ഏകീകൃത സിവിൽകോഡിലൂടെ കേന്ദ്രം ലക്ഷ്യംവെക്കുന്നത് ധ്രുവീകരണം: ജമാഅത്തെ ഇസ്‌ലാമി
ഏകീകൃത സിവിൽകോഡ് ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രം ബാധിക്കുന്നതല്ല. ഇതിനെതിരെ ജനകീയ പ്രതിരോധം ഉയർന്നുവരണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരളാ അമീർ പി. മുജീബ് റഹ്മാൻ പറഞ്ഞു.
കോഴിക്കോട്: ഏകീകൃത സിവിൽകോഡ് നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ധ്രുവീകരണം ലക്ഷ്യംവെച്ചാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ. ഐക്യത്തെക്കുറിച്ച് സംസാരിക്കുന്ന പ്രധാനമന്ത്രി ലക്ഷ്യംവെക്കുന്നത് ധ്രുവീകരണമാണ്. ഏകീകൃത സിവിൽകോഡ് എതെങ്കിലും ഒരു വിഭാഗത്തെ മാത്രം ബാധിക്കുന്നതല്ല. ഏകീകൃത സിവിൽകോഡ് നടപ്പാക്കാനുള്ള നീക്കത്തിനെതിരെ ജനകീയ പ്രതിരോധം ഉയർന്നുവരണമെന്നും അദ്ദേഹം പറഞ്ഞു.
ഏകീകൃത സിവിൽകോഡ് നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതോടെയാണ് വിഷയം വീണ്ടും ചർച്ചയായത്. ഒരു കുടുംബത്തിൽ രണ്ട് നിയമവുമായി എങ്ങനെ മുമ്പോട്ടുപോകുമെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഏകീകൃത സിവിൽ കോഡ് പൊതുവിഷയങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് കോൺഗ്രസ് പ്രതികരിച്ചു.
ഒരു കുടുംബവും രാഷ്ട്രവും തമ്മിൽ വ്യത്യാസമുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരം പറഞ്ഞു. കുടുംബത്തിൽ പോലും വൈവിധ്യങ്ങളുണ്ടാകും. രാജ്യത്തിന്റെ വൈവിധ്യം നമ്മുടെ ഭരണഘടന അംഗീകരിച്ചതാണ്. പണപ്പെരുപ്പം, തൊഴിലില്ലായ്മ, വിദ്വേഷപ്രചാരണം തുടങ്ങിയവയിൽനിന്ന് ശ്രദ്ധതിരിക്കാനാണ് കേന്ദ്രസർക്കാർ ഏകീകൃത സിവിൽകോഡ് ചർച്ചയാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.