'യുവജനങ്ങൾ നാടുവിടുന്നു': മുഖ്യമന്ത്രിയെ വേദിയിലിരുത്തി ജോസഫ് പെരുന്തോട്ടത്തിന്റെ വിമർശനം
നമ്മുടെ നാട്ടിൽ ജീവിക്കാൻ പറ്റാതായിട്ടൊന്നും ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി
തിരുവനന്തപുരം: യുവജനങ്ങൾ നാടുവിട്ടു പുറത്തേക്ക് പോകുന്നുവെന്ന് സീറോ മലബാർ സഭ ചങ്ങനാശേരി രൂപത ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം. ദൈവത്തിൻറെ സ്വന്തം നാട്ടിൽ ജീവിതം വിജയിപ്പിക്കാൻ കഴിയില്ല എന്ന് കരുതുന്നവരുണ്ടെന്ന് ജോസഫ് പെരുന്തോട്ടം പറഞ്ഞു.
മുഖ്യമന്ത്രിയെ വേദിയിലിരുത്തിയായിരുന്നു പെരുന്തോട്ടത്തിന്റെ വിമർശം. നമ്മുടെ നാട്ടിൽ ജീവിക്കാൻ പറ്റാതായിട്ടൊന്നും ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സിറോ മലബാർ സഭക്ക് സർക്കാരിനെ കുറിച്ച് ഒരു പരാതിയും ഇല്ല. പ്രശ്നങ്ങൾ ഉണ്ടായപ്പോൾ സർക്കാർ നിഷ്പക്ഷ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിന് തിരുവനന്തപുരത്ത് നൽകിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
അതേസമയ, ബിഷപ് ജോസഫ് പെരുന്തോട്ടത്തിന്റെ സർക്കാർ വിമർശനത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പിന്തുണച്ചു. ജോസഫ് പെരുന്തോട്ടം പങ്കുവെച്ചത് വലിയ ഉത്കണ്ഠയെന്ന് വിഡി സതീശൻ പറഞ്ഞു. കുട്ടികൾ വിദേശത്തേക്ക് പോകുന്നത് ലാഘവത്തോടെ കാണാൻ കഴിയില്ല. ഉന്നത വിദ്യാഭ്യാസ മേഖല അപകടകരമായ നിലയിലാണെന്നും സതീശൻ കൂട്ടിച്ചേർത്തു.