'ഞങ്ങൾ തീവ്രവാദികളല്ല, ചോറ് തിന്നുന്ന മനുഷ്യരായത് കൊണ്ടാണ് ഇവരെ ജയിപ്പിച്ചത്'; മന്ത്രിക്ക് കെ-റെയിൽ സമരക്കാരുടെ മറുപടി
കെ- റെയിൽ സർവേക്കെതിരെ വലിയ പ്രതിഷേധമാണ് മലപ്പുറം തിരുന്നാവായയിൽ ഉയർന്നത്. സർവേ നടത്താൻ എത്തുന്ന ഉദ്യോഗസ്ഥരെ തടയാൻ നാട്ടുകാർ സംഘടിച്ചു. പ്രതിഷേധം കടുത്തതോടെ സർവേ നിർത്തിവച്ചു.
കെ റെയിലിനെതിരെ സമരം ചെയ്യുന്നത് തീവ്രവാദികളാണെന്ന മന്ത്രി സജി ചെറിയാൻറെ പ്രസ്താവനക്കെതിരെ മലപ്പുറം തിരുന്നാവായയിലെ സമരക്കാർ.
''ഞങ്ങളല്ല തീവ്രവാദികൾ ഈ പറയുന്നവർ തന്നെയാവും ഞങ്ങൾ ചോറ് തിന്നുന്ന മനുഷ്യരായത് കൊണ്ടാണ് ഇവരെയൊക്കെ ജയിപ്പിച്ച് മന്ത്രിമാരാക്കിയത്. ഞങ്ങൾക്ക് മന്ത്രിയെ വേണ്ട. വീടാണ് വേണ്ടത്. പാർട്ടിയിൽ നിന്ന് പുറത്താക്കിയാലും ഒരു പ്രശ്‌നവുമില്ല, ഒരു പാർട്ടിയുടെയും പിൻബലത്തിലല്ല സമരത്തിനിറങ്ങിയത്. ഈ സമരത്തിൽ നിന്ന് പിന്നോട്ടില്ല. ജയിലിൽ പോവാനും മടിയില്ല. ഇവിടെ 250 കുടുംബങ്ങളുണ്ട് എല്ലാവരും ജയിലിൽ പോവാൻ റെഡിയാണ്''.- സമരക്കാർ പറയുന്നു.
കെ- റെയിൽ വിരുദ്ധ സമരത്തിന് പിന്നിൽ തീവ്രവാദ സംഘടനകളാണെന്നാണ് മന്ത്രി സജി ചെറിയാൻ ഇന്നലെ ആലപ്പുഴയിൽ മാധ്യമങ്ങളോട് പറഞ്ഞത്. ഭൂ ഉടമകളെ ഇളക്കിവിട്ട് തീവ്രവാദ സംഘടനകളുടെ സഹായത്തോടെ പണം ഉൾപ്പെടെ നൽകിയാണ് ഇടതുമുന്നണിയുടെ നേട്ടങ്ങളെ തകർക്കാൻ ബോധപൂർവമായ ശ്രമം നടക്കുകയാണെന്നും മന്ത്രി ആരോപിച്ചു.
കെ റെയിൽ സർവേക്കെതിരെ വലിയ പ്രതിഷേധമാണ് മലപ്പുറം തിരുന്നാവായയിൽ ഉയർന്നത്. സർവേ നടത്താൻ എത്തുന്ന ഉദ്യോഗസ്ഥരെ തടയാൻ നാട്ടുകാർ സംഘടിച്ചു. പ്രതിഷേധം കടുത്തതോടെ സർവേ നിർത്തിവച്ചു. തുടർച്ചയായ മൂന്നാം ദിവസവും അതിശക്തമായ പ്രതിരോധമാണ് തിരുന്നാവായ പല്ലാർ നിവാസികൾ പാടശേഖരത്തിൽ തീർത്തത്. ജനരോഷം കാരണം സർവേയ്ക്ക് എത്തിയ ഉദ്യോഗസ്ഥരും പോലീസും പിന്തിരിയുകയായിരുന്നു. തിരുന്നാവായയിൽ എത്തിയ എൻ. ഷംസുദ്ദീൻ എം.എൽ.എ സമരക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചു.