'നാണംകെട്ട അഭിപ്രായം'; കോൺഗ്രസിനെ വിജയിപ്പിച്ചാൽ ബി.ജെ.പിക്കാണ് ഗുണമെന്ന സി.പി.എം ആരോപണത്തിനെതിരെ കെ. സുധാകരൻ
ബി.ജെ.പിയിൽ പോകുമെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്നു സുധാകരൻ
കണ്ണൂർ: കോൺഗ്രസിന് വോട്ട് ചെയ്താൽ ബി.ജെ.പിക്കാണ് ഗുണമെന്ന സി.പി.എം നേതാക്കളുടെ അഭിപ്രായം നാണം കെട്ടതാണെന്നും ബി.ജെ.പിയുടെ ഔദാര്യത്തിൽ ജയിലിൽ പോകാത്ത നേതാക്കളുടെ പാർട്ടിയാണ് സിപിഎമ്മെന്നും കെപിസിസി അധ്യക്ഷനും കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥിയുമായ കെ. സുധാകരൻ. മീഡിയവൺ 'ദേശീയപാത'യിൽ എഡിറ്റർ പ്രമോദ് രാമനോട് സംസാരിക്കവേയാണ് പ്രതികരണം.
തങ്ങളെവിടെയാണ് ബി.ജെ.പിയെ സഹായിച്ചതെന്നും താൻ പ്രസംഗിക്കുമ്പോഴൊക്കെ ബി.ജെ.പിയുടെ മതേതരത്വ വിരുദ്ധ നിലപാടിനെ വിമർശിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇ.പി ജയരാജന്റെയും എം.വി ജയരാജന്റെയും വിമർശനങ്ങൾ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കെ. സുധാകരന്റെ പ്രതികരണം.
പത്മജയുടെയും അനിൽ ആൻറണിയുടെയും ബിജെപി പ്രവേശനം കോൺഗ്രസിനെ ബാധിക്കില്ലെന്നും രണ്ടാൾ പോയാൽ കോൺഗ്രസിനെന്താണെന്നും കെ സുധാകരൻ പറഞ്ഞു. ലക്ഷകണക്കിന് അണികളും നേതാക്കളുമുള്ള പാർട്ടിയിൽനിന്ന് രണ്ടുപേർ പോയാൽ അതൊരു ഒഴുക്കാണെന്ന് എങ്ങനെയാണ് പറയുകയെന്നും അദ്ദേഹം ചോദിച്ചു. അവർ രണ്ടുപേർ വന്നത് കൊണ്ട് ബി.ജെ.പിക്ക് ഗുണമൊന്നുമുണ്ടാകില്ലെന്നും അവർക്കും മെച്ചമുണ്ടാകില്ലെന്നും പറഞ്ഞു.
ബി.ജെ.പിയിൽ പോകുമെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ലെന്നും പോകാത്ത താൻ പോകുന്നുവെന്ന് ആവർത്തിച്ചു പറഞ്ഞപ്പോൾ പോയാൽ നിങ്ങൾക്കെന്താണെന്ന് ചോദിച്ചതാണെന്നും സുധാകരൻ പറഞ്ഞു. അത് പോകാനല്ലെന്നും വ്യക്തമാക്കി. തനിക്ക് ഒരുപാട് ബി.ജെ.പി നേതാക്കളുമായി ബന്ധമുണ്ടെന്നും പോകണമെങ്കിൽ നേരത്തെ പോകാമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി ആവശ്യപ്പെട്ടത് കൊണ്ടാണ് ഇപ്പോൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും മണ്ഡലത്തിൽ മത്സരിക്കാൻ യോഗ്യരായ യൂത്ത് കോൺഗ്രസ് നേതാക്കളടക്കമുള്ളവർ ഉണ്ടെന്നും സുധാകരൻ വ്യക്തമാക്കി.