച്ച നടക്കുന്നതിനിടെയായിരുന്നു രമയുടെ വിമർശനം.
തിരുവനന്തപുരം: ഈ നിയമസഭയിൽ ഇരിക്കുമ്പോൾ നരേന്ദ്രമോദിയുടെ സഭയിൽ ആണോ ഇരിക്കുന്നത് എന്ന് സംശയം തോന്നുന്നെന്ന് കെ.കെ രമ എംഎൽഎ. അഴിമതിയെക്കുറിച്ച് പറയുമ്പോൾ ഇത്ര അസഹിഷ്ണുത എന്തിനെന്നും രമ സ്പീക്കറോട് ചോദിച്ചു.
നിയമസഭയിൽ സഹകരണ ഭേദഗതി ബില്ലിൽ ചർച്ച നടക്കുന്നതിനിടെയായിരുന്നു രമയുടെ വിമർശനം. ചർച്ചയ്ക്കിടെ മാത്യു കുഴൽനാടൻ കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സംസാരിച്ചപ്പോൾ ഇതിനെതിരെ സ്പീക്കർ രംഗത്തുവന്നു. വിഷയം കഴിഞ്ഞദിവസവും സഭയിലുന്നയിച്ചതാണെന്ന് സ്പീക്കർ പറഞ്ഞതോടെ ഇരുവരും തമ്മിൽ വാഗ്വാദമായി.
തർക്കത്തിനിടെ സ്പീക്കർ മാത്യു കുഴൽനാടന്റെ മൈക്ക് ഓഫ് ചെയ്തു. തുടർന്ന് സംസാരിക്കാനായി കെ.കെ രമ എഴുന്നേൽക്കുകയും മാത്യു കുഴൽനാടനെതിരായ നടപടിക്കെതിരെ പ്രതിഷേധമറിയിക്കുകയും വിമർശനമുന്നയിക്കുകയുമായിരുന്നു.
നരേന്ദ്രമോദിയുടെ സഭയിൽ ആണോ ഇരിക്കുന്നത് എന്ന് തോന്നിപ്പോയി. ഒരു അംഗത്തിന് പറയാനുള്ളത് പറയാൻ കഴിയാത്ത സാഹചര്യം ഖേദകരമാണ്. സ്പീക്കർ ഇങ്ങനെ രൂക്ഷമായി സംസാരിച്ചത് ശരിയാണോയെന്നും വിഷയത്തോടും അംഗങ്ങളോടും ഇതാണോ സമീപനമെന്നും രമ ചോദിച്ചു.
സ്പീക്കർ ഏകാധിപതിയെ പോലെ പെരുമാറുന്നു. അഴിമതിയെക്കുറിച്ച് സംസാരിക്കുമ്പോൾ എതിർവാദങ്ങൾ ഉന്നയിക്കാം. അംഗത്തെ പറയാൻ അനുവദിക്കാത്തത് ഇത് ആദ്യ അനുഭവം അല്ല. അഴിമതിയെ കുറിച്ച് സംസാരിക്കുമ്പോൾ നേരത്തെയും ഇങ്ങനെയാണെന്നും ഇത് നല്ല പ്രവണതയല്ലെന്നും രമ ചൂണ്ടിക്കാട്ടി.