ചെങ്കടലായി കണ്ണൂർ; സിപിഎം പാർട്ടി കോൺഗ്രസിന് ഉജ്ജ്വല സമാപനം
സിപിഎം ഭരിക്കുന്ന ഏക സംസ്ഥാനമെന്ന നിലയ്ക്ക് കേരളം തന്നെയായിരുന്നു പാർട്ടി കോൺഗ്രസിലെ പ്രധാന ചർച്ച
കണ്ണൂർ: 23ാം പാർട്ടി കോൺഗ്രസിന് കണ്ണൂരിൽ ഉജ്ജ്വല സമാപനം. നായനാർ അക്കാദമിയിൽ നിന്നും ജവഹർ സ്റ്റേഡിയത്തിലേക്ക് നടന്ന റെഡ് വളണ്ടിയർ മാർച്ചോടെയാണ് സമാപന സമ്മേളനത്തിന് തുടക്കമായത്.
രണ്ടായിരം വളണ്ടിയർമാരാണ് മാർച്ചിൽ പങ്കെടുത്തത്. പിണറായി വിജയൻ, സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണൻ, പ്രകാശ് കാരാട്ട് എന്നിവർ തുറന്ന വാഹനത്തിൽ റെഡ് വളണ്ടിയർ മാർച്ചിന്റെ ഗാർഡ് ഓഫ് ഓണർ പരിശോധിച്ചു. സമാപന സമ്മേളനത്തിന്റെ ഭാഗമാകാൻ ആയിരങ്ങളാണ് നഗരത്തിലേക്ക് ഒഴുകിയെത്തിയത്. സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ മുതൽ മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസ് വരെ പങ്കെടുത്തത് സമ്മേളനത്തിന് മാറ്റുകൂട്ടി. 1943-ൽ മുംബെയിലാണ് ഒന്നാംപാർട്ടി കോൺഗ്രസ് ആരംഭിച്ചത്. 80 വർഷക്കാലം പിന്നിടുമ്പോൾ സഖാക്കൾക്ക് പറയാനുള്ളത് ത്യാഗോജ്ജ്വലമായ പോരാട്ടത്തിന്റെയും സഹനത്തിന്റെയും ചരിത്രമാണ്. 1943 മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടി അതിന്റെ വളർച്ചയും തളർച്ചയും കണ്ടു. കൽക്കട്ട തിസീസ് മുതൽ കെ-റെയിൽ വരെ പാർട്ടി കോൺഗ്രസ് ചർച്ച വിഷയമാക്കി.
ദേശീയ തലത്തിൽ പാർട്ടി പ്രതിസന്ധിയിലാണെന്ന വിലയിരുത്തലാണ് മുതിർന്ന നേതാക്കൾക്കു പോലും ഉള്ളത്. കേന്ദ്ര നേതൃത്വത്തിനും സമ്മേളന വേദിയിൽ വിമർശന ശരങ്ങളേൽക്കേണ്ടി വന്നു. പത്ര സമ്മേളനങ്ങളും മറ്റും നടത്തിയതല്ലാതെ സിപിഎം ദേശീയ തലത്തിൽ എന്ത് ചെയ്‌തെന്നായിരുന്നു കേരളത്തിൽ നിന്നുള്ള സിപിഎം നേതാക്കളുടെ ചോദ്യം. സിപിഎമ്മിന്റെ ദൗർബല്യതയെയും കേന്ദ്ര നേതൃത്വത്തിന്റെ പിടിപ്പുകേടുകളെയും ചോദ്യം ചെയ്യുന്നതായിരുന്നു കേരളത്തിലെ സിപിഎം നേതാക്കളുടെ പരാമർശങ്ങൾ. സിപിഎം ഭരിക്കുന്ന ഏക സംസ്ഥാനമെന്ന നിലയ്ക്ക് കേരളം തന്നെയായിരുന്നു പാർട്ടി കോൺഗ്രസിലെ പ്രധാന ചർച്ച. സിപിഎമ്മിന്റെ ചെങ്കോട്ടയായ കണ്ണൂരിൽ പാർട്ടിക്കു ലഭിച്ചത് പുത്തനുണർവാണെന്നു പറയാതെ വയ്യ. കേരളത്തിന്റെ വികസന മാതൃക ദേശീയ തലത്തിൽ ഉയർത്തിക്കാട്ടാൻ സിപിഎം പാർട്ടി കോൺഗ്രസിനായി എന്നാണ് പ്രധാന വിലയിരുത്തൽ. ദേശീയ നേതൃത്വത്തിൽ കൂടുതൽ മലയാളി സാന്നിധ്യം ഉറപ്പാക്കാൻ കഴിഞ്ഞുവെന്നതും ഇത്തവണത്തെ പാർട്ടി കോൺഗ്രസിന്റെ പ്രത്യേകതയാണ്.
കെ.വി തോമസിന്റെയും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെയും രംഗ പ്രവേശം സിപിഎം പാർട്ടി കോൺഗ്രസിന് കൂടുതൽ പ്രചാരമേകി. വിവാദങ്ങൾക്ക് തിരികൊളുത്തിയായിരുന്നു കെ.വി തോമസിന്റെ പാർട്ടി കോൺഗ്രസിലേക്കുള്ള വരവ്. കെ.പി.സി.സി വിലക്ക് ലംഘിച്ച് സെമിനാറിൽ പങ്കെടുത്ത കെ.വി തോമസ് ഒടുവിൽ കോൺഗ്രസിൽ നിന്ന് പുറത്താകലിന്റെ വക്കിലെത്തി നിൽക്കുകയാണ്. കണ്ണൂരിന്റെ മണ്ണിൽ സിപിഎം പാർട്ടി കോൺഗ്രസ് ചരിത്രം രചിച്ചപ്പോൾ കേന്ദ്ര കമ്മിറ്റിയംഗം എം.സി ജോസഫൈനിന്റെ അപ്രതീക്ഷിത മരണം വമ്പൻ സമ്മേളനത്തിന്റെ സങ്കട കാഴ്ചയായി.4500 സംഘാടക സമിതിയാണ് പാർട്ടി കോൺഗ്രസിന്റെ പിന്നിൽ പ്രവർത്തിച്ചത്.