തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി: കരുനാഗപ്പള്ളി ബിജെപിയിൽ പൊട്ടിത്തെറി

നിയോജക മണ്ഡലം സെക്രട്ടറി രാജി രാജ് ബിജെപി അംഗത്വം രാജിവെച്ചു.

Update: 2021-06-27 02:16 GMT
Advertising

തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി ബിജെപിയിൽ പൊട്ടിത്തെറി. നിയോജക മണ്ഡലം സെക്രട്ടറി രാജി രാജ് ബിജെപി അംഗത്വം രാജിവെച്ചു. തെരഞ്ഞെടുപ്പിനായി ലഭിച്ച തുക സ്ഥാനാർഥിയും ചില നേതാക്കളും ചേർന്ന് തിരിമറി നടത്തിയെന്നാണ് ആരോപണം. ഫണ്ട് തിരിമറിയിൽ പ്രതിഷേധിച്ച് കൂടുതൽ ആളുകൾ പാർട്ടി അംഗത്വം രാജിവെക്കുമെന്ന സൂചനയുമുണ്ട്.

കൊല്ലം ജില്ലയിലെ ബിജെപിയുടെ എ ക്ലാസ് മണ്ഡലം ചാത്തന്നൂര്‍ ആയിരുന്നെങ്കിലും കരുനാഗപ്പള്ളിയിലും ബിജെപിക്ക് വിജയ പ്രതീക്ഷ ഉണ്ടായിരുന്നു. അതിനാല്‍ ചാത്തന്നൂരില്‍ എത്തിയതിന് സമാനമായ രീതിയില്‍ കരുനാഗപ്പള്ളിയിലും തെരഞ്ഞെടുപ്പ് ഫണ്ട് എത്തി. സ്ഥാനാര്‍ഥിയും ഭര്‍ത്താവും ചില നേതാക്കളും ചേര്‍ന്ന് തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി നടത്തിയെന്ന ആരോപണം ശക്തമാണ്. ഒപ്പം ഒരു വിഭാഗം നേതാക്കള്‍ വോട്ട് മറിച്ചതായും ആരോപണമുണ്ട്. ബിജെപിക്ക് മണ്ഡലത്തിൽ നേടാനായത് 12,144 വോട്ട് മാത്രമാണ്. സംഘടനയ്ക്കുള്ളില്‍ ഉരുണ്ടു കൂടിയ പ്രതിഷേധത്തിന്‍റെ തുടര്‍ച്ചയാണ് നിയോജക മണ്ഡലം സെക്രട്ടറിയും മഹിള മോര്‍ച്ച നേതാവുമായ രാജി രാജിന്‍റെ രാജി.

കരുനാഗപ്പള്ളി മണ്ഡലത്തില്‍ മാത്രമല്ല, കൊല്ലത്തെ ബാക്കി 10 മണ്ഡലങ്ങളിലും വലിയ തുക തെരഞ്ഞെടുപ്പ് ഫണ്ടായി എത്തിയെന്നും രാജി രാജ് വെളിപ്പെടുത്തുന്നു. വിഷയത്തിൽ നേതൃത്വത്തിന്‍റെ ഭാഗത്ത് നിന്ന് ഇടപെടല്‍ ഉണ്ടായില്ലെങ്കിൽ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തും എന്നും രാജി രാജ് പറയുന്നു.

ബിജെപി വയനാട് ജില്ലാ ഘടകത്തിലും പ്രതിസന്ധി

തെരഞ്ഞെടുപ്പ് കോഴ വിവാദത്തില്‍ ബിജെപി വയനാട് ജില്ലാ ഘടകത്തില്‍ രൂപപ്പെട്ട പ്രതിസന്ധി തുടരുന്നു. കൂടുതല്‍ നേതാക്കളുടെയും പ്രവർത്തകരുടെയും രാജി ഇന്നും ഉണ്ടാകും. ബിജെപി ജില്ലാ സെക്രട്ടറി പ്രശാന്ത് മലവയലിനെ പുറത്താക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനെ ചൊല്ലി ജില്ലാ ഘടകത്തിൽ ആരംഭിച്ച തർക്കങ്ങളാണ് പൊട്ടിത്തെറിയിലേക്ക് നയിച്ചത്. പ്രശാന്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട യുവമോർച്ച ജില്ലാ അധ്യക്ഷൻ ദീപുവിനെയും സുൽത്താൻ ബത്തേരി മണ്ഡലം പ്രസിഡന്‍റ് ലിലിൽ കുമാറിനെയും സ്ഥാനത്തു നിന്ന് നീക്കിയതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രവർത്തകർ കൂട്ടത്തോടെ രാജി വെച്ചു. ബത്തേരിയിൽ മാത്രം 270 പ്രവർത്തകരും ബത്തേരി, കൽപറ്റ മണ്ഡലം കമ്മറ്റികളും രാജിവെച്ചു. പ്രതിസന്ധിക്ക് അയവുവരാത്ത പശ്ചാത്തലത്തിൽ പ്രവർത്തകരുടെ രാജി ഇന്നും തുടർന്നേക്കും.

പ്രസീത അഴീക്കോട് പുറത്തുവിട്ട ശബ്ദരേഖയിൽ ജാനുവിന് പണം കൈമാറിയതായി പറയുന്ന ബിജെപി ജില്ലാ സെക്രട്ടറി പ്രശാന്ത് മലവയൽ അഴിമതിക്കാരനാണെന്നാണ് യുവമോർച്ച ജില്ലാ അധ്യക്ഷൻ ദീപുവിനെ അനുകൂലിക്കുന്നവരുടെ നിലപാട്. അഴിമതിക്കാരെ പുറത്താക്കി ഇപ്പോൾ മാറ്റിനിർത്തപ്പെട്ടവരെ തിരിച്ചെടുക്കണമെന്നാണ് ദീപുവിനെ അനുകൂലിക്കുന്നവർ ആവശ്യപ്പെടുന്നത്. ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും ഇവർ സൂചിപ്പിച്ചു.

കൊടകര കള്ളപ്പണക്കേസിൽ 5.77 ലക്ഷം രൂപ കൂടി കണ്ടെത്തി

കൊടകര ബിജെപി കള്ളപ്പണക്കേസിൽ കവർച്ച ചെയ്ത 5.77 ലക്ഷം രൂപ കൂടി കണ്ടെത്തി. ജയിലിൽ കഴിയുന്ന കവർച്ചാ കേസ് പ്രതികളെ ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പണം കണ്ടെത്താനായത്.

കൊടകര കള്ളപ്പണക്കേസിലെ പ്രതികളായ അലി, റഹീം എന്നിവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റ അടിസ്ഥാനത്തിലാണ് തുക കണ്ടെത്തിയത്. ജയിലിലെത്തിയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. ഇന്നലെ കണ്ടെടുത്ത 5.77 ലക്ഷം രൂപ പ്രതികൾ ചിലർക്ക് കൈമാറിയതായിരുന്നു. കടം വാങ്ങിച്ച തുക തിരികെ നൽകാനാണ് കവർച്ചാ പണം ഉപയോഗിച്ചതെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ പറഞ്ഞു. തുടർന്ന് തുക കണ്ടെത്താൻ കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂരും കോഴിക്കോടും അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. മൂന്നര കോടി കവർച്ച ചെയ്ത കേസിൽ ഒരു കോടി 55 ലക്ഷം രൂപയാണ് ഇതുവരെ കണ്ടെടുത്തത്.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News