ഉമ തോമസും ജോ ജോസഫും വോട്ട് രേഖപ്പെടുത്തി

അമ്പലങ്ങളിലും പള്ളികളിലും സന്ദര്‍ശനം നടത്തിയ ശേഷമാണ് ഉമ വോട്ട് ചെയ്യാനെത്തിയത്

Update: 2022-05-31 02:47 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊച്ചി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയില്‍ വോട്ടിംഗ് പുരോഗമിക്കുന്നു. പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര തന്നെ ദൃശ്യമാണ്. യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ തോമസും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോ ജോസഫും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.

Full View


അമ്പലങ്ങളിലും പള്ളികളിലും സന്ദര്‍ശനം നടത്തിയ ശേഷമാണ് ഉമ വോട്ട് ചെയ്യാനെത്തിയത്. പാലാരിവട്ടം പൈപ്പ്‍ലൈന്‍ ജംഗ്ഷനിലുള്ള 50ാം നമ്പര്‍ ബൂത്തിലാണ് ഉമ വോട്ട് രേഖപ്പെടുത്തിയത്. വീട്ടില്‍ നിന്നും കാല്‍നടയായി എത്തിയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി സമ്മതിദാനാവകാശം വിനിയോഗിച്ചത്. ബൂത്തിലെ ആദ്യവോട്ട് ചെയ്യണമെന്നായിരുന്നു ഉമയുടെ ആഗ്രഹം. എന്നാല്‍ അവരെത്തുന്നതിനു മുന്‍പു തന്നെ മറ്റു വോട്ടര്‍മാര്‍ സ്ഥാനം പിടിച്ചിരുന്നു. തികഞ്ഞ വിജയപ്രതീക്ഷയാണ് തനിക്കുള്ളതെന്നും ഉമ പറഞ്ഞു.

കുടുംബ സമേതമെത്തിയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോ ജോസഫ് വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ ഡോ.ദയാ പാസ്കലും ഒപ്പമുണ്ടായിരുന്നു. പടമുകൾ സ്കൂളിലെ 140 ആം ബൂത്തിലെത്തിയാണ് ജോയും ഭാര്യയും വോട്ട് ചെയ്തത്.   ''നൂറ് ശതമാനം ആത്മവിശ്വാസത്തോടെയാണ് വോട്ട് രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പിന്‍റെ ആദ്യം ദിവസം മുതല്‍ ആത്മവിശ്വാസമുണ്ടായിരുന്നു. അത് ഓരോ ദിവസവും കൂടിയിരുന്നു. ഇപ്രാവശ്യം ഇടതുപക്ഷ ജനാധിപത്യ മുന്നണി തൃക്കാക്കരയില്‍ അട്ടിമറി വിജയം നേടിയിരിക്കും. ഇപ്പോള്‍ തന്നെ പല ബൂത്തുകളിലും നീണ്ട ക്യൂവാണ്. പോളിംഗ് ശതമാനം ഉയര്‍ന്നേക്കുമെന്നാണ് പ്രതീക്ഷ. അത് എല്‍.ഡി.എഫിന് ഗുണം ചെയ്യും. തെളിഞ്ഞ ആകാശമാണ് ഇന്ന്. അതുപോലെ മനസും തെളിഞ്ഞിരിക്കുന്നുവെന്നും'' ജോ ജോസഫ് പറഞ്ഞു. ശുഭപ്രതീക്ഷയിലാണെന്നും ഇത്തവണ തൃക്കാക്കര പോസിറ്റീവ് പൊളിറ്റിക്സിനെ തെരഞ്ഞെടുക്കുമെന്ന് ഭാര്യ ദയ പറഞ്ഞു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News