കെ.വി തോമസ് തൃക്കാക്കരയിൽ എൽ.ഡി.എഫിനായി പ്രചാരണത്തിനിറങ്ങിയാൽ നല്ലത്: ഇ.പി ജയരാജൻ
കെ.വി തോമസിനെ എൽ.ഡി.എഫിലേക്കു കൊണ്ടുവരാൻ ശ്രമിക്കേണ്ട കാര്യമില്ലെന്നും ഇ.പി ജയരാജൻ
കോൺഗ്രസ് നേതാവ് കെ.വി തോമസ് എൽ.ഡി.എഫിനു വേണ്ടി തൃക്കാകരയിൽ പ്രചാരണത്തിന് ഇറങ്ങിയാൽ നല്ലതെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. എൽ.ഡി.എഫിലേക്ക് ആരു വന്നാലും നല്ലതാണെന്നും ഇ.പി ജയരാജൻ വ്യക്തമാക്കി. മീഡിയവണിന്റെ അഭിമുഖ പരിപാടിയായ എഡിറ്റോറിയലിലാണ് അദ്ദേഹത്തിന്റെ പരാമർശം.
കെ.വി തോമസിനെ എൽ.ഡി.എഫിലേക്കു കൊണ്ടുവരാൻ ശ്രമിക്കേണ്ട കാര്യമില്ല, അദ്ദേഹം ഉയർന്ന രാഷ്ട്രീയ നേതാവാണെന്നും സ്വയം തീരുമാനമെടുക്കട്ടെയെന്നും ഇ.പി ജയരാജൻ കൂട്ടിച്ചേർത്തു. അദ്ദേഹത്തിന് തിരിച്ച് ഓഫർ നൽകേണ്ട കാര്യമില്ലെന്നും ഇ.പി ജയരാജൻ പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പിന്തുണ ആർക്കെന്ന് ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്നാണ് കെ.വി തോമസ് അറിയിച്ചത്. എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിനെ വ്യക്തിപരമായി അറിയില്ല. കോൺഗ്രസ് നേതാക്കൾ ആരും ഇതുവരെ തന്നെ വിളിച്ചിട്ടില്ല. രാഷ്ട്രീയവും വ്യക്തിബന്ധവും രണ്ടാണ്. കോൺഗ്രസിന് ജനാധിപത്യ സ്വഭാവം നഷ്ടപ്പെട്ടു. വിമർശനത്തെ ഭയപ്പെടുന്നവരാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞിരുന്നു.
ഏകാധിപത്യ മനോഭാവമുള്ളവരാണ് ഇപ്പോൾ കോൺഗ്രസ് നേതൃത്വത്തിലുള്ളത്. പ്രതിപക്ഷനേതാവ് ഫോണിൽ വിളിച്ച 40 പേരിൽ താനില്ല. സമാനമായ പരാതി നിരവധി നേതാക്കൾക്കുണ്ട്. തൃക്കാക്കര മണ്ഡലത്തിന്റെ ഭാഗമായ നിരവധി നേതാക്കളെ വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നെടുമ്പാശ്ശേരി വിമാനത്താവളം അടക്കമുള്ള പദ്ധതികൾ വന്നപ്പോഴെല്ലാം നിരവധിപേർക്ക് ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്. കെ റെയിൽ വരുമ്പോൾ മാത്രമെന്താണ് കുടിയൊഴിപ്പിക്കൽ വലിയ പ്രശ്നമാവുന്നതെന്നറിയില്ല. വികസനത്തിന്റെ രാഷ്ട്രീയമാണ് താൻ ഉയർത്തിപ്പിടിക്കുന്നത്. ഉമ തോമസ് തന്റെ സഹോദിയെപ്പോലെയാണ്. പി.ടി തന്റെ കുടുംബാംഗമാണ്, പക്ഷെ രാഷ്ട്രീയ നിലപാടും വ്യക്തിബന്ധങ്ങളും വ്യതസ്തമാണെന്നും അദ്ദേഹം പറഞ്ഞു.