‘ജമാഅത്തെ ഇസ്‌ലാമി യുഡിഎഫിന്റെ കൂടെനിന്ന് ബിജെപിക്കെതിരെ പ്രവർത്തിക്കുന്നതിൽ സിപിഎമ്മിന്റെ അസ്വസ്ഥത എന്തിന്?’-പി. മുജീബുറഹ്മാൻ
'ജമാഅത്തെ ഇസ്‌ലാമി എന്നു മുതലാണ് ഭീകരപ്രസ്ഥാനമായത്. 2004ലും 2006ലും 2009ലും 2011ലും 2015ലുമെല്ലാം ജമാഅത്തുമായി ഒപ്പുവച്ച് ചർച്ച നടത്തി ജമാഅത്ത് പിന്തുണ സിപിഎം ആർജിച്ചിട്ടുണ്ട്.'
തിരുവനന്തപുരം: ജമാഅത്തെ ഇസ്‌ലാമി യുഡിഎഫിന്റെ കൂടെനിന്ന് ബിജെപിക്കെതിരെ പ്രവർത്തിക്കുന്നതിൽ സിപിഎമ്മിന് എന്തിനാണ് അസ്വസ്ഥതയെന്ന് ജമാഅത്ത് കേരള അമീർ പി. മുജീബുറഹ്മാൻ. മൂന്ന് പതിറ്റാണ്ടുകാലം ജമാഅത്തുമായി സംസാരിക്കുകയും പിന്തുണ വാങ്ങുകയും ജമാഅത്ത് വോട്ടിന്റെ ബലത്തിൽ ജയിക്കുകയും ചെയ്ത ഇടതുപക്ഷമാണ് അവരെ ഭീകരരാക്കുന്നതും സംഘ്പരിവാറുമായി സമീകരിക്കുന്നതുമെന്നും അദ്ദേഹം വിമർശിച്ചു. ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ കേരളയുടെ(ജിഐഒ) 40-ാം വാർഷികത്തിന്റെ ഭാഗമായി തിരുവനന്തപുരം പുത്തരിക്കണ്ടത്ത് നടന്ന ദക്ഷിണ കേരള സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുജീബുറഹ്മാൻ.
'പാലക്കാട് ഒരു സിഗ്‌നൽ ആയിരുന്നു. മുനമ്പം വിഷയം മുൻനിർത്തി കേരളത്തിലെ ഇതര ന്യൂനപക്ഷ മതവിഭാഗങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ഹിന്ദുത്വ ഫാസിസത്തിന്റെ ശ്രമങ്ങൾക്കേറ്റ മുറിവാണ് പാലക്കാട് തെരഞ്ഞെടുപ്പ് ഫലം. ജമാഅത്തെ ഇസ്‌ലാമിയെ നാട്ടക്കുറിയാക്കി മുസ്‌ലിം സമുദായത്തെ ഭീകരവൽക്കരിക്കുകയും അപരവൽക്കരിക്കുകയും വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തിനു നേതൃത്വം കൊടുത്ത ഇടതുപക്ഷ പ്രസ്ഥാനത്തിനു കൂടി ലഭിച്ച പ്രഹരമാണ് പാലക്കാട്ടെ തെരഞ്ഞെടുപ്പ് ഫലം.'-മുജീബുറഹ്മാൻ പറഞ്ഞു.
'ഇടതുപക്ഷത്തിന്റെ പാരമ്പര്യം മതേതരത്വത്തിന്റേതാണ്. എന്നാൽ, കുറച്ചുകാലമായി അവർ കളിച്ചുകൊണ്ടിരിക്കുന്നത് അപകടകരമായ രാഷ്ട്രീയമാണ്. അപകടകരമായ സോഷ്യൽ എൻജിനീയറിങ്ങാണ് കേരളീയ സമൂഹത്തിൽ ഇടതുപക്ഷം നടത്തിക്കൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് തുടങ്ങിയ അന്നുമുതൽ ജമാഅത്തെ ഇസ്‌ലാമിയെ ടാർഗറ്റ് ചെയ്തുകൊണ്ടുള്ള പ്രചാരണങ്ങൾ ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്നു വന്നു. ആദ്യം ജമാഅത്താണ് യുഡിഎഫിനൊപ്പം തെരഞ്ഞെടുപ്പിൽ ചേർന്നുനിന്നു പ്രവർത്തിക്കുന്നത്. സന്ദീപ് വാര്യർ പാർട്ടി മാറി പാണക്കാട്ട് എത്തിയപ്പോൾ അതിനു പിന്നിലും ജമാഅത്തായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്ന് പരാജയപ്പെട്ടപ്പോഴും അതിനു പിന്നിലും ജമാഅത്തെ ഇസ്‌ലാമിയായിരുന്നു. ഗോവിന്ദൻ മാഷ് മൂന്ന് മാസത്തിനിടെ നടത്തിയ പ്രസ്താവനകളിൽ ജമാഅത്തിനെയും ആർഎസ്എസിനെയും എത്രതവണ പറഞ്ഞുവെന്നു പരിശോധിക്കാം. കേരളത്തിലെ കമ്യൂണിസ്റ്റ് മാർക്‌സിസ്റ്റ് പാർട്ടിക്ക് ആർഎസ്എസിനെക്കാൾ ജമാഅത്തെ ഇസ്‌ലാമിയെ പ്രശ്‌നവൽക്കരിക്കേണ്ടിവന്ന സാഹചര്യമെന്താണെന്ന് ഇടതു സുഹൃത്തുക്കൾ ഗൗരവത്തോടെ ആലോചിക്കണം.'
യുഡിഎഫിന്റെ കൂടെനിന്ന് ബിജെപിക്കെതിരെ ജമാഅത്തെ ഇസ്‌ലാമി പ്രവർത്തിച്ചുവെന്നാണ് എം.വി ഗോവിന്ദൻ പറഞ്ഞത്. ജമാഅത്ത് ബിജെപിക്കെതിരെ പ്രവർത്തിക്കുന്നതിന് സിപിഎമ്മും ഗോവിന്ദൻ മാഷും അസ്വസ്ഥപ്പെടുന്നത് എന്തിനാണ്? എന്നുമുതലാണ് ജമാഅത്തെ ഇസ്‌ലാമി ഭീകരന്മാരായി മാറിയതെന്ന് മലയാളികളോട് വിശദീകരിക്കേണ്ട ആവശ്യമില്ല. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലം ജമാഅത്തെ ഇസ്‌ലാമിയുമായി സംസാരിക്കുകയും പിന്തുണ വാങ്ങുകയും ജമാഅത്തിന്റെ വോട്ടിന്റെ ബലത്തിൽ ജയിക്കുകയും ചെയ്ത പ്രസ്ഥാനമാണ് അവരെ ആർഎസ്എസുമായി സമീകരിക്കുന്നതെന്ന് ജമാഅത്ത് അമീർ വിമർശിച്ചു.
ജമാഅത്തെ ഇസ്‌ലാമി എന്നു മുതലാണ് ഭീകരപ്രസ്ഥാനമായത്. 2004ലും 2006ലും 2009ലും 2011ലും 2015ലുമെല്ലാം ജമാഅത്തുമായി ഒപ്പുവച്ച് ചർച്ച നടത്തി ജമാഅത്ത് പിന്തുണ സിപിഎം ആർജിച്ചിട്ടുണ്ട്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലെ ദിണ്ഡിഗലിലും മധുരയിലും രാജസ്ഥാനിലെ സികറിലുമെല്ലാം ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണയോടെയാണ് സിപിഎം സ്ഥാനാർഥികൾ വിജയിച്ചത്. 2024നുശേഷമാണോ ജമാഅത്ത് ഭീകരന്മാരായതെന്നും ജമാഅത്ത് അമീർ പി. മുജീബുറഹ്മാൻ ചോദിച്ചു.
സമ്മേളനത്തിൽ ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. തമന്ന സുൽത്താന അധ്യക്ഷത വഹിച്ചു. അഡ്വ. ഹാരിസ് ബീരാൻ എംപി മുഖ്യപ്രഭാഷണം നിർവഹിച്ചു. ഫ്രണ്ട്‌സ് ഓഫ് അൽ അഖ്സ സ്ഥാപകൻ ഡോ. ഇസ്മായിൽ പട്ടേൽ, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ദേശീയ സെക്രട്ടറി എ. റഹ്മത്തുന്നിസ, നാഷണൽ ഫെഡറേഷൻ ഓഫ് യൂത്ത് മൂവ്‌മെന്റ് ചെയർമാൻ സി.ടി സുഹൈബ്, നാഷണൽ ഫെഡറേഷൻ ഓഫ് ജിഐഒ ജനറൽ സെക്രട്ടറി സമർ അലി, ജമാഅത്തെ ഇസ്‌ലാമി കേരള വനിതാ വിഭാഗം പ്രസിഡന്റ് സാജിത പി.ടി.പി, സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി അഡ്വ. റഹ്മാൻ ഇരിക്കൂർ, ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ കേരള ജനറൽ സെക്രട്ടറി സുഹാന അബ്ദുൽ ലത്തീഫ്, ജമാഅത്തെ ഇസ്‌ലാമി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ് അമീൻ, ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് ഡോ. സി.എം നസീമ, ദക്ഷിണ കേരള സമ്മേളന ജനറൽ കൺവീനർ ആനിസ മുഹ്യിദ്ദീൻ എന്നിവർ സംസാരിച്ചു.
Summary: ‘Why is CPM uncomfortable with Jamaat-e-Islami working with UDF against BJP?’: Jamaat-e-Islami Kerala Ameer P Mujeeburahman