വോട്ടു കുറഞ്ഞത് എൽ.ഡി.എഫിന്‍റേത്; മുഖ്യമന്ത്രിക്ക് മറുപടിയുമായി കെ. സുരേന്ദ്രന്‍
വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ചാണ് ഇടതുമുന്നണി ഇത്തവണ ഭരണം പിടിച്ചത്.
വോട്ടു കച്ചവട ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മുഖ്യമന്ത്രി സ്ഥാനത്തിന്‍റെ ഉത്തരവാദിത്തം മനസിലാക്കി വേണം പിണറായി സംസാരിക്കാൻ. വോട്ട് കുറഞ്ഞത് എൽ.ഡി.എഫിനെന്നും വർഗീയശക്തികളെ കൂട്ടുപിടിച്ചാണ് ഇടതുമുന്നണി വീണ്ടും ഭരണത്തിലെത്തിയതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
2014ലെ കണക്ക് നോക്കിയാൽ എട്ടു ശതമാനം വോട്ട് സി.പി.എമ്മിന് നഷ്ടമായി. അന്ന് വിറ്റ വോട്ടിന്‍റെ പണം എ.കെ.ജി സെന്‍ററിലേക്കാണോ പോയത്? അതോ ധർമ്മടത്തേക്കോ? ഈ തെരഞ്ഞെടുപ്പിലും സി.പി.എമ്മിന് വോട്ട് കുറഞ്ഞു. പാലക്കാട് 2500 വോട്ട് സി.പി.എമ്മിന് കുറഞ്ഞു. വിജയിച്ച നേമത്ത് സി.പി.എമ്മിന് വോട്ട് കുറവാണ്. മഞ്ചേശ്വരത്ത് 3%വോട്ട് എൽ.ഡി.എഫിന് കുറഞ്ഞു. കുണ്ടറയിൽ എൽ.ഡി.എഫിന് 20000വോട്ട് കുറഞ്ഞു. തൃപ്പൂണിത്തുറയില്‍ 10200ഓളം വോട്ടുകളാണ് 2016നെ അപേക്ഷിച്ച് സി.പി.എമ്മിന് കുറഞ്ഞതെന്ന് കെ സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മുസ്‌ലിം വർഗീയ ശക്തികളെ കൂട്ടു പിടിച്ചാണ് എൽ.ഡി.എഫ് തെരഞ്ഞെടുപ്പിൽ ഇറങ്ങിയത്. നേമത്ത് എസ്.ഡി.പി.ഐ എൽ.ഡി.എഫിനെ സഹായിച്ചെന്നത് പരസ്യമായി പറഞ്ഞതാണ്. ഇക്കാര്യം ഇതുവരെ സി.പി.എം നിഷേധിച്ചിട്ടില്ല. യു.ഡി.എഫിനും ഇത്തരത്തിൽ വർഗീയ ശക്തികളുടെ സഹായം ലഭിച്ചിട്ടുണ്ട്. കൽപറ്റയിൽ അതുണ്ടായിട്ടുണ്ടെന്ന് ശ്രേയാംസ്കുമാർ പറയുന്നു. ഇ. ശ്രീധരൻ, കുമ്മനം എന്നിവരെ നിയമസഭ കാണിക്കരുതെന്ന് പലർക്കും താൽപര്യമുണ്ടായിരുന്നു. സമുദായം ഒന്നിച്ചുനിന്ന് ഇവരെ തോൽപിക്കണമെന്ന് ആഹ്വാനം ഉണ്ടായിട്ടില്ലേയെന്നും സുരേന്ദ്രന്‍ ചോദിച്ചു.
ലീഗ് മത്സരിക്കാത്ത ഇടങ്ങളിൽ മുസ്‌ലിം വോട്ടുകൾ എൽ.ഡി.എഫിനാണ് കിട്ടിയത്. ഇതൊന്നും കാണാതെയാണ് പോകുന്നതെങ്കിൽ കോണ്‍ഗ്രസ്സിന്‍റെ കാര്യം ദയനീയമാകും. ബി.ജെ.പി യുടെ വോട്ട് അന്വേഷിച്ച് നടക്കുന്ന ചെന്നിത്തല സ്വന്തം കാലിനടിയിൽ മണ്ണൊലിച്ചു പോയത് അറിഞ്ഞിട്ടില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു.
തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്‍റെ പ്രാഥമിക ഉത്തരവാദിത്തം തനിക്കു തന്നെയാണ്. എല്ലാ മണ്ഡലങ്ങളിലേക്കും രണ്ടു നേതാക്കളെ വീതം അയച്ചു കാര്യങ്ങൾ പഠിക്കും. എല്ലാം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അവരാണ് തീരുമാനം എടുക്കേണ്ടത്. ഘടക കക്ഷികൾക്കൊക്കെ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അത് പരിശോധിക്കും. രണ്ടു സ്ഥലത്തു മത്സരിക്കേണ്ട എന്നായിരുന്നു വ്യക്തിപരമായ അഭിപ്രായം അങ്ങനെ മത്സരിച്ചിരുന്നില്ലെങ്കിൽ മഞ്ചേശ്വരം കിട്ടുമെന്ന് ചിലർ പറയുന്നുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.