സമസ്‌ത- ലീഗ് പ്രശ്‌നങ്ങൾ പരിഹരിച്ചിട്ടില്ലെന്ന് ജിഫ്രി തങ്ങൾ; മാപ്പ് പറയുക ദൈവത്തോട് മാത്രമെന്ന് ഉമർ ഫൈസി
സമസ്‌തയിലെ സിപിഎം അനുകൂലികൾക്കെതിരെ ലീഗ് നേതാക്കൾ അതൃപ്‌തി പരസ്യമാക്കി
കോഴിക്കോട്: സാദിഖലി തങ്ങള്‍ക്കെതിരായ പ്രസ്‌താവനകളില്‍ ഖേദം പ്രകടിപ്പിച്ചതിനെച്ചൊല്ലി സമസ്‌ത- ലീഗ് തർക്കം. ഹമീദ് ഫൈസിയും ഉമർ ഫൈസിയും തങ്ങള്‍ക്കെതിരായ പ്രസ്‌താവനകളില്‍ ഖേദം പ്രകടിപ്പിച്ചെന്നും അത് പുറത്തു പറഞ്ഞില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നീതി പൂർവമല്ല നേതാക്കളുടെ പ്രതികരണമെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ പൂർണമായി പരിഹരിച്ചില്ലെന്ന് ജിഫ്രി തങ്ങളും മാപ്പ് പറയുക ദൈവത്തോട് മാത്രമെന്ന് ഉമർഫൈസിയും പ്രതികരിച്ചു
ജിഫ്രി തങ്ങള്‍ക്കൊപ്പം ഇന്നലെ പാണക്കാടെത്തിയ ഉമർഫൈസി മുക്കവും ഹമീദ് ഫൈസി അമ്പലക്കടവും സാദിഖലി തങ്ങള്‍ക്കെതിരെ പരാർമശങ്ങളില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, ഇന്നലെ മലപ്പുറത്ത് ഇരുവരും നടത്തിയ വാർത്താ സമ്മേളനത്തില്‍ ഖേദപ്രകടനത്തിന്റെ കാര്യം മറച്ചുവെച്ചു. ഇതിലെ അതൃപ്‌തിയാണ് സാദിഖലി തങ്ങള്‍ ഇന്ന് പ്രകടിപ്പിച്ചത്. ഇതല്ലാതെ മറ്റൊരു കാര്യവും ചർച്ചയായില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കുന്നു
എന്നാല്‍, സമസ്‌തയിലെ സിപിഎം അനുകൂല നേതൃത്വം വിട്ടുകൊടുക്കണ്ട എന്ന നിലപാടിലാണ്. പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെന്ന സൂചന സമസ്‌ത പ്രസിഡന്റും നൽകി. സമസ്‌തയിലെ സിപിഎം അനുകൂലികളുമായുള്ള ലീഗിന്റെ തർക്കം പരിഹരിക്കാതെ കിടക്കുകയാണെന്ന് നേതാക്കളുടെ ഇന്നത്തെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു.