തിരക്കുണ്ട്, ഹാജരാകണമെങ്കിൽ ഒരാഴ്ച മുൻപെങ്കിലും അറിയിക്കണം; ക്രൈം ബ്രാഞ്ചിനോട് കെ സുധാകരൻ
നാളെ ഹാജരാകാൻ അസൗകര്യമുണ്ടെന്ന് സുധാകരൻ ക്രൈം ബ്രാഞ്ചിനെ അറിയിച്ചു. ജനപ്രതിനിധിയായതിനാൽ തിരക്കുകളുണ്ടെന്നാണ് വിശദീകരണം.
തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നാളെ ചോദ്യംചെയ്യലിന് ഹാജരാകില്ല. നാളെ ഹാജരാകാൻ അസൗകര്യമുണ്ടെന്ന് സുധാകരൻ ക്രൈം ബ്രാഞ്ചിനെ അറിയിച്ചു. ജനപ്രതിനിധിയായതിനാൽ തിരക്കുകളുണ്ടെന്നാണ് വിശദീകരണം. ചോദ്യം ചെയ്യലിന് ഹാജരാകണമെങ്കിൽ ഒരാഴ്ച മുൻപെങ്കിലും വിവരം അറിയിക്കണമെന്നും സുധാകരൻ അപേക്ഷ നൽകി. തുടർന്ന്, നാളെ തന്നെ പുതിയ നോട്ടീസ് നൽകാനാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം.
മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ രണ്ടാം പ്രതിയാണ് സുധാകരൻ. ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയെങ്കിലും ഹാജരാകാൻ കഴിയില്ലെന്ന് നേരത്തെ തന്നെ സുധാകരൻ അറിയിച്ചിരുന്നു. കേസിന്റെ രേഖകൾ ആവശ്യപ്പെട്ട് സുധാകരൻ നിയമനടപടി സ്വീകരിക്കും. ബുധനാഴ്ച ചോദ്യം ചെയ്യലിന് കളമശേരി ഓഫീസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് സംഘം സുധാകരന് നോട്ടീസ് നൽകിയത്.
വ്യാജരേഖ ചമയ്ക്കൽ, വഞ്ചനാ കുറ്റം അടക്കമുള്ള ഗുരുതര വകുപ്പുകൾ ആണ് ക്രൈംബ്രാഞ്ച് സുധാകരനെതിരെ ചുമത്തിയിട്ടുള്ളത്. സുധാകരനെ പ്രതി ചേർത്ത് ക്രൈംബ്രാഞ്ച് സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. എറണാകുളം അഡീഷനൽ സിജെഎം കോടതിയിലാണ് റിപ്പോർട്ട് നൽകിയത്.
മോൻസനുമായി കെ. സുധാകരൻ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയത്. 25 ലക്ഷം രൂപയിൽ 10 ലക്ഷം കെ. സുധാകരൻ കൈപ്പറ്റിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ഇതിന്റെ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചിട്ടുണ്ടെന്നും അന്വേഷണസംഘം പറയുന്നു.