കെ റെയില്‍ സംവാദം അനിശ്ചിതത്വത്തില്‍: അലോക് വര്‍മയും ആര്‍ ശ്രീധറും പിന്മാറി

ഡോ. ആർ.വി.ജി മേനോൻ മാത്രമാണ് നിലവില്‍ കെ റെയില്‍ പദ്ധതിയെ എതിര്‍ത്ത് സംവാദത്തില്‍ പങ്കെടുക്കുന്നത്

Update: 2022-04-26 11:09 GMT
Editor : ijas
Advertising

തിരുവനന്തപുരം: കെ റെയില്‍ സംവാദം അനിശ്ചിതത്വത്തില്‍. സംവാദത്തില്‍ നിന്നും പാനൽ അംഗം ഇന്ത്യന്‍ റെയില്‍വേ റിട്ടയേര്‍ഡ് ചീഫ് എന്‍ജിനീയര്‍ അലോക് വര്‍മ പിന്മാറി. സംവാദം നടത്തേണ്ടത് കെ-റെയിൽ അല്ല സർക്കാരാണെന്ന് അലോക് വർമ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ജോസഫ് സി. മാത്യുവിനെ ഒഴിവാക്കിയതിലും അലോക് വർമയ്ക്ക് അതൃപ്തിയുണ്ട്. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലായെന്ന് വ്യക്തമാക്കി അലോക് വര്‍മ ചീഫ് സെക്രട്ടറിക്ക് വീണ്ടും കത്തയച്ചു. ആദ്യ കത്തിന് സർക്കാർ മറുപടി നൽകാത്തതിൽ പ്രതിഷേധവും അറിയിച്ചു. അതെ സമയം സംവാദത്തില്‍ നിന്നും ആർ ശ്രീധറും പിന്മാറിയതായി അറിയിച്ചു.

സംവാദം നടത്തുന്നത് സർക്കാരാണെന്നായിരുന്നു നേരത്തെ തന്നെ ധരിപ്പിച്ചിരുന്നതെന്ന് ചീഫ് സെക്രട്ടറിക്കയച്ച കത്തിൽ അദ്ദേഹം വ്യക്തമാക്കുന്നു. സർക്കാർ നടത്തുന്ന പരിപാടിയായതിനാലാണ് സംവാദത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചത്. എന്നാൽ തന്നെ ക്ഷണിച്ചത് കെ-റെയിലാണെന്നും ക്ഷണക്കത്ത് പോലും ഏകപക്ഷീയമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പദ്ധതിയുടെ അനുകൂല വശം ജനങ്ങളെ ബോധിപ്പിക്കാൻ സംവാദം എന്നാണ് ക്ഷണക്കത്തിലെ പരാമർശം. ഇത് ഏകപക്ഷീയവും പ്രതിഷേധാർഹവുമാണെന്നും അദ്ദേഹം വിമർശിച്ചു. സിൽവർ ലൈൻ സംവാദത്തിൽ നിന്നും ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിന് പിന്നാലെയാണ് പുതിയ വിവാദം.

അതിനിടെ കെ റെയിൽ സംവാദത്തിൽ പങ്കെടുക്കുമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ പ്രസിഡന്‍റും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഡോ.ആർ.വി.ജി മേനോൻ മീഡിയവണിനോട് പറഞ്ഞു. അലോക് വർമ പിന്മാറുന്നതിൽ ഖേദമുണ്ടെന്നും അഭിപ്രായം അറിയിക്കാനുള്ള വേദിയെന്ന നിലയിൽ സംവാദത്തെ ഉപയോഗപ്പെടുത്തുമെന്നും ആർ.വി.ജി മേനോൻ പറഞ്ഞു.

വ്യാഴാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരത്തെ താജ് വിവാന്തയിലാണ് സംവാദം നിശ്ചയിച്ചിരിക്കുന്നത്. 50 പേർ പങ്കെടുക്കുന്ന സംവാദത്തിൽ പദ്ധതിയെ അനുകൂലിച്ചും പ്രതികൂലിച്ചും സംസാരിക്കാൻ മൂന്ന് വീതം വിഷയ വിദഗ്ധരും ഉണ്ടാകും. ഓരോരുത്തർക്കും 10 മിനിറ്റ് വീതമാകും സംസാരിക്കാൻ സമയം ലഭിക്കുക. ദേശീയ റെയില്‍വേ അക്കാദമയിലെ വകുപ്പുമേധാവി മോഹന്‍ എ. മേനോനാണ് മോഡറേറ്റര്‍. റെയിൽവേ ബോർഡ് ടെക്‌നിക്കൽ അംഗവും മധ്യ റെയിൽവേ ജനറൽ മാനേജരുമായിരുന്ന സുബോധ് കാന്ത് ജെയിൻ, സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായിരുന്ന ഡോ. കുഞ്ചറിയ പി. ഐസക്ക്, ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്‍റ് എസ്.എൻ രഘുചന്ദ്രൻ നായർ എന്നിവരാണ് പദ്ധതിയെ അനുകൂലിച്ച് സംസാരിക്കുക.

അലോക് വർമ, ഡോ. ആർ.വി.ജി മേനോൻ, പരിസ്ഥിതി ഗവേഷകനായ ശ്രീധർ രാധാകൃഷ്ണൻ എന്നിവരാണ് എതിർത്ത് സംസാരിക്കേണ്ടിയിരുന്നത്. ജോസഫ് സി മാത്യുവിന് പകരമാണ് ശ്രീധർ രാധാകൃഷ്ണനെ ഉൾപ്പെടുത്തിയിരുന്നത്. ഡോ. ആർ.വി.ജി മേനോൻ മാത്രമാണ് നിലവില്‍ കെ റെയില്‍ പദ്ധതിയെ എതിര്‍ത്ത് സംവാദത്തില്‍ പങ്കെടുക്കുന്നത്.  

K Rail debate: Alok Verma and R Sreedhar withdraw

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News