ന്യൂനപക്ഷ ക്ഷേമ പദ്ധതിയില്‍ വിദഗ്ധ സമിതിയെ വെച്ചത് നടപടികള്‍ വൈകിപ്പിക്കാനെന്ന് ലീഗ്
ന്യൂനപക്ഷ ക്ഷേമ അനുപാതം നിശ്ചയിക്കാനുള്ള വിദഗ്ധ സമിതി സർവകക്ഷി യോഗ തീരുമാന പ്രകാരമല്ലെന്ന് ആവർത്തിച്ചു മുസ്‌ലിം ലീഗ്.
ന്യൂനപക്ഷ ക്ഷേമ അനുപാതം നിശ്ചയിക്കാനുള്ള വിദഗ്ധ സമിതി സർവകക്ഷി യോഗ തീരുമാന പ്രകാരമല്ലെന്ന് ആവർത്തിച്ചു മുസ്‌ലിം ലീഗ്. യോഗത്തിൽ സർക്കാർ തീരുമാനമൊന്നും പറഞ്ഞില്ലെന്നു പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സച്ചാർ കമ്മിറ്റി നിർദേശം അതേപടി നടപ്പാക്കണമെന്നാണ് ലീഗ് നിലപാടെന്നും നേതാക്കൾ പറഞ്ഞു.
വിദഗ്ധ സമിതിയെ നിശ്ചയിക്കാനുള്ള തീരുമാനത്തെ ലീഗ് എതിർത്തില്ലെന്ന ഐ.എന്‍.എല്‍ ആരോപണത്തെ യോഗത്തിൽ ലീഗ് പ്രതിനിധിയായി പങ്കെടുത്ത കുഞ്ഞാലിക്കുട്ടി നിഷേധിച്ചു. ലീഗ് നിലപാട് യോഗത്തിൽ വ്യക്തമാക്കിയെന്നും സർക്കാർ നിലപാട് ആരാഞ്ഞപ്പോൾ ഇനിയും ചർച്ച നടത്താമെന്നു മാത്രമാണ് മറുപടി നൽകിയതെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.
അനുപാതം റദ്ദാക്കിയ കോടതി വിധിയിൽ സർക്കാർ ഇപ്പോഴും ആശയക്കുഴപ്പത്തിലാണ് ഇത് പ്രശ്നം സങ്കീർണമാക്കുകയാണ്. തീരുമാനം നീട്ടിക്കൊണ്ട് പോകുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു . പാലൊളി കമ്മീഷൻ നിർദേശമാണ് കോടതി വിധിയിലൂടെ റദ്ദായതെന്നും സച്ചാർ കമ്മീഷൻ നിർദേശം സർക്കാരിന് നടപ്പിലാക്കാവുന്നതേ ഉള്ളൂവെന്നും മുസ്‌ലിം ലീഗ് നേതാക്കൾ വിശദീകരിച്ചു.