മാണിയെ അപമാനിച്ചതിന് മകൻ കൂട്ടുനിൽക്കുന്നു എന്ന് പ്രതിപക്ഷ പ്രചാരണം; കേരള കോൺഗ്രസ് എമ്മിൽ ആശങ്ക
മാണിയെ അപമാനിച്ചതിന് മകൻ കൂട്ടുനിൽക്കുന്നു എന്നാണ് എതിരാളികളുടെ പ്രചാരണം. എന്നാല്‍ മാണിയുടെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തനുള്ള ശ്രമം വിലപ്പോവില്ലെന്ന് ജോസ് കെ. മാണിയും
കെ എം മാണിയെ അഴിമതിക്കാരനെന്ന് സർക്കാർ അഭിഭാഷകൻ പറഞ്ഞതിനെ ചൊല്ലിയുള്ള വിവാദം അവസാനിപ്പിച്ചെങ്കിലും നിയമസഭ കയ്യാങ്കളി കേസിൽ ജോസ്.കെ മാണി മൗനം തുടരുകയാണ്. എല്ലാം മുൻപ് പറഞ്ഞെന്ന വാദം ഉയർത്തിയാണ് ജോസ് വഴുതി മാറുന്നത്. അതുകൊണ്ടുതന്നെ എൽ.ഡി.എഫിൽ വരുംദിവസങ്ങളില്‍ ഇത് കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചേക്കാം.
ബാർ കോഴ കേസ് വീണ്ടും സജീവ ചർച്ചയാകുമ്പോൾ അന്ന് പ്രതിപക്ഷത്ത് ഉണ്ടായിരുന്ന നേതാക്കൾ ഉയർത്തിയ വാദം കൂടി വീണ്ടും സജീവമാകുകയാണ്. മാണിയെ അപമാനിച്ചതിന് മകൻ കൂട്ടുനിൽക്കുന്നു എന്നാണ് എതിരാളികളുടെ പ്രചാരണം. എന്നാല്‍ മാണിയുടെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തനുള്ള ശ്രമം വിലപ്പോവില്ലെന്ന് ജോസ് കെ. മാണി പ്രതികരിച്ചിട്ടുണ്ട്. പക്ഷേ പ്രതിപക്ഷം പ്രചാരണം ശക്തമാകുമ്പോൾ ജോസ് കെ മാണിക്ക് ഇനിയും വിശദീകരിക്കേണ്ടിവരും. വിഷയത്തിൽ മാധ്യമ ചർച്ചകളിൽ പോലും പങ്കെടുക്കേണ്ട എന്നാണ് ജോസ് കെ മാണി നേതാക്കൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. അതുകൊണ്ടുതന്നെ അണികൾക്കിടയിലെ ആശങ്ക പൂർണ്ണമായും മാറിയിട്ടില്ല. ആയതിനാൽ അണികളോ നേതാക്കളോ നിയമസഭ കയ്യാങ്കളിയിൽ പ്രതികരണം നടത്തിയാൽ കേരള കോൺഗ്രസ് എമ്മിനെയും എൽ.ഡി.എഫിനെയും അത് ഒരുപോലെ പ്രതിസന്ധിയിലാക്കും.