കലൂർ അപകടം; കോർപറേഷൻ ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച്

ഓഫീസിന് മുന്നിൽ പൊലീസ് ബാരിക്കേഡ് വെച്ച് സമരക്കാരെ തടഞ്ഞു, ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

Update: 2025-01-07 08:40 GMT
Editor : ശരത് പി | By : Web Desk
Advertising

കൊച്ചി: ഉമ തോമസ് എംഎൽഎയ്ക്ക് അപകടം സംഭവിച്ചതിൽ കോർപറേഷന് വീഴ്ചയുണ്ടായെന്ന് ആരോപിച്ച് കോർപറേഷൻ ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധ സമരത്തിൽ സംഘർഷം. ഓഫിസിന് മുന്നിൽ പൊലീസ് ബാരിക്കേഡ് വെച്ച് സമരക്കാരെ തടഞ്ഞു. പൊലീസും സമരക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. സമരക്കാർ ബാരിക്കേഡിന് മുകളിൽ കയറിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ബാരിക്കേഡ് കടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചതോടെ പ്രവർത്തകർ പിരിഞ്ഞുപോയി.

നേരത്തെ കലൂർ സ്റ്റേഡിയത്തിലെ അപകടത്തിൽ ഓസ്‌കാർ ഇവന്റ്സ് ഉടമ ജനീഷ് പിടിയിലായിരുന്നു. നൃത്തപരിപാടിക്കിടെ ഉമ തോമസ് എംഎൽഎയ്ക്കു പരിക്കേറ്റ സംഭവത്തിലാണു നടപടി. തൃശൂരിൽനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഹൈക്കോടതി നിർദേശിച്ചിട്ടും ജനീഷ് അന്വേഷണസംഘത്തിന് മുൻപിൽ ഹാജരായിരുന്നില്ല.

കേസിൽ മൂന്നാം പ്രതിയാണ് ജനീഷ്. നേരത്തെ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും കീഴടങ്ങാൻ കോടതി ആവശ്യപ്പെടുകയായിരുന്നു. കേസിൽ ഒന്നാം പ്രതിയായ നിഘോഷ് കുമാർ കോടതിയുടെ നിർദേശം പാലിച്ച് പൊലീസിനു മുൻപിൽ കീഴടങ്ങിയിരുന്നു. എന്നാൽ, ആരോഗ്യപ്രശ്നങ്ങളുണ്ടെന്നു കാണിച്ച് ജനീഷ് കീഴടങ്ങാനാകില്ലെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.

ഇന്നു രാവിലെ ചികിത്സ കഴിഞ്ഞ് ആശുപത്രി വിടുംമുൻപാണ് ജനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇന്നു വൈകീട്ട് കോടതിയിൽ ഹാജരാക്കും.

വാർത്ത കാണാം-

Full View

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News