ഗസ്സയിലെ വംശഹത്യയെ പിന്തുണയ്ക്കുന്ന ഇസ്രായേൽ കവിക്ക് കേരളത്തിൽ വേദിയൊരുക്കിയത് വിവാദമാകുന്നു
പട്ടാമ്പി കോളജിൽ നടന്ന 'കവിതയുടെ കാർണിവൽ' വേദിയിൽ ആമിർ ഓർ ഗസ്സയിലെ ഇസ്രായേൽ വംശഹത്യയെ ന്യായീകരിച്ചിരുന്നു.
കോഴിക്കോട്: ഗസ്സയിലെ ഇസ്രായേൽ വംശഹത്യയെ പിന്തുണയ്ക്കുന്ന കവി ആമിർ ഓറിന് കേരളത്തിൽ വേദിയൊരുക്കിയത് വിവാദമാകുന്നു. പട്ടാമ്പി കോളജിൽ നടന്ന 'കവിതയുടെ കാർണിവൽ' ഏഴാം പതിപ്പിൽ കെ. സച്ചിതാനന്ദനും ശ്യാം സുധാകറിനും കൂടെയുള്ള കവിതാ അവതരണത്തിന് ശേഷം ഇസ്രായേൽ വംശഹത്യയെ പരസ്യമായി പിന്തുണച്ചുകൊണ്ടാണ് ആമിർ പ്രതികരിച്ചത്. വംശഹത്യയെ ന്യായീകരിച്ച് സംസാരിച്ചിട്ടും സച്ചിദാനന്ദൻ അടക്കമുള്ളവർ ഒരക്ഷരം മിണ്ടാൻ തയ്യാറായില്ലെന്നും വിമർശനമുണ്ട്.
''ഫലസ്തീനിൽ നടക്കുന്നത് ഒരു വംശഹത്യയാണെന്ന് പറയാനാവില്ല. അവിടെ കൊല്ലപ്പെട്ട 25,000 പേരിൽ 8,000 പേരും ജിഹാദികളാണ്. സാധാരണക്കാരെ അവർ മനുഷ്യകവചമായി ഉപയോഗപ്പെടുത്തുകയാണ്'' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കുഞ്ഞുങ്ങളെ കൊല്ലുന്ന, ആശുപത്രികൾ ആക്രമിക്കുന്ന, വിഷവാതകങ്ങൾ പ്രയോഗിക്കുന്ന ഇസ്രായേൽ 'പ്രതിരോധത്തെ' വംശഹത്യയെന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത് എന്ന് ചോദിച്ചപ്പോൾ 'പത്രങ്ങളിൽ വരുന്ന വാർത്തകൾ വായിച്ച് നിങ്ങൾ എന്നോട് പ്രതികരിക്കരുത്' എന്നായിരുന്നു മറുപടിയെന്ന് ചോദ്യമുന്നയിച്ച ആദിൽ മഠത്തിൽ പറയുന്നു.
വർഷങ്ങൾക്ക് മുമ്പ് ടി.പി രാജീവനാണ് ആമിറിനെ കേരളത്തിന് പരിചയപ്പെടുത്തുന്നത്. ടി.പി രാജീവൻ മരിച്ചപ്പോൾ ആമിർ കേരളത്തിലെത്തിയിരുന്നു. രാജീവന്റെ മരണാനന്തര ചടങ്ങുകൾക്കായി കേരളത്തിലെത്തിയ ആമിറിനെക്കുറിച്ച് മലയാളത്തിലെ മുൻ നിര മാധ്യമങ്ങൾ റിപ്പോർട്ട് നൽകിയിരുന്നു. രാജീവന്റെ കവിതകൾ ആമിർ ഹീബ്രുവിലേക്കും ആമിറിന്റെ കവിതകൾ രാജീവൻ മലയാളത്തിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ട്.