ഗസ്സയിലെ ഇസ്രാ​യേൽ വംശഹത്യ: പ്രാർത്ഥനക്ക് ആഹ്വാനം ചെയ്ത് ജമാഅത്തെ ഇസ്‌ലാമി

ഏകപക്ഷീയമായി വെടിനിർത്തൽ കരാർ ലംഘിച്ച സയണിസ്റ്റ് രാഷ്ട്രം ലോക സമാധാനത്തിന് ഭീഷണിയാണെന്ന് അമീർ പി.മുജീബുറഹ്മാൻ പറഞ്ഞു

Update: 2025-03-18 11:19 GMT
ഗസ്സയിലെ ഇസ്രാ​യേൽ വംശഹത്യ: പ്രാർത്ഥനക്ക് ആഹ്വാനം ചെയ്ത് ജമാഅത്തെ ഇസ്‌ലാമി
AddThis Website Tools
Advertising

കോഴിക്കോട്: ഗസ്സയിൽ വംശഹത്യ പുനരാരംഭിച്ച ഇസ്രായേൽ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ. ഏകപക്ഷീയമായി വെടി നിർത്തൽ കരാർ ലംഘിച്ച സയണിസ്റ്റ് രാഷ്ട്രം ലോക സമാധാനത്തിന് ഭീഷണിയാണ്.

ഗസ്സയിൽ സമാധാനം പുനസ്ഥാപിക്കാൻ ആഗോള സമൂഹം മുന്നിട്ടിറങ്ങണമെന്ന് അമീർ അഭ്യർത്ഥിച്ചു. അടിസ്ഥാന ആവശ്യങ്ങൾ പോലും തടയപ്പെട്ട് ഇസ്രായേലിന്റെ നരനായാട്ടിന് വിധേയമാകുന്ന ഗസ്സയിലെ ജനങ്ങൾക്ക് വേണ്ടി വിശുദ്ധ റമദാനിലെ ദിനരാത്രികളിൽ എല്ലാ വിശ്വാസികളും പ്രാർഥിക്കണമെന്നും അമീർ ആഹ്വാനംചെയ്തു.

അതേസമയം, ഇസ്രായേലി​െൻറ വ്യോമാക്രമണത്തിൽ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 404 ആയെന്ന്​ ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗസ്സയിലുടനീളമുണ്ടായ ആക്രമണത്തിൽ 562 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. നിരവധി പേർ അവശിഷ്​ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്​. ഇവരെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ഗസ്സയിലെ ആരോഗ്യ കേന്ദ്രങ്ങൾ നിറഞ്ഞിരിക്കുകയാണ്​. കുട്ടികളുൾപ്പെടെ മരിച്ചവരുടെ ഭയാനകമായ ദൃശ്യങ്ങളാണ്​ എങ്ങു​മുള്ളതെന്ന്​ യുഎൻആർഡബ്ല്യുഎ തലവൻ ഫിലിപ്പ്​ ലസ്സാരിനി സാമൂഹിക മാധ്യമത്തിൽ കുറിച്ചു. യുദ്ധം പുനരാരംഭിക്കുന്നത്​ കൂടുതൽ കഷ്​ടപ്പാടും ദുരിതവും മാത്രമേ കൊണ്ടുവരൂ. വെടിനിർത്തലിലേക്ക്​ തിരിച്ചുവരേണ്ടത്​ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്രായേലി​െൻറ ആക്രമണത്തെ ലോകരാജ്യങ്ങൾ അപലപിച്ചു. നെതന്യാഹു സർക്കാരി​െൻറ വംശഹത്യാ നയം പുതിയ ഘട്ടത്തിലേക്ക്​ കടന്നിരിക്കുകയാണെന്ന്​ തുർക്കി വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. അന്താരാഷ്​ട്ര നിയമങ്ങളുടെയും സാർവത്രിക മൂല്യങ്ങളുടെയും ലംഘനങ്ങളിലൂടെ ഇസ്രാ​യേൽ മനുഷ്യരാശിയെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം വ്യക്​തമാക്കി.

ഗസ്സയിലേത്​ അതിക്രൂരമായ ആക്രമണമാണെന്ന്​ മാൾട്ടയുടെ പ്രധാനമന്ത്രി റോബർട്ട്​ അബേല ‘എക്​സി’ൽ കുറിച്ചു. ആക്രമണത്തെ അദ്ദേഹം അപലപിക്കുകയും ചെയ്​തു.വെടിനിർത്തലി​െൻറ രണ്ടാംഘട്ടം ഉടൻ നടപ്പാക്കണമെന്നും ഇത്​ സമാധാനത്തിലേക്ക്​ നയിക്കുമെന്നും ബെൽജിയൻ വിദേശകാര്യ മന്ത്രി മാക്​സിം പ്രിവോട്ട്​ വ്യക്​തമാക്കി. വെടിനിർത്തൽ കരാറിലേക്ക്​ ഉടൻ മടങ്ങണമെന്ന്​ സ്വിറ്റ്​സർലൻഡ്​ വിദേശകാര്യ മന്ത്രാലയവും ആഹ്വാനം ചെയ്​തു.

ആക്രമണത്തിൽ ഇരയായവരുടെ എണ്ണം വർധിക്കുന്നതിനാൽ ഗസ്സയിലെ ജനങ്ങളോട്​ എല്ലാ ആശുപത്രികളും ആരോഗ്യ മന്ത്രാലയവും​ രക്​തം ദാനം ചെയ്യാൻ ആഹ്വാനം ചെയ്​തിട്ടുണ്ട്​. ചികിത്സക്ക്​ വേണ്ട ഉപകരണങ്ങളുടെയും വേദനാ സംഹാരി ഉൾപ്പെടെയുള്ള മരുന്നുകളുടെയും വലിയ ദൗർലഭ്യം നേരിടുന്നുണ്ട്​. കഴിഞ്ഞ 17 ദിവസമായി സഹായ ട്രക്കുകൾ ഗസ്സയിലേക്ക്​ വരുന്നത്​ ഇസ്രായേൽ വിലക്കിയിട്ടുണ്ട്​. ഇത്​ വലിയ വെല്ലുവിളിയാണ്​ സൃഷ്​ടിക്കുന്നതെന്ന്​​ ഡോക്​ടർമാർ പറയുന്നു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News