വഖഫ് ഭേദഗതി ബിൽ: എംപിമാരെ ഭീഷണിപ്പെടുത്തരുതെന്ന് ഐഎസ്എം
രാജ്യത്തെ വഖഫ് സ്വത്തുക്കൾ സംരക്ഷിക്കാൻ കോടതികളിൽ നിയമ പോരാട്ടം തുടരണമെന്നും ഐഎസ്എം


കോഴിക്കോട്: വഖഫ് ഭേദഗതി നിയമത്തിന് എതിരായി നിലപാട് സ്വീകരിക്കുന്ന എംപിമാരെ ഭീഷണിപ്പെടുത്താനുള്ള നീക്കം തള്ളിക്കളയണമെന്ന് ഐഎസ്എം. 'വഖഫ് ഭേദഗതി നിയമം മുസ്‌ലിം സമുദായത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ അതിജീവനത്തിന് നേരെയുള്ള വെല്ലുവിളിയാണ്. വഖഫ് ഭേദഗതി നിയമത്തിന് അനുകൂല നിലപാടെടുക്കുന്ന രാഷ്ട്രീയ പാർട്ടികളെ രാഷ്ട്രീയമായി നേരിടാൻ മുസ്‌ലിം സമുദായം സജ്ജമാകും.സംഘപരിവാറിന് വേണ്ടി കെസിബിസി ഉയർത്തുന്ന വെല്ലുവിളി പ്രതിപക്ഷ പാർട്ടികൾ പരിഗണിക്കരുത്. രാജ്യത്തെ വഖഫ് സ്വത്തുക്കൾ സംരക്ഷിക്കാൻ കോടതികളിൽ നിയമ പോരാട്ടം തുടരണ'മെന്നും ഐഎസ്എം.
'വഖഫ് ബോർഡുകളിൽ സർക്കാർ നോമിനികൾ മാത്രം വരുന്നത് ബോർഡിന്റെ കാര്യക്ഷമത ഇല്ലാതാക്കുകയാണ് ചെയ്യുക. രാജ്യത്തെ വഖഫ് ബോർഡുകളെ തകർക്കാനാണ് പുതിയ വഖഫ് നിയമം കൊണ്ടുവരുന്നത്. ആൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് രാജ്യ വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിൽ മുജാഹിദ് പ്രസ്ഥാനം പങ്കാളിയാകു'മെന്നും ഐഎസ്എം പ്രസ്താവനയിൽ അറിയിച്ചു.
ഐഎസ്എം സംസ്ഥാന സെക്രട്ടറിയേറ്റിൽ പ്രസിഡൻ്റ് സംസ്ഥാന പ്രസിഡന്റ് ഡോ. അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു. ഹാസിൽ മുട്ടിൽ, അദീബ് പൂനൂർ, ഡോ. സുഫിയാൻ അബ്ദുസത്താർ, ഡോ. മുബശിർ പാലത്ത്, റിഹാസ് പുലാമന്തോൾ, സാബിക്ക് മാഞ്ഞാലി, ഡോ. റജുൽ ഷാനിസ്, നസീം മടവൂർ, ഡോ. യൂനുസ് ചെങ്ങര, അബ്ദുൽ ഖയ്യൂം, മിറാഷ് അരക്കിണർ, ഡോ. ഷബീർ ആലുക്കൽ, ടി കെ എൻ ഹാരിസ്, സഹൽ മുട്ടിൽ, ഷരീഫ് കോട്ടക്കൽ, മുഹ്‌സിൻ തൃപ്പനച്ചി, ഷാനവാസ് ചാലിയം, അബ്ദുസ്സലാം ഒളവണ്ണ, ഫാദിൽ റഹ്‌മാൻ എന്നിവർ സംസാരിച്ചു.