കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; എ.സി മൊയ്തീൻ ഇന്ന് ഇ.ഡിക്കു മുന്നില്‍ ഹാജരാകില്ല
തിരുവനന്തപുരത്ത് നടക്കുന്ന നിയമസഭ സാമാജികർക്കുളള ഓറിയന്റേഷൻ ക്ലാസിൽ പങ്കെടുക്കേണ്ടതുണ്ടെന്ന് കാണിച്ചാണ് കത്ത് നൽകിയത്.
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ മുൻ മന്ത്രി എ.സി മൊയ്തീൻ ഇന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകില്ല. ഇ മെയിലിലൂടെയാണ് ഹാജരാകില്ലെന്ന് അറിയിച്ചത്. തിരുവനന്തപുരത്ത് നടക്കുന്ന നിയമസഭ സാമാജികർക്കുളള ഓറിയന്റേഷൻ ക്ലാസിൽ പങ്കെടുക്കേണ്ടതുണ്ടെന്ന് കാണിച്ചാണ് കത്ത് നൽകിയത്.
കഴിഞ്ഞ തവണ ചോദ്യം ചെയ്യലിന് ഹാജരായപ്പോൾ മൊയ്തീൻ സമർപ്പിച്ച രേഖകൾ അപൂർണമെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഇ.ഡി മൊയ്തീന് വീണ്ടും നോട്ടീസ് നൽകിയത്. മൊയ്തീന്‍റെയും ഭാര്യയുടെയും പേരിലുള്ള സ്വത്തുക്കളുടെയും സാമ്പത്തിക ഇടപാടുകളുടെയും കൂടുതൽ രേഖകൾ ഹാജരാക്കാനും നിർദേശമുണ്ടായിരുന്നു. ബാങ്കിൽ നിന്ന് ബെനാമി ലോണുകൾ അനുവദിക്കാൻ നിർദ്ദേശം നൽകിക്കൊണ്ട് എസി മൊയ്തീൻ സാമ്പത്തിക നേട്ടം ഉണ്ടാക്കിയോ എന്നാണ് ഇ.ഡി പ്രധാനമായും പരിശോധിക്കുന്നത്. മൊയ്തീനും കേസിൽ ഒന്നാംപ്രതിയായ സതീഷ് കുമാറും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും ഇ.ഡിയുടെ പരിശോധനകൾ തുടരുകയാണ്.