യു.ജി.സി നിർദേശം നടപ്പാക്കാതെ കാലടി സർവകലാശാല; പ്രവേശന ക്രമക്കേടിന് വഴിവെക്കുന്നത് സർവകലാശാല നടപടിയെന്ന് ആക്ഷേപം
യുജിസി നിർദേശം പാലിക്കണമെന്ന് കഴിഞ്ഞ വർഷം തീരുമാനിച്ച കാലടി സർവകലാശാല ദിവസങ്ങള്‍ക്കകം തീരുമാനം അട്ടിമറിച്ചു
കോഴിക്കോട്: യു.ജി.സി നിർദേശം നടപ്പാക്കാതെ ക്രമക്കേടിന് വഴിവെച്ച് കാലടി സർവകലാശാല. യു.ജി.സി നിർദേശം തള്ളിക്കളഞ്ഞുകൊണ്ടുള്ള പ്രവേശന നടപടികളാണ് കാലടി സർവകലാശാലയിലെ പി.എച്ച്.ഡി പ്രവേശനത്തിലെ ക്രമക്കേടിന് കാരണം.പ്രവേശനപരീക്ഷക്ക് 70 ശതമാനവും അഭിമുഖത്തിന് 30 ശതമാനവും വെയിറ്റേജ് എന്നതാണ് യുജിസി മാനദണ്ഡം. യുജിസി നിർദേശം പാലിക്കണമെന്ന് കഴിഞ്ഞ വർഷം തീരുമാനിച്ച കാലടി സർവകലാശാല ദിവസങ്ങള്‍ക്കകം അത് അട്ടിമറിച്ചു.
ഒത്തിരി പരാതികള്‍ വന്നതിന് പിന്നാലെ ഈ നിർദേശം നടപ്പിലാക്കാന്‍ കാലടി സർവകലാശാല തീരുമാനിച്ചിരുന്നു. കഴിഞ്ഞ വർഷം നവംബർ 25 ന് വകുപ്പ് മേധാവികള്‍ക്കും ഇതുമായി ബന്ധപ്പെട്ട് നിർദേശം നൽകിയിരുന്നു. എന്നാൽ നാല് ദിവസത്തിന് ശേഷം നിർദേശം റദ്ദാക്കി. യു.ജി.സി നിർദേശം കണക്കിലെടുക്കേണ്ടെന്നും നിലവിലെ രീതിയില്‍ പ്രവേശനം നടത്തിയാല്‍ മതിയെന്നുമായിരുന്നു സർവകലാശാല നിലപാട്.
പ്രവേശന പരീക്ഷ നടത്തുമെങ്കിലും അതിന്റെ മാർക്ക് പ്രേവശനത്തിന് മാനദണ്ഡമാക്കാറില്ല. അഭിമുഖത്തിന് ശേഷം സെലക്ഷന്‍ കമ്മറ്റി നൽകുന്ന പട്ടിക അതുപോലെ അംഗീകരിക്കുകയാണ് കാലടി സർവകലാശാല ചെയ്യുന്നത്. ഈ രീതി തന്നെയാണ് ക്രമക്കേടുകള്‍ക്ക് കാരണമാകുന്നത്.
യു.ജി.സി റഗുലേഷന്‍ നടപ്പാക്കണമെന്ന ഹൈക്കോടതി ഉത്തരവ് ഈ വർഷം വന്നെങ്കിലും അതിനെതിരെ കാലടി സർകലാശാല അപ്പീല്‍ സമർപ്പിച്ചിരുന്നു. സെലക്ഷന്‍ കമ്മറ്റി വിചാരിച്ചാല്‍ യോഗ്യതയില്ലാത്ത ആരെയും തിരുകിക്കയറ്റാമെന്ന് തെളിയിക്കുന്നതാണ് കെ. വിദ്യയുടേതുള്‍പ്പെടെ കാലടി സർവകലാശാല നടത്തിയ പ്രവേശനങ്ങള്‍.