'പൊലീസിലെ സംഘ്പരിവാർ അനുകൂലികൾക്ക് ഊർജം പകരുന്നത് ആഭ്യന്തര വകുപ്പിന്റെ ആർജവമില്ലായ്മ'; വിമർശനവുമായി കാന്തപുരം വിഭാഗം ദിനപത്രം

''ബിജെപി, ആർഎസ്എസ് പ്രവർത്തകർ പ്രതിസ്ഥാനത്ത് വരുന്ന കേസുകളിൽ, എത്ര പരാതികൾ ഉയർന്നാലും കേസ് ചാർജ് ചെയ്യുന്നത് അപൂർവമാണ്. നിയമനടപടികൾ സ്വീകരിച്ചാൽ തന്നെ പ്രതികളെ മാനസികരോഗികളോ ലഹരിക്കടിമപ്പെട്ടവരോ ആക്കി കേസുകൾ അട്ടിമറിക്കുകയും ചെയ്യും''

Update: 2024-10-12 04:30 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: പൊലീസിനും ആഭ്യന്തര വകുപ്പിനുമെതിരെ വിമർശനവുമായി എഡിറ്റോറിയലുമായി സുന്നി കാന്തപുരം വിഭാഗം ദിനപത്രം. പൊലീസിൽ സംഘ്പരിവാർ സ്വാധീനം പ്രകടമാണെന്ന് 'സിറാജ്' എഡിറ്റോറിയലിൽ ആരോപിച്ചു. ആർഎസ്എസുകാർ പ്രതികളൊകുന്ന കേസുകളിൽ നടപടി വിരളമാണ്. എന്നാൽ, സംഘ്പരിവാർ വിരുദ്ധ നിലപാടുകാർക്കെതിരെ കർശന നടപടിയും സ്വീകരിക്കുന്നു. പൊലീസ് ആർഎസ്എസിന്റെ ഉപകരണമാകുന്നുവെന്ന പരാതി വ്യാപകമാണെന്നും പൊലീസിലെ സംഘ് അനുകൂലികൾക്ക് ഊർജം നൽകുന്നത് ആഭ്യന്തര വകുപ്പിന്റെ ആർജവമില്ലായ്മയാണെന്നും സിറാജ് മുഖപ്രസംഗത്തിൽ ആരോപിക്കുന്നു.

മുൻ ഡിജിപി ആർ. ശ്രീലേഖയുടെ ബിജെപി പ്രവേശത്തിന്റെ പശ്ചാത്തലത്തിലാണ് സിറാജ് മുഖപ്രസംഗം. കേരള പൊലീസിന്റെ പല നടപടികളിലും ആർഎസ്എസ് വിധേയത്വം പ്രകടമാണെന്നും ബിജെപി, ആർഎസ്എസ് പ്രവർത്തകർ പ്രതിസ്ഥാനത്ത് വരുന്ന കേസുകളിൽ, എത്ര പരാതികൾ ഉയർന്നാലും കേസ് ചാർജ് ചെയ്യുന്നത് അപൂർവമാണെന്നും ഇതിൽ ആരോപിക്കുന്നു. നിയമനടപടികൾ സ്വീകരിച്ചാൽ തന്നെ പ്രതികളെ മാനസികരോഗികളോ ലഹരിക്കടിമപ്പെട്ടവരോ ആക്കി കേസുകൾ അട്ടിമറിക്കുകയും ചെയ്യും. അതേസമയം, സംഘ്പരിവാർ വിരുദ്ധ നിലപാടുകാരായ സാമൂഹിക-രാഷ്ട്രീയപ്രവർത്തകർക്കും ന്യൂനപക്ഷ സംഘടനാ പ്രവർത്തകർക്കുമെതിരെ കർശന നടപടികൾ സ്വീകരിക്കും. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരുടെ പേരിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തതും, നിരന്തരം വിദ്വേഷ പ്രസംഗം നടത്തുന്ന ഹിന്ദുഐക്യവേദി നേതാവ് കെ.പി ശശികലക്കെതിരെ ലഭിച്ച പരാതികളിൽ ഒന്നിൽ പോലും നിയമനടപടി സ്വീകരിക്കാത്തതും ഉൾപ്പെടെയുള്ള ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാനുണ്ടെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

നിയമനടപടികളിൽ സംഘ്പരിവാർ വിധേയത്വം കാണിക്കുക മാത്രമല്ല, അതീവ രഹസ്യമായ ഫയലുകളടക്കം പൊലീസ് വകുപ്പിലെ പല രഹസ്യ തീരുമാനങ്ങളും സേനയിലെ ആർഎസ്എസ് സെൽ, സംഘ്പരിവാർ കേന്ദ്രങ്ങൾക്ക് ചോർത്തിക്കൊടുക്കുന്നുവെന്ന് ഇന്റലിജൻസ് കണ്ടെത്തിയതായി മാധ്യമങ്ങൾ റിപോർട്ട് ചെയ്തിരുന്നു. ഇതടിസ്ഥാനത്തിൽ സംഘ്പരിവാർ അനുകൂലികളായ പൊലീസുകാരെ കണ്ടെത്തി വിവരം നൽകാൻ ആഭ്യന്തരവകുപ്പ് പൊലീസ് മേധാവികളോട് ആവശ്യപ്പെടുകയുമുണ്ടായി. ശബരിമല വിവാദ കാലത്ത് ക്ഷേത്രപ്രവേശനത്തിനായി സ്ത്രീകൾ എത്തുന്ന വിവരം മറ്റുള്ളവർക്ക് മുമ്പേ ആർഎസ്എസുകാർക്കു ലഭിച്ചത് പൊലീസിൽ നിന്നായിരുന്നു. സർവീസ് കാലത്ത് ഇത്തരം പ്രവർത്തനങ്ങൾ നിരോധിച്ചിട്ടും അത് ലംഘിച്ചും ഔദ്യോഗിക സ്വാധീനം ഉപയോഗപ്പെടുത്തിയും ഒരു വിഭാഗം കാവിവത്ക്കരണ പരിപാടികൾ ഊർജിതമായി നടത്തുമ്പോൾ ഉത്തരവാദപ്പെട്ടവർ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്. ആഭ്യന്തര വകുപ്പിന്റെ ആർജവമില്ലായ്മയാണ് പൊലീസിലെ സംഘ്പരിവാർ അനുകൂലികൾക്ക് ഊർജം പകരുന്നതെന്നും മുഖപ്രസംഗത്തിൽ ആരോപിച്ചു.

Summary: Sunni Kanthapuram faction mouthpiece 'Siraj' criticizes Kerala police and home department in editorial

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News